തുരങ്കം തുറക്കുന്നതിനല്പം മുമ്പ് ********************************************* മുന്നിലാരോ വന്ന് കൈ കാണിച്ചെന്ന വിറയലിൽ... വണ്ടി ശങ്കിച്ചു നിന്നത് ? കൂട്ടത്തോടെ സ്വപ്നക്കൂടുകൾ പൊട്ടിത്തകർന്നു നനുത്ത ചിറകു തുണ്ടങ്ങൾ ഇരുട്ടിൽ ചിതറിയതാരും കണ്ടില്ല.... യാത്ര നിലച്ച ജീവിതം കണ്ട് ഭയങ്ങൾ പ്രേതഭൂതങ്ങളായി പുറത്തേക്കു ചാടി... ഒരേയൊരു യാത്രികൻ പലരും ഒപ്പം മെയ്യുരുമ്മിയിരിപ്പുണ്ടെന്ന പാഴ്ധാരണയ്ക്കു മേൽ ഉറച്ചിരിപ്പാണ്. അകം പുറം അണഞ്ഞു പോയ ഒന്നുമില്ലായ്മയിലേക്ക് ഉറ്റു നോക്കി ഉള്ളിൽ നിന്നും ഉരുക്കിക്കത്തിച്ച ഒരു തീ വെട്ടത്തെ തൊടുത്തു വിട്ടതും... എന്തോ മിണ്ടിപ്പറഞ്ഞു ആരോ ചെവിക്കൊണ്ടു എന്ന പോലെ ഗുഹാമുഖത്ത് തുണ്ടു തരിയുണ്ടെന്നും കിളിയുമ്മകൾ കിന്നരിക്കുന്നെന്നും ഇലച്ചാർത്ത് നിഗളിക്കുന്നുണ്ടെന്നും കൊത്താം കല്ലാടിയിരമ്പി അരുവിത്തുടിപ്പോടുന്നെന്നും നീലാകാശത്തിലേക്ക് പാഞ്ഞു കേറാൻ ഇനിയും ദൂരമുണ്ടെന്നും വണ്ടിയൊരു ചാട്ടം ഇനി പടയോട്ടം.
Posts
Showing posts from March, 2017
- Get link
- X
- Other Apps
പഴുക്കാതെ വീഴുന്ന മർമ്മരങ്ങൾ ************************************************ മഴുമുനയടുത്തു വരും നേരം എന്തോക്കേയോ മിണ്ടിപ്പറയാൻ തുടങ്ങും പച്ചമർമ്മരങ്ങളായി അന്ത്യോച്ഛ്വാസം മെയ്ക്കൊള്ളുന്ന വീഴ്ച്ച അതറിഞ്ഞും കൊണ്ടൊരു ഭ്രാന്തൻ കിനാവപ്പോൾ ചുറ്റിപ്പറ്റി കിറുക്കു പറയും... പാഞ്ഞടുക്കുന്ന ആദ്യത്തെ കൊത്തിലേക്ക് എതിരെറിഞ്ഞേക്കാവുന്ന പ്രതിദാഹം... അടിത്തടങ്ങളിൽ വേരിഴകൾ ഒന്നുമറിയാത്ത നാട്യം... അവർ മണ്ണിരുട്ടിൽ പരതിക്കൊണ്ടേ തളരുന്നു... നോവേറ്റമൂറ്റിയെടുക്കാനെന്നപോലെ... തായ്മെയ്യിൽ വരഞ്ഞിട്ട തഴക്കപ്പഴക്കങ്ങളിലേക്ക് വിറയലലറി വിളിച്ച് കാതൽ കനച്ചുള്ള കറുപ്പുശില പോലെ ... ഒന്നല്ല , വശങ്ങൾ വളഞ്ഞ് എമ്പാടും കൂർത്ത് പീഡനമുറകൾ മുറ തെറ്റിക്കാതെ അരിശം കൊണ്ട് ചാഞ്ഞും ചെരിഞ്ഞും... അതിനെയൊക്കെ കൊത്തിയും അറുത്തും അമ്മാനമാടാൻ ഇമയനക്കാതെ ദിക്കുകൾ തോറും മുന വച്ചു വരുന്നുണ്ട് നാവുകൾ നിറഞ്ഞു കവിയാനും വേണ്ടി കണ്ണുകളും കാതുകളും....!