Posts

Showing posts from June, 2014
മരണമെന്നെ പുൽകും നേരം --- ഗീത മുന്നൂർക്കോട് ---
മിഴിനീരടർത്തി ഓർമ്മിപ്പിക്കരുതെന്നെ ബാക്കി വച്ചിട്ടുണ്ട് കടമകളെന്ന്

എഴുതിത്തീർന്നിട്ടില്ല കടപ്പത്രങ്ങളെന്ന് അലമുറകളിൽ തളക്കരുതെന്നെ

ഞാനില്ലാത്ത വ്യർത്ഥത ചൂണ്ടി എന്നിൽ നിന്നുമുള്ള സങ്കടപ്പെടുത്തലുകളുടെ ആക്കം തുറന്ന് പരിഭവിക്കരുത്

ഞാൻ ബാക്കിയിട്ട ശൂന്യതകളുണ്ടെന്ന് ആരോപിക്കരുത് പ്രകൃതിതത്വങ്ങൾ ഇടപെടുമെന്ന ഉറപ്പോടെയുള്ള എന്റെ വഴിമാറ്റമറിയാതെ

പാഴായ്പ്പോയ ജീർണ്ണതയിൽ പിടയ്ക്കാൻ വിട്ട് വാ തോരാത്ത ഇല്ലാ മേന്മകളിലടക്കരുതെന്നെ

ഗണിച്ചും ഗുണിച്ചും കിഴിച്ചും ഹരിച്ചും ഘോഷിച്ചും ശ്ലാഘിച്ചും ദുഷിച്ചും മുഷിഞ്ഞു കൊറിച്ചും രമിച്ചാഹ്ലാദിച്ചും ആ ചിത്രസംചാലനമൊരുങ്ങുമ്പോൾ

പ്രാണമിഴി തുറന്ന് വീണ ഇളം വെട്ടത്തിലൂർജ്ജം കേറ്റിയേറ്റിയ ജീവിതത്തിന്റെ ഉച്ചസ്ഥലിയിൽ നിന്നും താളമേള വർണ്ണക്കാഴ്ച്ചകളിലൂടൊഴുകണം

ഒരിക്കലും കണ്ടിട്ടില്ലാത്ത ആരു പറഞ്ഞും കേട്ടിട്ടില്ലാത്ത അനുഭവരഹസ്യങ്ങൾ തുറക്കപ്പെടാത്ത പൂർണ്ണധന്യതയുടെ അനന്തതയിലേക്ക് ഒരു കുഞ്ഞു ഞൊടിയിടയിലേക്ക്
ബ്ലേഡ് --- ഗീത മുന്നൂർക്കോട് ---
ഇന്നലെകൾ ക്ഷണിച്ച് വരുത്തിയ കടപ്പത്രങ്ങളുമായി കട്ടായം പറഞ്ഞ് ഇറങ്ങിപ്പോയിട്ടുണ്ട്

ഇന്ന് അതിന്റെ ശരികളിലേക്ക് കുറെ തുറിച്ച് നോട്ടങ്ങളെ ഇറക്കി വിടുന്നുണ്ട്

വീട് തലയറഞ്ഞ് പ്രാകുന്നുണ്ട് ജപ്തിക്കടലാസ്സും നീട്ടി

പൊന്നാക്കി പറഞ്ഞു വിട്ട പെണ്ണൊരുത്തിയുടെ പോരായ്മകൾ കിരുകിരുക്കുന്നുണ്ട് അയലത്ത് മേഞ്ഞ് നടക്കുന്ന കാറ്റിൽ

പൊങ്ങച്ചമൂട്ടിയ പലവ്യഞ്ചനങ്ങൾ ഫോൺ കിളികളായി ചിലച്ച് ചീത്ത വിളിക്കുന്നുണ്ട്

ഇന്നലെ കയറി നിരങ്ങിയ കടങ്ങൾ അറിഞ്ഞിരുന്നോ എന്തോ നാളെയൊരു പുലരി ബ്ലേഡ് കൈ ഞരമ്പിൽ മുട്ടി രക്തപ്പൂക്കളുടെ മെത്തയിൽ തളർന്ന് കിടക്കുമെന്ന്

            നിളേ, നീ രുദ്രയാകുക --- ഗീത മുന്നൂർക്കോട്---
നിളേ ഉണരുക, ഇനീ രുദ്രയാകുക നിന്നടിവയറ്റിലെ മണ്ണിന്റെ പ്രാണ - നിലവിളികൾ നേർക്കുന്ന കേൾക്കുക - മണൽത്തിട്ടു തേഞ്ഞു മുരളുന്നതറിയുക - മലിനവിരൂപയായ് നിൻ മുഖം, വിവസ്ത്രയായ്പൂർണ്ണനഗ്നയായ് നിൻ മേനി നോവിൽ പൊള്ളുന്നതേൽക്കുക - നിൻമൃതപ്രാണന്റെ ദുരവസ്ഥയോർക്കുക - നിളേ, ഉണരുക, ഇനി നീ രുദ്രയാകുക
കേൾക്കുകീ കൽ‌പ്പന മുഖം കോട്ടിക്കറുപ്പിച്ചു കരുത്തേറ്റി മുഷ്ടിമടക്കിയുരുട്ടി ഗർജ്ജിച്ച് ദിക്കുകൾ ഘോഷിക്കുമിടിവെട്ട് - കരിനീലവാനിന്റെ ശാസന നിളേ, നീ രുദ്രയാകുക
മിന്നിപ്പിളർന്നിറ്റിച്ചു നീറ്റുന്ന മനം മറിക്കുന്നൊരാജ്ഞ - മിന്നി വീശുന്ന പടവാളിന്നാജ്ഞ നിളേ, നീ രുദ്രയാകുക
നീയൊരുങ്ങുക, നിളേയൊരു പെയ്ത്തിനായ്, കണ്ണുനീർപ്പെയ്തിനായ് പുകയും വിഹായസ്സിന്റെ പകയായ് ഉയർന്നാവിയായ നിൻ പ്രാണന്റെ ചോരയാം നീരിന്റെ നേർപ്പെയ്ത്തിനായ് ദംഷ്ട്രക്ഷതങ്ങളിൽ നൊന്ത നിൻ മെയ്യിന്റെ നോവുകൾ പകച്ചോടിയെങ്ങോ ഒളിച്ച് വീര്യമെഴുന്നെത്തുമരിശപ്പെയ്ത്തിനായ് നീയൊരുങ്ങുക
വരവായി. നിന്നുയിർത്തെഴുന്നേൽ‌പ്പിന്റെ വേളകൾ കേൾക്കുക കർക്കിടകക്കോളിൻ പദസ്വനം ഉണങ്ങിച്ചുളുങ്ങിയ നിൻ ദേഹം കുളുർപ്പിക്കാൻ നിന്നെയടക്കിപ്പുൽകിക്കുളിപ്പിക്കാൻ