വാക്കുരുക്കം
   *************
അച്ചടക്കശാസന!
കറുത്തുകനത്ത
തലക്കകം
കുറെ വാക്കുകൾ
തിളനിലയിലെത്തുന്നു!

ഏതോ വ്യാഘ്രനിമിഷത്തിന്റെ
പരിഭ്രാന്തിക്കുത്തേറ്റ്
തൊട്ടുരസി
പൊട്ടിയൊഴുകി
ഉരുകിമെരുങ്ങി
ദുഷിച്ചു പോയ
പുറം കാഴ്ചകളിലേക്ക്
വാക്കുകളൊന്നോടെ
റോന്തു ചുറ്റാനൊരുങ്ങുന്നു!

കാടത്തത്തിനെ വരിച്ച
കേളീമുറുക്കത്തിൽ
പതച്ചെത്തുന്ന ലാവ പോലെ...
കവചമണിഞ്ഞ
പദങ്ങൾക്ക് സ്വരം നഷ്ടമാകുന്നു...
രൂപം വികലമാകുന്നു...

ഒറ്റത്തീണ്ടലിലുരുകാനൊരു
വാക്കിന്റെ നേർനീരുറവ
കുതിച്ചൊഴുകാൻ തുനിയുന്നു!

വെട്ടും തിരുത്തും കഴിഞ്ഞ്
കൊട്ടും കുരവയുമായി
ഘോഷണം നിലയ്ക്കും കാലം
അതിർവരകളിലവയൊതുങ്ങും നേരം
അക്ഷരപ്പൂമാരിയിൽ
കെട്ടി നിർത്തേണ്ട
തടയണയിലേക്ക്
വാക്കൊഴുക്കിന്റെ ലാവ
തണുത്തുറഞ്ഞേക്കാം...


Comments

Popular posts from this blog