ഞാനെന്റെ കവിതയെ കരയിച്ചിട്ടേയുള്ളൂ…
--------------------------------------------------------------------
എരിവും പുളിയും തിരുമ്മിയങ്ങനെ
മൊരിച്ചെടുക്കുമ്പോൾ
എത്ര തവണയാ
അവൾ പാവം കരിഞ്ഞു പോയത്

ചിലപ്പോളൊക്കെ
കയ്പ്പിച്ച് ചവർപ്പിച്ച്
വിമർശിച്ചങ്ങു വിടും
അവളപ്പോളൊക്കെ
മുഖം കറുപ്പിച്ചുകനപ്പിച്ച്
ഹും…ഹും…ന്ന് കുത്തിക്കൊണ്ടിരിക്കും

സമാസമമല്ലാതെ കണ്ണിരുപ്പ്
എന്റെ കൈകൾക്കൊപ്പം
അവളും നുള്ളിയിടും, മിക്കപ്പോഴും

വറപൊരി വാക്കുകളെ
തിളയെണ്ണയിൽ
പൊട്ടിപ്പൊട്ടിച്ച്
അവളിൽ ഞാൻ താളിക്കുമ്പോൾ
ശ്ശീ…ന്നും പറഞ്ഞ്
അവൾ പ്രതിഷേധിക്കും !

ഇന്നെന്തേന്നറിയില്ല,
നല്ലോണം കുറുക്കി
മധുരിപ്പിച്ച്
വിളമ്പേണ്ട താമസം
ഉറുമ്പുകളങ്ങു പൊതിഞ്ഞുകുമിഞ്ഞ്

പാവമെന്റെ കവിത
ഉറുമ്പുനുള്ളുകളും
കുറുമ്പുകടികളും
സഹിക്കാതെ
ഒന്നു കുടഞ്ഞുമാറാൻപോലുമാകാതെ
പുളയുന്നതു കണ്ടോ?

Comments