Posts

Showing posts from January, 2017
ചുവപ്പും കറുപ്പും ഇണചേരുമ്പോൾ കറുപ്പൊരു നിറമേയല്ലെന്ന് എല്ലാമെല്ലാം വശീകരിച്ച് വിഴുങ്ങുന്ന ഭീമനാണെന്ന് … അല്ല , ഒരു സുഷിരമാണെന്നും കേൾവി … ചില നേരങ്ങളിൽ ചുവപ്പും കറുപ്പും ഇണ ചേരുമ്പോൾ മഞ്ചാടിയഴകാകും ! ചന്തത്തിലൊരുങ്ങിയാണ് അന്തിച്ചുവപ്പിരുളുന്നതും പുലരിത്തുടുപ്പുണരുന്നതും ! ഹൃദയം മുറിഞ്ഞിറ്റിറ്റ് മ്ലാനക്കറുപ്പിലൊരു മുഖം - ചോര തുടുപ്പിക്കും മിഴികളിൽ കരിംകയത്തിന്നാഴങ്ങൾ വൈപരീത്യം … കറുത്ത വരകളെ കീഴ്പ്പെടുത്തി അക്ഷരാക്കക്കറുപ്പുകൾ ആധിപത്യം നാട്ടും നേരം തിരുത്തൽച്ചുവപ്പിന്നടിവരകൾ വളഞ്ഞ് വരുന്ന പുച്ഛക്കറുപ്പുകളുടെ ബന്ധനത്തിലേക്ക് … വാൾമുനയിൽ കറുപ്പിട്ട് , മൃഗീയത കൊലച്ചുവപ്പിൽ ഇണപൊലിക്കും സമന്വയത്തിനെന്ത് പര്യായം … ? തുടുത്തുണർന്ന് കറുപ്പിലേക്ക് അസ്തമിക്കുന്ന വട്ടച്ചന്തങ്ങൾക്ക് പ്രാണച്ചുവപ്പുകൾക്ക് രാശി ഗണിക്കാനാകാതെ കാലം ഇണപിരിച്ചു കൊടുക്കുന്നു ഒരു കൃഷ്ണമണിയെ - ചുവക്കുന്ന മിഴിത്തുള്ളലിനായി …
അകാലം ********** കവലയിൽ കാട്ടെഴുത്ത് കണ്ട് കഴുകൻ നോട്ടം എടുത്തി ചാടി കൂട്ടം തെറ്റി തെറി കോരി ഹൃദയച്ചോപ്പ് മണത്ത് മുനച്ചു കീറിയ നോവിന്റെ വരികളായി ചുവന്ന ചാലുകൾ ഞരമ്പുകളിൽ നിന്നും നിരത്തിലേക്ക് നിർത്താച്ചാട്ടമായോ... നെറ്റിപ്പരപ്പിലെ വരക്കുറിയിലേക്കും ചേറ്റിനെപ്പുണർന്ന നെഞ്ചിൻ വിരിവിലേക്കും മൊട്ടയടിച്ചത് കൺമറച്ച നിസ്ക്കാരത്തഴമ്പിലേക്കും കഴുത്തിൽ ഞാന്ന കുരിശിൻ നാവറ്റത്തും ഓരോ തുള്ളിത്തിളക്കം തെറിച്ചു പതിച്ച രക്തത്തിലകങ്ങളായി സദാചാരമുറപ്പിക്കുമ്പോൾ.... അച്ഛന്റെ കവിൾ കിട്ടാതെ ഒരു കുഞ്ഞുമ്മ ശൂന്യതയിലേക്ക് കൂട്ടം പിരിഞ്ഞു.... ചുക്കിച്ചുളിഞ്ഞ് പൊടിഞ്ഞു മരിച്ചു ഒരാവലാതി മുത്തശ്ശിത്തൊണ്ണും കോട്ടി. കുപ്പിവളകൾ തെരുതെരാ പൊട്ടി കൂട്ടക്കരച്ചിൽ... അമ്മപ്രാക്കുകൾ പേറ്റു നോവോർത്തോർത്ത് എണ്ണിയെണ്ണിയാളി... അന്തരീക്ഷത്തിന്റെ നിശ്വാസങ്ങളിലേക്ക് പ്രാണത്തുടിപ്പുകളുടെ വലിയ വ്യാകരണത്തെറ്റുകൾ കുതിച്ച് കേറി പിളർന്ന് പിരിഞ്ഞ് ഒന്നൊന്നായി മേൽക്കുമേൽ കുമിയുന്നു....