കലഹിക്കുന്ന ഒച്ചകള്‍
- ഗീത മുന്നൂര്‍ക്കോട് -
പുരാവൃത്തത്തിലേയ്ക്ക്
പടവുകളിറങ്ങുന്നു
പാഞ്ഞടുക്കുന്ന ഒച്ചകള്‍….
ശൂന്യതയില്‍ നിന്നെന്ന പോലെ
പ്രതികമ്പിക്കുന്ന
പാദസ്വനങ്ങള്‍…
അരങ്ങു തകര്‍ത്ത്
ആയിരം വട്ടം കളിച്ച്
ആദ്യന്തമാടി
ഉടലുടഞ്ഞാടി
കയ്യടികളില്‍ കിരീടമിട്ട്
ആരവങ്ങള്‍ !
കയറും പൊട്ടിച്ച്
വേലിചാടി വരുന്നൂ
കോമരച്ചുവടുകള്‍…
മത്സരങ്ങളില്‍ മറിഞ്ഞ്
കനം വെച്ച താരവിതാനങ്ങളില്‍
ചില ഒച്ചകള്‍
ഇരുട്ടില്‍ മിന്നിച്ചിരിക്കാന്
അനക്കമറ്റു നില്‍ക്കുന്നു!
ചരിത്രത്തിലൂടെ
സഞ്ചരിച്ചെത്തിയവര്‍
ധ്വനിച്ചും പ്രതിധ്വനിച്ചും
കുഴിച്ചും തോണ്ടിയും
പുത്തനിടങ്ങളില്‍
ചേക്കേറിയും……
വേതാള വേഷമിട്ട്
തോളില്‍ ത്തൂങ്ങി
കാതില്‍ കടിക്കുന്നു
തട്ടീട്ടും മൂട്ടീട്ടും പോകാതെ
ഒച്ചകള്‍…
ഓരോ ഒച്ചയും
മനസ്സിടിപ്പില് ഒളിച്ചിരുന്ന് തുള്ളിക്കും..
ദേഹവും ദേഹിയും ഒന്നിച്ച് പൊള്ളും…
എന്നെയും നിന്നെയും
ആകാശത്തിലൂടെ
ഊഞ്ഞാലാട്ടും
വള്ളി വാലുകള്‍ മുളച്ച ഒച്ചകള്‍ !
ഓര്‍ക്കാപ്പുറത്തായിരിക്കും
സ്വയമറ്റ്
നമ്മെ താഴോട്ടെറിയുക !
ചില നേരങ്ങളില്‍
പുഞ്ചിരിയുടെ സംഗീതസാന്ദ്രതയില്‍
ഇഴച്ചിഴച്ച്
നമ്മെ കെട്ടി മുറുക്കും...
നമ്മള്‍ നീലിച്ചുറങ്ങും വരെ !
അതെ
ഈ ശബ്ദഘോഷയാത്ര
നമ്മുക്കകമ്പടിയാണ്;
ഈ ഒച്ചകള്‍
നമ്മെ കല്ലറകളിലേയ്ക്കെടുക്കുമ്പോഴും
കലഹിച്ചു കൊണ്ടേയിരിക്കും….
കാലം
സ്വനാഗീരണ യന്ത്രമാവും വരെ
ഒന്നടങ്കം
നിശ്ചലമൗനത്തില്‍ മുങ്ങും വരെ -
നല്ല അര്‍ത്ഥമുള്ള കവിത. 16 താമര ഇതളുകള്‍ ഉള്ള "വിശുദ്ധ" ചക്രയുടെ മൂലകം, 'ആകാശം' അല്ലെങ്കില്‍ 'ശബ്ദം' ആണെന്ന് കേട്ടിട്ടുണ്ട്. ഈ അനാവശ്യ മത്സരം കൊണ്ട് അതിനെ അശുദ്ധമാക്കണോ എന്ന് എനിക്ക് എന്റെ ചെറിയ മനസ്സില്‍ പലപ്പോഴും തോന്നാറുണ്ട്.
ReplyDeleteവാസ്തവം. നമ്മള്‍ എഴുത്തുകാര്‍ പോലും വാശിയിലല്ലേ നമ്മുടെ ശബ്ദം ഇതരരെ കേള്‍പ്പിക്കാന്‍
ReplyDelete