Posts

ചുവപ്പും കറുപ്പും ഇണചേരുമ്പോൾ കറുപ്പൊരു നിറമേയല്ലെന്ന് എല്ലാമെല്ലാം വശീകരിച്ച് വിഴുങ്ങുന്ന ഭീമനാണെന്ന് … അല്ല , ഒരു സുഷിരമാണെന്നും കേൾവി … ചില നേരങ്ങളിൽ ചുവപ്പും കറുപ്പും ഇണ ചേരുമ്പോൾ മഞ്ചാടിയഴകാകും ! ചന്തത്തിലൊരുങ്ങിയാണ് അന്തിച്ചുവപ്പിരുളുന്നതും പുലരിത്തുടുപ്പുണരുന്നതും ! ഹൃദയം മുറിഞ്ഞിറ്റിറ്റ് മ്ലാനക്കറുപ്പിലൊരു മുഖം - ചോര തുടുപ്പിക്കും മിഴികളിൽ കരിംകയത്തിന്നാഴങ്ങൾ വൈപരീത്യം … കറുത്ത വരകളെ കീഴ്പ്പെടുത്തി അക്ഷരാക്കക്കറുപ്പുകൾ ആധിപത്യം നാട്ടും നേരം തിരുത്തൽച്ചുവപ്പിന്നടിവരകൾ വളഞ്ഞ് വരുന്ന പുച്ഛക്കറുപ്പുകളുടെ ബന്ധനത്തിലേക്ക് … വാൾമുനയിൽ കറുപ്പിട്ട് , മൃഗീയത കൊലച്ചുവപ്പിൽ ഇണപൊലിക്കും സമന്വയത്തിനെന്ത് പര്യായം … ? തുടുത്തുണർന്ന് കറുപ്പിലേക്ക് അസ്തമിക്കുന്ന വട്ടച്ചന്തങ്ങൾക്ക് പ്രാണച്ചുവപ്പുകൾക്ക് രാശി ഗണിക്കാനാകാതെ കാലം ഇണപിരിച്ചു കൊടുക്കുന്നു ഒരു കൃഷ്ണമണിയെ - ചുവക്കുന്ന മിഴിത്തുള്ളലിനായി …
അകാലം ********** കവലയിൽ കാട്ടെഴുത്ത് കണ്ട് കഴുകൻ നോട്ടം എടുത്തി ചാടി കൂട്ടം തെറ്റി തെറി കോരി ഹൃദയച്ചോപ്പ് മണത്ത് മുനച്ചു കീറിയ നോവിന്റെ വരികളായി ചുവന്ന ചാലുകൾ ഞരമ്പുകളിൽ നിന്നും നിരത്തിലേക്ക് നിർത്താച്ചാട്ടമായോ... നെറ്റിപ്പരപ്പിലെ വരക്കുറിയിലേക്കും ചേറ്റിനെപ്പുണർന്ന നെഞ്ചിൻ വിരിവിലേക്കും മൊട്ടയടിച്ചത് കൺമറച്ച നിസ്ക്കാരത്തഴമ്പിലേക്കും കഴുത്തിൽ ഞാന്ന കുരിശിൻ നാവറ്റത്തും ഓരോ തുള്ളിത്തിളക്കം തെറിച്ചു പതിച്ച രക്തത്തിലകങ്ങളായി സദാചാരമുറപ്പിക്കുമ്പോൾ.... അച്ഛന്റെ കവിൾ കിട്ടാതെ ഒരു കുഞ്ഞുമ്മ ശൂന്യതയിലേക്ക് കൂട്ടം പിരിഞ്ഞു.... ചുക്കിച്ചുളിഞ്ഞ് പൊടിഞ്ഞു മരിച്ചു ഒരാവലാതി മുത്തശ്ശിത്തൊണ്ണും കോട്ടി. കുപ്പിവളകൾ തെരുതെരാ പൊട്ടി കൂട്ടക്കരച്ചിൽ... അമ്മപ്രാക്കുകൾ പേറ്റു നോവോർത്തോർത്ത് എണ്ണിയെണ്ണിയാളി... അന്തരീക്ഷത്തിന്റെ നിശ്വാസങ്ങളിലേക്ക് പ്രാണത്തുടിപ്പുകളുടെ വലിയ വ്യാകരണത്തെറ്റുകൾ കുതിച്ച് കേറി പിളർന്ന് പിരിഞ്ഞ് ഒന്നൊന്നായി മേൽക്കുമേൽ കുമിയുന്നു....
വിജാഗിരി ************ ഉരുണ്ട ഉൾക്കനങ്ങളിലേക്ക് സന്നിവേശിപ്പിക്കാനാണ് ബാഹുക്കളിൽ കൊളുത്തിടുന്നതൊക്കെ ഭാരമേറിയുമിറങ്ങിയുമുള്ള കവാടപ്പരപ്പുകളെത്താങ്ങി അനക്കമില്ലാത്തോളിൽ കറക്കമാണെല്ലാം … ഇടിയാനിടയില്ലെന്ന സ്വപ്നച്ചുമരുകളിലേക്ക് തറഞ്ഞു പോകുമ്പോൾ എന്തെല്ലാം കണ്ടും കേട്ടുമറിയുന്നു … . പമ്മിയെത്തുന്ന എത്തിനോട്ടങ്ങളിലൂടെ തുറന്നടയുന്ന വരവ് പോക്കുകളുടെ രഹസ്യ സങ്കേതങ്ങൾ ഉറക്കെ കൊട്ടിയടക്കപ്പെടുന്ന ചില ധിക്കാരങ്ങൾ പരിതപിച്ചോ പരിഹസിച്ചോ എന്നൊന്നും ഒന്നു മിഴിയളക്കാൻ പോലും കനപ്പെട്ടു പോകുന്ന മനസ്സുകളുണ്ട് ….. വിജാഗിരികളായി കൂട്ടിക്കൊടുപ്പിൽ ഏച്ചു കോർക്കലിൽ ആരോരും അറിയാതെയങ്ങനെ … .
എന്നിട്ടും പോകു ന്നില്ല ….. ചിലതൊക്കെ... *******************************   മുഖം, ക ണ്ണ് , മൂക്ക് , കവിൾ, താടിയടക്കം,ചെവിയും കശക്കിത്തൂത്ത് വെള്ളം ചീറ്റിച്ച് അലക്കലാണെന്നും … മുടിയിഴകൾ ചിക്കി താളിക്കൊഴുപ്പും ഞെരടി കുലുക്കിയടുക്കി കുളിക്കുന്നുണ്ട് … . . എല്ലാ അടുവുകളും പയറ്റിത്തിരുമ്മുന്നുണ്ട് കൂർത്ത് വരുന്ന ദന്തനിരകളിൽ … . ശുചിത്വത്തിന്റെ എല്ലാ ഈർക്കിൽക്കോലുകളും വരിഞ്ഞു കെട്ടി തുരു തുരാ തൂത്തിട്ടും എന്തേ ചിലതൊക്കെ മായാതെ … .. മങ്ങാതെ … മറയാതെ … ?? ??   അശരീരിയൊന്നു തട്ടിയും മുട്ടിയും ചൂണ്ടുകയാണ് … നീയൊന്നുമറിയുന്നില്ലല്ലോ അസ്ഥാനത്തുള്ള അഴുക്കിന്റെ ഒളിച്ചു കളി …
ജൂലൈ 2 ************* ഓർമ്മകളെ താലോലിക്കുന്നു തൊട്ടിലിലാട്ടി … മൂന്നു ദശാബ്ദത്തിനുമപ്പുറം ഒരാണ്ട് പിറലിലൊരു ജൂലൈ 2 2 തലേന്നുച്ചക്ക് തുടങ്ങി വച്ച വെപ്രാള നോവുകൾ … . പിന്നീടങ്ങോട്ട് ഒരു രാവും ഒരു പകലും ആനന്ദലഹരിയോടെ വേദനകളെ വിഴുങ്ങിയ ആ ക്ഷണികതകളുടെ അപാരത ഇന്നും മനസ്സിനെ മഥിക്കുന്നുണ്ട് … . ആദ്യത്തെ കണ്മണിയെ പ്രകാശം കാണിച്ച ജൂലൈ 2 2 ! ഇഴഞ്ഞും മുട്ടു കുത്തിയും ഇളം കാലടികളിൽ നിന്ന് ഇടറിയും പിന്നെ നിവർന്നും മെല്ലെ മെല്ലെ അകന്നകന്ന് വളർന്ന പാദങ്ങളുടെ തെറ്റാത്ത മാർച്ചിൽ അകൽച്ചയിൽ വിടവുകൾ തീർത്ത് കാലടികളെയിന്ന് ചുരുട്ടിയൊളിപ്പിച്ച് ചിറകു വിരുത്തി പറക്കാറായി … .. ഈ വളർച്ച എങ്ങോട്ട് … . അകന്നു പറക്കുന്നവനറിയുന്നുവോ വേരുകൾ താഴോട്ടിറങ്ങി ഇരുളിൽ ആണ്ടു പോകുന്നത് … .. ജൂലൈ 2 2ന് ഓർമ്മകളിൽ അമ്മയുടെ താലോലം 
സ്ഫോടനം ********* പ്രണയ സ്വപ്നങ്ങൾ ചിലപ്പോൾ ആകാശം മുട്ടെ പറക്കാറുണ്ട് മോഹക്കണികകൾ സ്ഫുടം ചെയ്ത വെൺ മേഘങ്ങളായി അവ അതിസാന്ദ്രതയെത്തി ഉള്ളനക്കങ്ങളിൽ പലതും ഒളിപ്പിക്കാറുണ്ട് അസാധാരണമാകും ആകർഷണ ഗുരുത്വം എല്ലാമെല്ലാം കറങ്ങിയടുക്കും അപ്പോഴേക്കും നുഴഞ്ഞു കുമിഞ്ഞ് വികാരച്ചൊരിച്ചിലുകളിൽ പ്രവാഹങ്ങളാകും ഇണയുള്ളങ്ങളെ മഥിപ്പിക്കാനും പാകത്തിന് ഇളക്കം കൊടുമ്പിരിക്കൊള്ളും ഇനി ഒരു സ്പർശം ഒരു മുട്ടൽ ഉരുമ്മൽ പ്രണയസ്ഫോടനം ! കനത്തു പെയ്യുന്ന പ്രളയത്തിലൊഴുകിത്തെറിക്കുക എന്തൊക്കെയാകും … .
അളവു കോൽ തെറ്റുന്നിടത്ത്… .. *************************************************************** ആ കണ്ണുകളിൽ നീരാഴങ്ങൾ കണ്ട് അളക്കാൻ തുനിഞ്ഞതാണ് ഏഴു പരാവാരങ്ങൾക്കപ്പുറത്തെ വ്യാപ്തി കണ്ട് ആഴങ്ങളുടെ മൂർച്ചകൾ ചൂണ്ടയിലിടാനാകില്ലെന്നറിഞ്ഞ്… ആ ചുണ്ടുകളിലെ ചിരി നുണയാൻ ആഞ്ഞടുത്തതാണ് വക്രിച്ച് വലുതായ് വന്ന് പുഞ്ചിരിയൊരു കടൽച്ചിരിയാവുന്നതും കൊണ്ടറിഞ്ഞ് നിന്നിലേക്കുള്ള   എന്റെ നോട്ടങ്ങൾക്ക് കനമേറുകയാണ്