അക്ഷരക്കാടുകളിലേയ്ക്കൊരു വിനോദയാത്ര
*************************************************
രക്താക്ഷരികൾ പൂക്കുന്ന
ഹൃദയചുംബനങ്ങൾ കായ്ക്കുന്ന
മനുഷ്യവായനക്ക്
അക്ഷരക്കാട്ടിലേക്ക്
ഞാനുല്ലാസയാത്ര പോകുന്നു...

പാഥേയമായി
സ്നേഹച്ചൂടിൽ പാകം ചെയ്ത
മനസ്സുറപ്പുകൾക്കൊപ്പം
നന്മവറ്റുകളല്പം  കരുതണം

തുളുമ്പിത്തൂവുന്ന
തുറന്ന
ഹൃദയകുംഭത്തിൽ
കനിവിറ്റിക്കുന്ന കനികളും
പാരസ്പര്യത്തിന്റെ വേരുക -
ളൗഷധക്കൂട്ടുകളായടക്കിയ
ദാഹജലം നിറച്ചു
ചുമലിലേറ്റണം

വാക്കുശാഖികളുള്ള
നിബിഢഹരിതവനങ്ങളിൽ നിന്നും
നിലയ്ക്കാത്ത വർണ്ണവിസ്മയങ്ങളെ
തുടിയ്ക്കുന്ന സ്വനവിസ്തൃതികളെ
പെറുക്കിക്കൂട്ടണം

വായനയ്ക്കായ് വിയർക്കുന്ന
ആസക്തിയുടെ
ആർത്തിയുടെ
തുടിച്ചുചാട്ടം
പതഞ്ഞുനുരയ്ക്കുന്നുണ്ട്
സിരകളിൽ

മടക്കയാത്രയ്ക്കൊരു
ക്ഷണികമോഹം പോലും
ശേഷിക്കാവിധം
സ്ഥിരവാസമുറപ്പിക്കണമിവിടെ



Comments

Popular posts from this blog