കൗതുകപ്പുര
***********************
മിഴിയാഴങ്ങളിൽ
ഉപ്പിന്നുറപ്പുണ്ടായിരുന്നു
അതുകൊണ്ടാകണം
പുരയുടെ ചുമരുകൾക്കിത്രയും
ബലം
ഹൃദയം
പണയംവച്ചു പണിത
പുരയ്ക്കേറെയാണ്
കടപ്പത്രങ്ങൾ
അടവോർമ്മകളെയീ വഴി
നടത്തിക്കുന്നുമുണ്ടവ
സ്വപ്നച്ചിറകുകളിൽ
വട്ടംപറന്ന്
സൂക്ഷ്മമാപിനികളാൽ
വരഞ്ഞിട്ട
പഴുതുകൾ
തുറസ്സിലെന്നപോലെ
പ്രാണസഞ്ചാരങ്ങളാൽ
നിബിഢമാണിന്ന്
ആകാശനീലിമയുടച്ച
ചായങ്ങളിൽ നിന്നും
ഉൾക്കണ്ണുകൾ
ദിക്കുകളെണ്ണിക്കുതിക്കുന്നു
സ്വച്ഛതയുടെ
കുളിരുകൾ
പൊതിഞ്ഞുകെട്ടി
തിരികെയെത്തുന്നുമുണ്ട്...
ചെറുതെങ്കിലും
വയസ്സു
നരയ്ക്കാത്ത
ആൾക്കൂട്ടത്തിലെ കൗതുകത്തിൽ
ഞാനുമൊരു
മുഖമാകുന്നുണ്ട്...!
Comments
Post a Comment