പെൺവീടായി വിശക്കുമ്പോൾ
********************************
അതൊരു പെണ്‍വീടാണെന്ന്‍
കാറ്റായ കാറ്റുകളൊക്കെ
ഏഷണിയെറിഞ്ഞ്
പുച്ഛം തൂവി
സകലദിക്കുകളിലും
പാറിപ്പറന്നു നടന്നു.

അകം നിറഞ്ഞ
തിരണ്ടുചെമന്ന
മാറിടങ്ങളിലെ
ഇടുക്കുകളിൽനിന്ന്
എന്തോ,യെന്തിനോ വേണ്ടി
കിതയ്ക്കുകയാണെന്ന്
എത്തിനോട്ടങ്ങൾ
ഏറ്റുപാടി

കിംവദന്തിക്കോളുകൾ
അലയടിച്ചാർത്ത്
പെൺവീടിളകി
മെല്ലെമെല്ലെ
സമുച്ചയത്തിൽ നിന്നടർന്ന്
ഒറ്റവീടായി

ഒറ്റവീട്ടിൽ
പെൺവിശപ്പുകളും
ദാഹങ്ങളും
പുറ്റെടുത്തു
കുമിയാൻ തുടങ്ങി
വാക്കേറ്റങ്ങളിൽ പോരാടി
വഴക്കേറ്റങ്ങളിൽ മുങ്ങിത്താണ്
ഒറ്റത്തുരുത്ത്
നിഷ്ക്രമിക്കാനൊരുങ്ങി

കാത്തു മടുത്തപോലെ
കയ്യേറ്റക്കാർ
തുഴഞ്ഞ്
ഇഴഞ്ഞ്
തുരുത്തും വീടുമിപ്പോൾ
വിജനമല്ല തന്നെ

രാവിറങ്ങുമ്പോൾ
ഇരുൾമുറുകുമ്പോൾ
കുറുക്കൻകുറുകിപ്പേച്ചുകൾ
പെൺവീട്ടിലേക്ക്
ഒറത്തുരുത്തിലേക്കൊരു
പ്രവാഹം
എരിതീപ്പടർപ്പു പോലെ

അവിടെ
വിശപ്പുകൾ
തെന്നിത്തെന്നി
ആർത്തിയിൽ
അണയ്ക്കുമ്പോൾ
കൊതിപ്പെടാതിരിക്കാനെന്നോണം
നക്ഷത്രക്കണ്ണുകൾ
ചിമ്മിക്കൊണ്ടേയിരുന്നു...



Comments

Popular posts from this blog