ഓര്‍മ്മകൾ ചിതറുന്നു
***************************************


ചില ഓർമ്മകളുണ്ട്
എത്ര ആട്ടിയോടിച്ചാലും
തിരിച്ചു വരുന്ന
വിരട്ടിയാൽ
ചാടിപ്പോകാതെ
ഒളിച്ചോടാതെ
വാലാട്ടി വലയ്ക്കുന്ന
കുട്ടിക്കരണം മറിഞ്ഞിട്ടു
കുന്തളിച്ചുകൊഞ്ഞനംകുത്തുന്ന
നിന്നെ തോൽപ്പിച്ചല്ലോയെന്ന്
വാതുവച്ചു ജയിച്ചപോലെ
സടകുടഞ്ഞൊരു നിൽപ്പുണ്ട്
അഹങ്കാരക്കൊമ്പും കൂർപ്പിച്ച്


വിളഞ്ഞു ഞെട്ടുമുറുകിയ
ചിലതൊക്കെ
നമ്മൾ കെട്ടിത്തൂക്കാറുണ്ട്
ഓർമ്മക്കൂടിന്റെ മോന്തായത്തിൽ നിന്നും
വവ്വാൽച്ചിറകടിച്ച്


ഉത്തരത്തിൽത്തൂങ്ങി
മഞ്ഞളിച്ചുചിരിച്ച്
പിന്നെന്നോ ചെമക്കുമ്പോലെ
ഏകാന്തതയിലേക്ക്
ഒരോർമ്മസ്സദ്യക്ക്
കൊത്തിയരിഞ്ഞുള്ള കറിക്കൂട്ടിനു പാകം
...ന്നാ എടുത്തോ...ന്നൊരു ചാട്ടം


കൊടുത്തൂവച്ചൊറിച്ചിലും കൊണ്ടേ
തട്ടിമുട്ടിപിരിയിളക്കാൻ ചിലർ വരൂ

അലോസരത്തുമ്പികൾ കൂട്ടത്തോടെ
മൂളിവന്നാലോ
തുപ്പാതിരിക്കാനൊരു മധുരവും
ഇറക്കാൻ വിമ്മിട്ടമായേക്കാവുന്ന കയ്പ്പും
തൊണ്ടയിലേറ്റുമുട്ടി
നീലിച്ചുപോകുന്ന
പ്രാണസഞ്ചാരം കണ്ടേ അടങ്ങൂ...
അടിമുടി വിറയലിലങ്ങനെ
മലച്ചുപോകും


സ്നേഹവിരഹമായാണ് ചിലനേരങ്ങളിൽ
വന്നെത്തുന്നതെങ്കിൽ
ഒരിഷ്ടം കൂടാനും താലോലിക്കാനും
ഊട്ടിക്കിടത്തി
ഹൃദയത്തിലിട്ടൂയലാട്ടാനും
പാകപ്പെട്ടുവരും മനസ്സ്


പ്രതീക്ഷകളപ്പോൾ പൂക്കാനും
വസന്തത്തെ മാടിവിളിക്കാനും തുടങ്ങും
എല്ലാമയവിറക്കി മിഴിയോർക്കുന്ന
സമാന്തരങ്ങളിൽ
പ്രണയവിരഹങ്ങളുടെ
എണ്ണംമറന്ന നാളുകൾ
വിരിഞ്ഞുവരുന്നതും സ്വപ്നം കണ്ട്
എനിക്കുമൊരോർമ്മയാകണം



Comments

Popular posts from this blog