ഒറ്റ

***

രണ്ടേക്കറോളം
കൂറ്റനിരുട്ടിന്റെ വിജനതയെ
കാവൽ നിർത്തിയിട്ട്
മോടിയിൽ മിന്നിനിൽക്കുന്നു
അവളുടെ ബംഗ്ലാവ്!

നിറവെട്ടം കുടിച്ചു മദിക്കുമ്പോഴും
ശീതം കൊണ്ടു മരവിച്ച
അനേകം മുറികൾക്കൊന്നിലവൾ!

മുട്ടോ തട്ടോ
അതോ കാളിംഗ് ബെല്ല്
ശബ്ദിച്ചതോ
ഫോണിന്റെ കിളിസ്വനമോ...

രക്ഷകനടുത്തൊന്നുമില്ല
ദൂരെ
അത്തറിന്റെ പറുദീസയിലാണ്

നിദ്ര പറന്നുപോയ
കുഞ്ഞുമിഴികളെ
കൈപ്പത്തിയെടുത്തുപൊത്തി
നെഞ്ചിടിപ്പിലൊളിപ്പിച്ച്
അവളുടെ വിറയൽ...

കാറ്റു കുടഞ്ഞിട്ട
അച്ചിങ്ങ
പുരപ്പുറം ചാടി
ചിരിച്ചു നിഗളിക്കുന്നു!

Comments

Popular posts from this blog