Posts

Showing posts from September, 2017
പ്രണയമെന്നതിങ്ങനേയോ.. ************************************ കിനാവല്ലെന്നൊരു കൌതുകത്തിലായിരുന്നോ കതകു തുറന്നത്… അശനിപാതമോ അശ്വവേഗങ്ങളോ അല്ലതന്നെ നോട്ടങ്ങളാണ്… അരക്കെട്ടിനെയാണോ കാഴ്ച്ചവട്ടങ്ങളെയാണോ ഇറുക്കിയിട്ടത്… മിന്നൽച്ചാട്ടങ്ങളായിരുന്നുവോ  ഉതിർന്നതെന്ന പിരിമുറുക്കത്തിൽ മഞ്ഞുരുക്കത്തിൽ നെഞ്ചിൻകൂട്ടിലേക്കിഴഞ്ഞത് നൊമ്പരസുഖം… ആരും പറയാതെയറിയണം കൊടുംകാറ്റാണ്  പ്രണയമെന്നത്… കൺകാതുകൾക്ക് വിസ്തരിക്കാനൊരു ഞൊടിയിട ഇടം കൊടുക്കാതെ തരിപ്പിച്ചു തൂണാക്കുന്ന മായികചുംബനവലയത്തിൽ സുതാര്യമായി വിരൽവിരുതുകൾ നഗ്നരൂപത്തിൽ വിരിച്ചിടുമ്പോൾ ഒന്നുമേൽക്കാത്തപോലെ ബോധാവബോധങ്ങളിൽ തളർന്ന് പോകുന്നതെന്തോ എന്നൊന്നും നിരൂപിക്കാത്ത രോമകൂപങ്ങളിലാഴ്ന്നുപോയ പ്രണയലഹരിയതിന്റെ മൂർദ്ധന്യത്തിൽ പ്രകൃത്യാ കിട്ടുന്നുവോ  ഒന്നിക്കുന്നതിന്റെ തിരിച്ചറിവ്… എങ്കിലുമൊടുക്കം പിളർപ്പിനിട്ടേക്കുമോ തുടക്കമെന്ന് ശേഷിക്കും വ്യാകുലത അതല്ലേയീയാലസ്യം….
അക്ഷര ക്കാടുകളിലേയ്ക്കൊരു വിനോദയാത്ര ************************************************* രക്താക്ഷരിക ൾ പൂക്കുന്ന ഹൃദയചുംബനങ്ങൾ കായ്ക്കുന്ന മനുഷ്യവായനക്ക് അക്ഷരക്കാട്ടിലേക്ക് ഞാനുല്ലാസയാത്ര പോകുന്നു... പാഥേയമായി സ്നേഹച്ചൂടിൽ പാകം ചെയ്ത മനസ്സുറപ്പുകൾക്കൊപ്പം നന്മവറ്റുകളല്പം  കരുതണം തുളുമ്പിത്തൂവുന്ന തുറന്ന ഹൃദയകുംഭത്തിൽ കനിവിറ്റിക്കുന്ന കനികളും പാരസ്പര്യത്തിന്റെ വേരുക - ളൗഷധക്കൂട്ടുകളായടക്കിയ ദാഹജലം നിറച്ചു ചുമലിലേറ്റണം വാക്കുശാഖികളുള്ള നിബിഢഹരിതവനങ്ങളിൽ നിന്നും നിലയ്ക്കാത്ത വർണ്ണവിസ്മയങ്ങളെ തുടിയ്ക്കുന്ന സ്വനവിസ്തൃതികളെ പെറുക്കിക്കൂട്ടണം വായനയ്ക്കായ് വിയർക്കുന്ന ആസക്തിയുടെ ആർത്തിയുടെ തുടിച്ചുചാട്ടം പതഞ്ഞുനുരയ്ക്കുന്നുണ്ട് സിരകളിൽ മടക്കയാത്രയ്ക്കൊരു ക്ഷണികമോഹം പോലും ശേഷിക്കാവിധം സ്ഥിരവാസമുറപ്പിക്കണമിവിടെ
മനുഷ്യത്വത്തിനൊരു കടപ്പത്രം ******************************** ** അകലുംതോറും അടുക്കുന്നെന്നു തോന്നിക്കുന്ന ബന്ധനദൂരങ്ങൾക്കെന്തു നാമധേയം ? തൊട്ടുനിന്ന് ചൊറിഞ്ഞുചെമപ്പിക്കുന്ന ഹൃദയങ്ങളുടെ പരിഭാഷയെന്ത്...? പണ്ടെന്നോ കുറിക്കപ്പെട്ടുപോയ അക്ഷരത്തെറ്റുകളെ ഉപ്പിലിട്ടു സൂക്ഷിച്ച ചങ്കൂറ്റം... ഉടഞ്ഞുപോയ കൂട്ടുകഷണങ്ങളെ പിരിച്ചുചൊരിയാനായി ജീവിതം പിഴിഞ്ഞ അമ്ലത്തുള്ളികൾ..... തുടക്കം മറന്നോടിയ പന്തയത്തിന്റെ അഴിയാക്കുടുക്കുകളിൽ വഴിമുട്ടിച്ച് വെട്ടിത്തിരുത്തെന്ന് വീണ്ടും പിരിമുറുക്കുന്ന തിരിവുകളിലെ ചോദ്യശരങ്ങൾ..... ചോരയ്ക്കു ദാഹിക്കുന്ന തീവ്രാസക്തിയുടെ രാക്ഷസക്കണ്ണുകൾ ചാവേറുകളെത്തേടുമ്പോൾ..... രക്തപ്പൂക്കൾ അർച്ചനയാകുന്ന മനുഷ്യത്തെരുവുകളിൽ സ്നേഹപ്പച്ചയ്ക്കുമേൽ ഹൃദയച്ചോപ്പിന്റെ പന്തൽ മെനയാ ൻ മനുഷ്യക്കാടുകൾ പണിയണം അതിനായ് തോളുരുമ്മലുകൾക്കായി കോർക്കപ്പെടാനുള്ള ഐക്യക്കണ്ണികൾക്കു വേണ്ടി ഇനിയുമെത്ര കടപ്പത്രങ്ങളെഴുതണം ...?
ഊഷ്മം *********** ഹൃദയമാണ്   കത്തിച്ചുരുക്കിയൊരു പന്തമായ് പേറുന്നതെന്നും എനിക്കായ്   മാത്രമാണ് നാലുപാടും നെട്ടോട്ടമോടി വെട്ടമടിക്കുന്നതെന്നും   നീ പറയുന്നു നിന്റെയീ വെയിൽച്ചൂടിൽ എന്റെ പ്രണയമെന്നും വാടിവെളുത്ത് മുഖം കുനിക്കുമ്പോൾ നീയതിനെ നാണത്തിന്റെ മസൃണതയായി തെറ്റിയറിയുമ്പോൾ വീണ്ടും നീ പ്രണയിക്കാൻ ഊഷ്മളമാകുമ്പോൾ ചുട്ടവഴികൾ കുറുകിത്തണുത്ത ഉള്ളിടുക്കുകളിലേക്ക് ഞാൻ വലിയുകയായി ഇനി നിന്റെ   കുഞ്ഞുതോതിന്റെ ലോലവെട്ടം മതിയാകും അതിന്റെ ബാഹുല്യത്തിൽ നമ്മുടേതായ   രഹസ്യങ്ങളിലേക്കിറങ്ങട്ടെ ആരുമാരുമെത്തിനോക്കാത്ത   ഇരിട്ടിടുക്കുകളിൽ മാത്രം തുളുമ്പട്ടെ നമ്മുടെ പ്രണയചഷകം.
സ്നേഹമരത്തണൽപ്പോലെ *********************************** ഹൃദയം കുത്തിയിളക്കി ഇട്ടതാണൊരു വിത്ത്. നൊമ്പരപ്പശിമയിൽ മിഴിനീരും ആകാംക്ഷകൾ സ്പന്ദിക്കുന്ന നെഞ്ചടുക്കുകളിലെ വിയർപ്പും കലർത്തി തുള്ളിക്കുന്നിവിടം. നിമിഷനേരം മതി മുളപൊട്ടും ചുറ്റിലും കണ്ണും കാതുമെറിഞ്ഞ് സ്വരൂപിക്കും വളക്കൂറ് സ്റ്റേഹനീരോട്ടം തേടിയെടുക്കും സ്നേഹമരം വളർന്നുതഴയ്ക്കുമ്പോൾ ചില്ലകളിലേക്ക് വെയിൽക്കാടുകൾ പൂക്കുമ്പോൾ വേരോടിപ്പരന്ന എന്റെ ഹൃദയം തണൽമെത്ത പോലെ ..!
കള്ളവണ്ടി കയറിപ്പോയ ഓർമ്മകൾ  ******************************** എൻറെ    വിരുന്നുകാരിന്ന് പുത്തനായിപ്പണിത   തീ ൻമേശക്കുമേൽ നിരന്നിരിക്കുന്ന രുചികളി ൽ മനസ്സാറാടി കളിചിരിവട്ടങ്ങളിലാണ് !! ഞാനിവ ർക്കൊപ്പം   അച്ഛനമ്മമക്ക ൾ   വീടുംവച്ച് മണ്ണപ്പംചുട്ട് മനംനിറച്ച്   കളിചിരികളുണ്ടത് .…!!' അന്ന്   മരമായി , തണലായി നീയെത്ര വട്ടം   ഞാ ൻ നീട്ടിയ മണ്ണപ്പമട ർത്തി നുള്ളിക്കൊറിച്ചിട്ടുണ്ട് ! എന്റെ കളിവീടുക ൾ   നിന്റെ തണലുകളി ൽ   ഉണ ർന്നിരുന്നുറങ്ങിയത് … ചെറുകാറ്റിന്റെ വിരലുക ൾ എന്റെ കളിവീട്ടിലെ സ്വന്തക്കാ ർക്ക് മാമ്പഴം നുള്ളിയിട്ട്   മധുരം വിളമ്പിയത് … കള്ളവണ്ടിക്കയറ്റങ്ങളി ൽ എല്ലാം ഒളിച്ചോടി തിരിച്ചൊരു വരവി ൽ നിന്റെ ചിതക്ക് മുകളിലല്ലോ ഞാ ൻ   സ്നേഹക്കൂട്ടുക ൾ   ഈ സ്വന്തക്കാ ർക്കിന്നു വിളമ്പുന്നു … Top of Form
അച്ഛൻ വരുന്നുണ്ട്… ************************** ചുമരുകൾക്ക് സ്വപ്നങ്ങൾ തേയ്ക്കാത്ത ചാളപ്പുര അച്ഛന്റെ വരവുപോക്കുകളെ ശപിയ്ക്കുന്ന ഓലപ്പുരയ്ക്കും ലഹരിഷാപ്പിനുമിടയ്ക്ക് അച്ഛന്റെ പകലുണർവ്വുകൾപ്പോലും മേയാൻപോകുന്ന ചില്ലറ കാൽദൂരങ്ങൾ… സൂര്യൻ പടിഞ്ഞാറ് കോപിച്ചുതുടുത്ത് അസ്തമയം കഴിഞ്ഞുള്ള അസമയം വറ്റു മുങ്ങിപ്പോയ മൃഷ്ടാന്നത്തിലേയ്ക്ക് ഉപ്പുനുള്ളിയിടുന്നുണ്ടാവും കുഞ്ഞിക്കണ്ണുകൾ… കള്ളിൻ തികട്ടലുകൾക്ക് കാതുപൊത്തുന്നുണ്ടാകും കല്ലുവഴികൾ…. മുൾവേലിക്കരികിൽ ഒരു ഫണം നീണ്ടുവരുന്നുണ്ടാകും… രണ്ടിളംകണ്ണുകൾ അപ്പോഴേയ്ക്കും ഇരുട്ടിലേയ്ക്ക് നീന്തുന്നുണ്ടാകും… ഏങ്ങിവലിക്കുന്നൊരു നിഴൽ നടവഴിയിലേക്കെത്തി നോക്കുന്നുണ്ടാവും…. ചുക്കിച്ചുളിഞ്ഞോരെല്ലിൻകൂട് ശാപം കുരയ്ക്കുന്നുണ്ടാകും… വേലിക്കെട്ടിലെ മുല്ല ഹും ഹും ന്ന് പറഞ്ഞ് മൂക്കുചീറ്റാൻ തുടങ്ങും… ചപ്പിലകൾ കലപിലകൂട്ടി ചിലയ്ക്കാൻ തുടങ്ങും… വരണ്ട സ്നേഹവാലാട്ടി ചൊക്ലിപ്പട്ടി മോങ്ങിക്കൊണ്ട് താക്കിതു കൊടുക്കും.. മോളേ… ദേ…അച്ഛൻ വരണൂണ്ട്…. കുഞ്ഞുമോള് ഒളിച്ചോ… രണ്ടു പേടിക്കണ്ണുകളപ്പോൾ കാണാമറയത്തേക്കുടൻ ഊളിയിടും…. !