വൈരാഗിയുടെ നിശ്വാസങ്ങളിൽ
*********************************************
-   
പ്രണയത്തിന്റെ കയ്യൊപ്പുള്ള
ഓര്‍മ്മകളെ
ക്ഷോഭത്തിരകൾ
കൊഞ്ചിക്കുമ്പോൾ
ഉരുക്കുമുഷ്ടിയെറിഞ്ഞ്
ഉന്മാദം വിതറുന്നു

ജീവിതക്കുളം
കലങ്ങിത്തീരുവോളം
വൈരാഗിയുടെ നിസ്സംഗതയിൽ
ഉടൽകായുംവരെ .

പ്രണയദൂതു കൊത്തിയിട്ടുപോയ
കിളി
നിരാസത്തിന്റെ നിശ്വാസമെറിഞ്ഞപ്പോൾ
ഒരു കടൽകോരിയ
ഉപ്പുനിറച്ച
മിഴിക്കൂര്‍പ്പുതൊടുത്ത്
പരിഹാസ്യതയിലെക്കെയ്തു
വീഴ്ത്തിയത്
വൈരാഗിയുടെ
മനസ്സുതന്നെയായിരുന്നു...

ആഴങ്ങളുടെയടിത്തട്ടാണ്
സര്‍വ്വംസഹയെന്ന്‍
സുര്യനെയാർത്തിയിൽ
മോന്തുന്ന
മണല്‍മണ്ണിനെ
ആശ്വസിപ്പിക്കാമെന്നാൽ,
പകൽവിളര്‍ച്ച
നഷ്ടസ്വപ്നങ്ങളുടെ
മരണക്കൊടി തന്നെ...

പുനരുയിര്‍ക്കാത്തവ

ശവം മണക്കും. 

Comments

Popular posts from this blog