അച്ഛൻ വരുന്നുണ്ട്…
**************************

ചുമരുകൾക്ക്
സ്വപ്നങ്ങൾ തേയ്ക്കാത്ത
ചാളപ്പുര

അച്ഛന്റെ വരവുപോക്കുകളെ
ശപിയ്ക്കുന്ന ഓലപ്പുരയ്ക്കും
ലഹരിഷാപ്പിനുമിടയ്ക്ക്
അച്ഛന്റെ
പകലുണർവ്വുകൾപ്പോലും
മേയാൻപോകുന്ന
ചില്ലറ കാൽദൂരങ്ങൾ…

സൂര്യൻ
പടിഞ്ഞാറ്
കോപിച്ചുതുടുത്ത്
അസ്തമയം കഴിഞ്ഞുള്ള
അസമയം
വറ്റു മുങ്ങിപ്പോയ
മൃഷ്ടാന്നത്തിലേയ്ക്ക്
ഉപ്പുനുള്ളിയിടുന്നുണ്ടാവും
കുഞ്ഞിക്കണ്ണുകൾ…

കള്ളിൻ തികട്ടലുകൾക്ക്
കാതുപൊത്തുന്നുണ്ടാകും
കല്ലുവഴികൾ….
മുൾവേലിക്കരികിൽ
ഒരു ഫണം
നീണ്ടുവരുന്നുണ്ടാകും…

രണ്ടിളംകണ്ണുകൾ
അപ്പോഴേയ്ക്കും
ഇരുട്ടിലേയ്ക്ക്
നീന്തുന്നുണ്ടാകും…

ഏങ്ങിവലിക്കുന്നൊരു നിഴൽ
നടവഴിയിലേക്കെത്തി
നോക്കുന്നുണ്ടാവും….
ചുക്കിച്ചുളിഞ്ഞോരെല്ലിൻകൂട്
ശാപം കുരയ്ക്കുന്നുണ്ടാകും…

വേലിക്കെട്ടിലെ മുല്ല
ഹും ഹും ന്ന് പറഞ്ഞ്
മൂക്കുചീറ്റാൻ തുടങ്ങും…

ചപ്പിലകൾ കലപിലകൂട്ടി
ചിലയ്ക്കാൻ തുടങ്ങും…

വരണ്ട
സ്നേഹവാലാട്ടി
ചൊക്ലിപ്പട്ടി
മോങ്ങിക്കൊണ്ട്
താക്കിതു കൊടുക്കും..

മോളേ…
ദേ…അച്ഛൻ വരണൂണ്ട്….
കുഞ്ഞുമോള്
ഒളിച്ചോ…


രണ്ടു പേടിക്കണ്ണുകളപ്പോൾ
കാണാമറയത്തേക്കുടൻ
ഊളിയിടും…. !

Comments

Popular posts from this blog