Posts

Showing posts from June, 2013
  ആക്രിക്കട . -       ഗീത മുന്നൂർക്കോട് – ഈയ്യിടെയായി ആക്രിക്കാരൻ ഇതു വഴി വരുന്നേയില്ലല്ലോ … തുള വീണ ഹൃദയച്ചെമ്പു താങ്ങി വക്കു പൊട്ടിയ മനച്ചട്ടിയെ മാറോടു ചേർത്ത് തുരുമ്പിച്ചു കോടിയ തലയടപ്പും വച്ച് ചവറ്റു കൊട്ടയിൽ നിന്ന് ഞൊണ്ടിക്കയറി മഴയോട്ടങ്ങളുടെ പെരുവഴി നീന്തിയങ്ങ് ആക്രിക്കടയിലെത്തുമ്പോൾ എനിക്കവനൊരു തുട്ടു വിലയിടുമോ … എന്തോ …
തോൽവി --- ഗീത മുന്നൂർക്കോട് --- അര ഞാണിടത്തിന്റെ ഉദരത്തിൽ അകപ്പെട്ടു പോയതേ തുടക്കം സർക്കാർ വൈദ്യങ്ങളുടെ നേരറ്റ വരാന്തയിൽ കൺ മിഴിഞ്ഞതിൽ ആദ്യ പ്രതിഷേധം കേട്ടവരാരും അതു നടിച്ചില്ല വെറുതെയെങ്ങാൻ ദൂരത്തിലേയ്ക്കുടഞ്ഞുടഞ്ഞ് വിളിച്ചത് നീരു ചുരത്തുന്ന മുലക്കണ്ണുകളെയായിരുന്നു സ്നേഹമുഴിഞ്ഞ് വെറുതെ ജീവനൂറ്റാനിട്ടു തന്ന് വീണ്ടും വീണ്ടും തോൽ ‌ പ്പിച്ചു കൊണ്ടൊരു മാതൃത്വം … .. നാഥനില്ലാ വഴികളുടെ പായുന്ന അഭ്യാസങ്ങളിൽ പഠിച്ചതെല്ലാം എന്നും തോൽ ‌ പ്പിച്ചു കൊണ്ടേയിരുന്നു … തലവരകളെല്ലാം ചുരുണ്ടപ്പോൾ തിരുത്തപ്പെടാതെ തിരുത്തേണ്ടവർ വട്ടം മാത്രം വരച്ചു തോൽ ‌ പ്പിച്ചു … . ഇനി തോൽവികളിലെല്ലാം വക്രിച്ചു വരച്ച് എല്ലാത്തിനെയും തോൽ ‌ പ്പിക്കാൻ വരുന്നുണ്ടവൻ … . നാളെയെന്നൊന്നില്ലാത്ത ഇന്നുകളിലേയ്ക്ക്                               
കൽമുഖങ്ങൾ കല്ലുകളിൽ ദൈവങ്ങൾക്ക് മനുഷ്യ മുഖം വരച്ചവരേ , നിങ്ങളുടെ കൈകൾക്കെന്റെ ഹൃദയചുംബനം .     വിരലുകൾ തള്ളിത്തള്ളി എല്ലൊടിഞ്ഞ തള്ളവിരലിൽ നിന്നകന്ന് ചൂണ്ടുന്നവരൊക്കെ ഞൊടിച്ചുടച്ച ചൂണ്ടുവിരലിനോടരികു നിന്ന് ചൂണ്ടലുകൾക്ക് വാലാട്ടി മടുത്തു പോയ പെരു വിരലിനെ കളിയാക്കി വളയങ്ങളിൽ കുടുങ്ങിപ്പോയി മോതിരവിരൽ . എളിയവന് ആരേയും ഭയമില്ല നിവർന്നങ്ങനെ ചിരിക്കുന്നു ചെറുവിരൽ .
പുഴയോരം -- ഗീത മുന്നൂർക്കോട് --- തുടിച്ചുയ രും പുലരിയുടെ തുടികൊട്ടു കേൾക്കുവാൻ കാതോർത്തു നിന്നൂ പുഴയോരം . കിളിക്കൊഞ്ചലുണരുവാൻ പൂമണങ്ങൾ പുഞ്ചിരിയ്ക്കാൻ മിഴിതുറന്നിരിപ്പൂ പുഴയോരം . മഴയൊന്ന് മുറുകുവാൻ വയലേലകൾ നിറയുവാൻ കൈകൂപ്പി നിൽ ‌ പ്പൂ പുഴയോരം . മുകിൽമാലകളുതിരുവാൻ തുഴയൽ ‌ പ്പാട്ടുയരുവാൻ ക്ഷമ കെട്ടു നിൽ ‌ പ്പൂ പുഴയോരം പുഞ്ച വയൽ   പച്ച ചുറ്റാൻ പൂങ്കുരുവികൾ പാടിയെത്താൻ പ്രാർത്ഥനയോടെ പുഴയോരം . ഞാറ്റുവേലപ്പാട്ടുകൾക്കായ് കർഷകന്റെയീണങ്ങൾക്കായ് താളം പിടിയ്ക്കുന്നു പുഴയോരം യന്ത്രക്കൊക്കിൻ ചൂണ്ടലുകൾ നെഞ്ചിലാഴ്ന്നിറങ്ങുമ്പോൾ നോവിൽ നുറുങ്ങുന്നു പുഴയൊരം . മണൽക്കൊതിയാർത്തികൾ മാനം തുലയ്ക്കുമ്പോൾ പൊടിഞ്ഞുതിരുന്നൂ പുഴയോരം . ടിപ്പറുകൾ പാഞ്ഞു വന്ന് കബന്ധങ്ങൾ കോരുമ്പോൾ വിതുമ്പിക്കരയുന്നു പുഴയോരം . ചുടലത്തീയെരിഞ്ഞു നിന്ന് ആത്മാക്കൾ പുളയുന്ന ശാന്തി പൊലിച്ചൊരീ പുഴയോരം .
ഉണങ്ങുന്ന ആഴങ്ങൾ --- ഗീത മുന്നൂർക്കോട് --- രാത്രിയിരമ്പങ്ങളിൽ കൂർത്തകൊമ്പുകൊണ്ടെന്തി - നെന്നെയിങ്ങനെ തുരന്ന് കൊണ്ടിരിയ്ക്കുന്നു ..? ഉയിരു പറന്നു പോയ വേനലാവികളിൽ നീയെന്തിനെന്റെ ശവക്കുഴി കൊത്തുന്നു … ? ഇനിയിപ്പൊ സ്നേഹമഴ പെയ്താലെന്ത് , ഇല്ലെങ്കിലെന്ത് ഉണക്കയുറവകൾ ചേമ്പിലത്താളുകളായി വർഷപാതങ്ങളെ തട്ടിയുടച്ച് - ആഴങ്ങളിൽ വറ്റാനുള്ളതല്ലേ … എന്റെ   ഒഴുക്കുകൾ ഞാനെന്നേ മറന്നതല്ലേ … ?
ഒന്നു ജീവിക്കാൻ … . മരണത്തെ മറക്കണ്ടേ …… --- ഗീത മുന്നൂർക്കോട് --- ജന്മ നക്ഷത്രത്തെയും ജനനത്തീയതിയെയും കോമയുടെ ഓർമ്മത്തെറ്റിലേയ്ക്ക് പറഞ്ഞു വിടാം കാലത്തിന്റെ കാലൊച്ചകളെ ഒരു ചാട്ടയെറിഞ്ഞ് പുറകോട്ടൊന്ന് ഓടിച്ചു നോക്കാം സമയസൂചിയെ ഞെരിച്ചാലോ … .. ഘടികാരമുഖത്തേയ്ക്ക് ആസിഡൊഴിച്ച് വിരൂപിയാക്കാം … കലണ്ടർക്കള്ളികളെ അക്കച്ചെറുപ്പുകളെ നാൾക്കനങ്ങളെ ദിവസക്കോളുകളെ പരക്കം പായുന്ന പർവ്വങ്ങളെ പഞ്ചാംഗപതംഗങ്ങളെ എല്ലാത്തിനെയും പുഴുങ്ങിയങ്ങു വിഴുങ്ങിയാലോ … . ഒന്നോടെ ചുട്ടു കരിച്ചാലോ … . നമ്മുക്ക് മരണത്തെയോർക്കാതെ ഒന്ന് ജീവിയ്ക്കണ്ടേ … ?