പ്രണയമെന്നതിങ്ങനേയോ..
************************************

കിനാവല്ലെന്നൊരു കൌതുകത്തിലായിരുന്നോ
കതകു തുറന്നത്…
അശനിപാതമോ അശ്വവേഗങ്ങളോ അല്ലതന്നെ
നോട്ടങ്ങളാണ്…
അരക്കെട്ടിനെയാണോ കാഴ്ച്ചവട്ടങ്ങളെയാണോ
ഇറുക്കിയിട്ടത്…
മിന്നൽച്ചാട്ടങ്ങളായിരുന്നുവോ 
ഉതിർന്നതെന്ന
പിരിമുറുക്കത്തിൽ
മഞ്ഞുരുക്കത്തിൽ
നെഞ്ചിൻകൂട്ടിലേക്കിഴഞ്ഞത്
നൊമ്പരസുഖം…
ആരും പറയാതെയറിയണം
കൊടുംകാറ്റാണ് 
പ്രണയമെന്നത്…
കൺകാതുകൾക്ക് വിസ്തരിക്കാനൊരു ഞൊടിയിട
ഇടം കൊടുക്കാതെ
തരിപ്പിച്ചു തൂണാക്കുന്ന മായികചുംബനവലയത്തിൽ
സുതാര്യമായി
വിരൽവിരുതുകൾ നഗ്നരൂപത്തിൽ വിരിച്ചിടുമ്പോൾ
ഒന്നുമേൽക്കാത്തപോലെ
ബോധാവബോധങ്ങളിൽ തളർന്ന് പോകുന്നതെന്തോ
എന്നൊന്നും നിരൂപിക്കാത്ത
രോമകൂപങ്ങളിലാഴ്ന്നുപോയ പ്രണയലഹരിയതിന്റെ
മൂർദ്ധന്യത്തിൽ
പ്രകൃത്യാ കിട്ടുന്നുവോ 
ഒന്നിക്കുന്നതിന്റെ തിരിച്ചറിവ്…
എങ്കിലുമൊടുക്കം
പിളർപ്പിനിട്ടേക്കുമോ തുടക്കമെന്ന് ശേഷിക്കും വ്യാകുലത
അതല്ലേയീയാലസ്യം….

Comments

Popular posts from this blog