സാന്ദ്രം ************ അകലുന്ന വട്ടപ്പൊട്ടായ ഒരു പട്ടം പ്രപഞ്ചകേന്ദ്രത്തിലേക്കു വലിയുമ്പോലെ ആ നോട്ടം ഹൃദയാകാശവിരിവിലൂടെ തുളച്ച് മർമ്മത്തിലൊന്നു തൊട്ട് വെറും മർമ്മരമല്ലിത് വല്ലാത്ത കമ്പനമാണ്...
Posts
- Get link
- X
- Other Apps
തേങ്ങ വീഴുമ്പോഴും ഒരു രാഷ്ട്രീയം ********************************* വേണ്ട വേണ്ടെന്നൊരു താഴ്മയിൽ ഉള്ളടിഞ്ഞ സ്നേഹമുണ്ടായിരുന്നു നിനക്കായ് കൊഴുത്തതെന്ന ഓർമ്മപ്പെടുത്തലും ചതച്ചാലും പിഴിഞ്ഞാലും നിനക്കായ് മാത്രമെന്ന്‍ പറയും പോലെയെന്തോ ഒന്ന്... പ്രായമളന്ന് മൂപ്പ് ഞെക്കി വീർപ്പിച്ച് അള്ളിപ്പിടിച്ചധിനിവേശിച്ച് പറിച്ചെറിയപ്പെട്ട ഊക്കിൽ കനമുള്ളതായിരുന്നു ഇല്ലയധികമെന്ന ഓർമ്മപ്പെടുത്തൽ സാക്ഷി നാളെക്ക് കെട്ടു പോകാൻ വിധിച്ച്... രാത്രിഞ്ചരന്മാർ ഉന്മാദം മൊത്തിയ തുളയിലൂടെ അകമില്ലാപ്പുറം കാട്ടി 'പേട് പേടെ'ന്ന് കപ്പക്കളത്തിലടിഞ്ഞതും... ഋതുക്കൾ മാറി മാറി പരീക്ഷിച്ചുജയിപ്പിച്ച കൂരു പ്രായത്തിലും കുടം തുളുമ്പുമാറ് മുഴുപ്പെത്തി പലവഴിപലവക കൺവെച്ച് ഉടമസ്ഥനു മാത്രമായി നീക്കുപോക്കു വരുത്തി അറുതിയും വറുതിയും കൽപ്പിച്ചൊരു സുഗമപ്രയാണം അതുമൊരു താഴ്ച്ചയിലേക്കുള്ള വൻവീഴ്ച്ച...!
- Get link
- X
- Other Apps
എഴുത്തുറവ ****************** കുറ്റിയടിച്ചു നില്പാണ് നിരീക്ഷണക്കോണുകളിൽ നോട്ടങ്ങൾ ചുറ്റി വരിയുന്ന ചുരുണ്ടു കോടിയിരുന്ന ചുരുളുകൾ നിവർന്നത് അതു കൊണ്ടു തന്നെ വാക്കുകൾ പലതും കത്രിച്ചെടുത്തു കേമത്തങ്ങൾക്കൊരു കോളർക്കനമായിക്കോട്ടെ അരാഷ്ട്രീയമായി ഖാദിത്തരങ്ങൾ വടി പോൽ നിവർത്താനുമുതകും ചിലപ്പോൾ ചിന്തകൾക്കെന്നറിഞ്ഞു പോക്രിക്കുപ്പായങ്ങൾക്ക് കൊച്ചു വിക്രിയകൾ കുഞ്ഞക്ഷരസൂചികളിൽ വലിഞ്ഞു കേറി ഭീമൻ വാങ്ത്തോരണങ്ങൾ വേണ്ടെന്നു ശഠിച്ചിട്ടും അനുസരണക്കേടിന്റെ മുഴച്ചു നിൽപ്പുകളായി പിച്ചക്കോമരങ്ങളുടെ നീണ്ടു വന്ന മെലിഞ്ഞ അല്പായുസ്സുകൾ കറ്റലാസ്സിലേക്കിറങ്ങി കുത്തിയിരുന്നത് അറിയായ്കയല്ല. കീറലുകളേച്ച കണ്ണീർത്തയ്യലുകൾ മതിയെന്ന യാചന ഉയിരിനെയും വിറപ്പിച്ചു കളഞ്ഞു വെട്ടിയും നുറുക്കിയും ഏച്ചും തയ്ച്ചും ചേലകൾക്ക് വൈവിധ്യത്തിന്റെ നാട്യങ്ങളാടാം കോപം താപം ധാർഷ്ട്യം അലസം വിരസം കറയിട്ട് നിരീക്ഷങ്ങളേ എത്രയുരിഞ്ഞാലുമുണ്ടാകും നീരാർന്ന് ഉണ്മയുടെയൊരുറവ.
- Get link
- X
- Other Apps
എവിടെ...? ************ നീ എന്റെ മുറ്റത്ത് കുടഞ്ഞിട്ടു പോയ പാദസ്വനങ്ങൾ എന്റെ ജനാലക്കഴികളിലേക്ക് തൂകിയിട്ട വളക്കിലുക്കങ്ങൾ എന്റെ പൂമുഖത്തേക്ക് വീശിയെറിഞ്ഞ മുല്ലഗന്ധങ്ങൾ എന്റരികിലേക്ക് വരാം വരാം എന്ന് മോഹിപ്പിച്ചിരുന്ന പട്ടുപാവടയുടെ പടപടപ്പുകൾ എല്ലാമെല്ലാം ഞാൻ എന്നും പെറുക്കുമായിരുന്നു... ഹൃദയച്ചെപ്പിലവ ഒളിപ്പിച്ചിരുന്നു... കാണുന്നില്ലൊന്നും എവിടെയെവിടെ എന്നൊരലച്ചിലിൽ ഇന്നു ഞാൻ...
- Get link
- X
- Other Apps
അബദ്ധപഥങ്ങൾ ****************** എന്റെ സൂര്യൻ വെറുതെ കുറ്റപ്പെടുത്തുന്നു… അടുത്തും ചിലപ്പോളകന്നുമുള്ള ഭ്രമണപഥങ്ങളിൽ അപഥയാത്രികരെ ഏറെ ഗൗനിക്കുന്നതിനാലത്രേ വെയിൽച്ചൂടിലെന്നെ പൊള്ളിക്കുന്നതും തണുപ്പിച്ചിരുട്ടാക്കിയ മഴക്കോളിലെന്നെ ഉലച്ചുനനയ്ക്കുന്നതും ആർത്തിരമ്പുന്ന സങ്കടക്കടലിൽ വെള്ളപ്പാച്ചിലാക്കി ഒഴുക്കുന്നതും ശീതക്കാറ്റിലുലച്ചെന്നെ വിറപ്പിക്കുന്നതും… ഇതറിയുന്നു ഞാൻ - എന്റെ അച്ചുതണ്ടൂരുന്നു എന്റെ സൂര്യനു ചുറ്റും മാത്രം ഇനിയുള്ള ഭ്രമണം വൃത്തപഥത്തിൽ കണ്ണുകളിലവനെ മാത്രം സാന്ദ്രീകരിച്ച്… വഴികളിൽ നുഴഞ്ഞുകയറ്റക്കാരകലുന്നു ഇരുട്ടും ശൈത്യവും മറയുന്നു മഴപ്പെയ്ത്തുകളില്ലാതെ വെയിൽപ്പൊള്ളലേൽക്കാതെ എല്ലാമൊഴിഞ്ഞ്… പരസ്പരമുരിയാടതെ തൊട്ടുതീണ്ടാതെ നഷ്ടപരിണാമങ്ങളിലുരുകി നിശ്ചലതയുടെ മടുപ്പോടെ ഇന്നും ഞാൻ സൂര്യനെ വലംവച്ചുകൊണ്ട്.
- Get link
- X
- Other Apps
കിനാവ് കാണുന്നു! **** **** **** *** **** **** തിരക്കൂമ്പാരങ്ങളിൽ വായ് പതപ്പിക്കുന്ന വെളുത്തനുരകളിലേക്ക് മോഹക്കണ്ണുമെറിഞ്ഞ് ഉയരുംവീഥികളിലെ പുകച്ചൊരുക്കുകളെ തടഞ്ഞെടുക്കാനാണ് പ്രതിരോധത്തിന്റെ കുതിപ്പെന്ന് മുകിൽപ്പഞ്ഞികളിൽ കറുത്ത നനവിടങ്ങൾ തെരഞ്ഞപ്പോൾ മോഹമുറ്റമിന്നും കുളിർച്ചൊരിച്ചിലും കാത്ത് മലർന്നേ കിടപ്പൂ...