അകാലം
**********
കവലയിൽ
കാട്ടെഴുത്ത് കണ്ട്
കഴുകൻ നോട്ടം
എടുത്തി ചാടി
കൂട്ടം തെറ്റി
തെറി കോരി
ഹൃദയച്ചോപ്പ് മണത്ത്
മുനച്ചു കീറിയ
നോവിന്റെ വരികളായി
ചുവന്ന ചാലുകൾ
ഞരമ്പുകളിൽ നിന്നും
നിരത്തിലേക്ക്
നിർത്താച്ചാട്ടമായോ...
നെറ്റിപ്പരപ്പിലെ
വരക്കുറിയിലേക്കും
ചേറ്റിനെപ്പുണർന്ന
നെഞ്ചിൻ വിരിവിലേക്കും
മൊട്ടയടിച്ചത് കൺമറച്ച
നിസ്ക്കാരത്തഴമ്പിലേക്കും
കഴുത്തിൽ ഞാന്ന
കുരിശിൻ നാവറ്റത്തും
ഓരോ തുള്ളിത്തിളക്കം
തെറിച്ചു പതിച്ച
രക്തത്തിലകങ്ങളായി
സദാചാരമുറപ്പിക്കുമ്പോൾ....
അച്ഛന്റെ കവിൾ കിട്ടാതെ
ഒരു കുഞ്ഞുമ്മ
ശൂന്യതയിലേക്ക്
കൂട്ടം പിരിഞ്ഞു....
ചുക്കിച്ചുളിഞ്ഞ്
പൊടിഞ്ഞു മരിച്ചു
ഒരാവലാതി
മുത്തശ്ശിത്തൊണ്ണും കോട്ടി.
കുപ്പിവളകൾ
തെരുതെരാ പൊട്ടി
കൂട്ടക്കരച്ചിൽ...
അമ്മപ്രാക്കുകൾ
പേറ്റു നോവോർത്തോർത്ത്
എണ്ണിയെണ്ണിയാളി...
അന്തരീക്ഷത്തിന്റെ
നിശ്വാസങ്ങളിലേക്ക്
പ്രാണത്തുടിപ്പുകളുടെ
വലിയ വ്യാകരണത്തെറ്റുകൾ
കുതിച്ച് കേറി
പിളർന്ന് പിരിഞ്ഞ്
ഒന്നൊന്നായി
മേൽക്കുമേൽ കുമിയുന്നു....
Comments
Post a Comment