Posts

Showing posts from 2016
വിജാഗിരി ************ ഉരുണ്ട ഉൾക്കനങ്ങളിലേക്ക് സന്നിവേശിപ്പിക്കാനാണ് ബാഹുക്കളിൽ കൊളുത്തിടുന്നതൊക്കെ ഭാരമേറിയുമിറങ്ങിയുമുള്ള കവാടപ്പരപ്പുകളെത്താങ്ങി അനക്കമില്ലാത്തോളിൽ കറക്കമാണെല്ലാം … ഇടിയാനിടയില്ലെന്ന സ്വപ്നച്ചുമരുകളിലേക്ക് തറഞ്ഞു പോകുമ്പോൾ എന്തെല്ലാം കണ്ടും കേട്ടുമറിയുന്നു … . പമ്മിയെത്തുന്ന എത്തിനോട്ടങ്ങളിലൂടെ തുറന്നടയുന്ന വരവ് പോക്കുകളുടെ രഹസ്യ സങ്കേതങ്ങൾ ഉറക്കെ കൊട്ടിയടക്കപ്പെടുന്ന ചില ധിക്കാരങ്ങൾ പരിതപിച്ചോ പരിഹസിച്ചോ എന്നൊന്നും ഒന്നു മിഴിയളക്കാൻ പോലും കനപ്പെട്ടു പോകുന്ന മനസ്സുകളുണ്ട് ….. വിജാഗിരികളായി കൂട്ടിക്കൊടുപ്പിൽ ഏച്ചു കോർക്കലിൽ ആരോരും അറിയാതെയങ്ങനെ … .
എന്നിട്ടും പോകു ന്നില്ല ….. ചിലതൊക്കെ... *******************************   മുഖം, ക ണ്ണ് , മൂക്ക് , കവിൾ, താടിയടക്കം,ചെവിയും കശക്കിത്തൂത്ത് വെള്ളം ചീറ്റിച്ച് അലക്കലാണെന്നും … മുടിയിഴകൾ ചിക്കി താളിക്കൊഴുപ്പും ഞെരടി കുലുക്കിയടുക്കി കുളിക്കുന്നുണ്ട് … . . എല്ലാ അടുവുകളും പയറ്റിത്തിരുമ്മുന്നുണ്ട് കൂർത്ത് വരുന്ന ദന്തനിരകളിൽ … . ശുചിത്വത്തിന്റെ എല്ലാ ഈർക്കിൽക്കോലുകളും വരിഞ്ഞു കെട്ടി തുരു തുരാ തൂത്തിട്ടും എന്തേ ചിലതൊക്കെ മായാതെ … .. മങ്ങാതെ … മറയാതെ … ?? ??   അശരീരിയൊന്നു തട്ടിയും മുട്ടിയും ചൂണ്ടുകയാണ് … നീയൊന്നുമറിയുന്നില്ലല്ലോ അസ്ഥാനത്തുള്ള അഴുക്കിന്റെ ഒളിച്ചു കളി …
ജൂലൈ 2 ************* ഓർമ്മകളെ താലോലിക്കുന്നു തൊട്ടിലിലാട്ടി … മൂന്നു ദശാബ്ദത്തിനുമപ്പുറം ഒരാണ്ട് പിറലിലൊരു ജൂലൈ 2 2 തലേന്നുച്ചക്ക് തുടങ്ങി വച്ച വെപ്രാള നോവുകൾ … . പിന്നീടങ്ങോട്ട് ഒരു രാവും ഒരു പകലും ആനന്ദലഹരിയോടെ വേദനകളെ വിഴുങ്ങിയ ആ ക്ഷണികതകളുടെ അപാരത ഇന്നും മനസ്സിനെ മഥിക്കുന്നുണ്ട് … . ആദ്യത്തെ കണ്മണിയെ പ്രകാശം കാണിച്ച ജൂലൈ 2 2 ! ഇഴഞ്ഞും മുട്ടു കുത്തിയും ഇളം കാലടികളിൽ നിന്ന് ഇടറിയും പിന്നെ നിവർന്നും മെല്ലെ മെല്ലെ അകന്നകന്ന് വളർന്ന പാദങ്ങളുടെ തെറ്റാത്ത മാർച്ചിൽ അകൽച്ചയിൽ വിടവുകൾ തീർത്ത് കാലടികളെയിന്ന് ചുരുട്ടിയൊളിപ്പിച്ച് ചിറകു വിരുത്തി പറക്കാറായി … .. ഈ വളർച്ച എങ്ങോട്ട് … . അകന്നു പറക്കുന്നവനറിയുന്നുവോ വേരുകൾ താഴോട്ടിറങ്ങി ഇരുളിൽ ആണ്ടു പോകുന്നത് … .. ജൂലൈ 2 2ന് ഓർമ്മകളിൽ അമ്മയുടെ താലോലം 
സ്ഫോടനം ********* പ്രണയ സ്വപ്നങ്ങൾ ചിലപ്പോൾ ആകാശം മുട്ടെ പറക്കാറുണ്ട് മോഹക്കണികകൾ സ്ഫുടം ചെയ്ത വെൺ മേഘങ്ങളായി അവ അതിസാന്ദ്രതയെത്തി ഉള്ളനക്കങ്ങളിൽ പലതും ഒളിപ്പിക്കാറുണ്ട് അസാധാരണമാകും ആകർഷണ ഗുരുത്വം എല്ലാമെല്ലാം കറങ്ങിയടുക്കും അപ്പോഴേക്കും നുഴഞ്ഞു കുമിഞ്ഞ് വികാരച്ചൊരിച്ചിലുകളിൽ പ്രവാഹങ്ങളാകും ഇണയുള്ളങ്ങളെ മഥിപ്പിക്കാനും പാകത്തിന് ഇളക്കം കൊടുമ്പിരിക്കൊള്ളും ഇനി ഒരു സ്പർശം ഒരു മുട്ടൽ ഉരുമ്മൽ പ്രണയസ്ഫോടനം ! കനത്തു പെയ്യുന്ന പ്രളയത്തിലൊഴുകിത്തെറിക്കുക എന്തൊക്കെയാകും … .
അളവു കോൽ തെറ്റുന്നിടത്ത്… .. *************************************************************** ആ കണ്ണുകളിൽ നീരാഴങ്ങൾ കണ്ട് അളക്കാൻ തുനിഞ്ഞതാണ് ഏഴു പരാവാരങ്ങൾക്കപ്പുറത്തെ വ്യാപ്തി കണ്ട് ആഴങ്ങളുടെ മൂർച്ചകൾ ചൂണ്ടയിലിടാനാകില്ലെന്നറിഞ്ഞ്… ആ ചുണ്ടുകളിലെ ചിരി നുണയാൻ ആഞ്ഞടുത്തതാണ് വക്രിച്ച് വലുതായ് വന്ന് പുഞ്ചിരിയൊരു കടൽച്ചിരിയാവുന്നതും കൊണ്ടറിഞ്ഞ് നിന്നിലേക്കുള്ള   എന്റെ നോട്ടങ്ങൾക്ക് കനമേറുകയാണ്
ഗൃഹപാഠം ********* കുഞ്ഞു മുഖവട്ടത്തിൽ കള്ളച്ചിരി മനസ്സിൽ നിന്നുമെന്റെ മുൻ കൂർ ജാമ്യം തേടാൻ … വല്ലാത്തൊരു മറവി !
ശബ്ദസ്ഫോടനം ******************* ഒച്ചകളാണ് … ഇഴഞ്ഞും നുഴഞ്ഞും തുഴഞ്ഞും ആടിയും പാടിയും കുറുകെ ചാടിയും ചിരിച്ചും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും തേങ്ങിയും മോങ്ങിയും അലറിക്കരഞ്ഞും കരയിച്ചും വായ് തോരാതെ പെയ്തും പെയ്യിച്ചും ഘോരം പ്രസംഗിച്ചും നിർത്താതെ നിന്ദിച്ചും അലയിളക്കി ആവലാതികളായും ചൊടുച്ചും ചൊടിപ്പിച്ചും കലഹിക്കുന്നു മത്സരിക്കുന്നു … ഒരു നിബിഡതയിൽ ഒരു വന്യമായ തീക്ഷണതയിൽ മർദ്ദവൈകല്യങ്ങളിൽ ഇടിച്ചു മിടിച്ച് തുടിച്ചു ത്രസിച്ച് പൊട്ടും ….. ശേഷം ശൂന്യത സ്വനരഹിതം നിഷ്ക്രിയം അചേതനം നമ്മളങ്ങോട്ട് … ..
  നിറം പോയ ജീവിതം ************************* ശബ്ദങ്ങൾ കലഹിക്കുന്നിടങ്ങളിൽ നിന്നും സത്യങ്ങളും തിരിച്ചറിവുകളും ഒന്നോടെ പലായനം ചെയ്യുമെന്നറിഞ്ഞിട്ടും അവർ   ചിറകുകൾ വിരുത്തിച്ചിക്കി ചിലച്ച് കൊണ്ടേയിരുന്നു കാഴ്ചകൾ കൊമ്പ് കോർക്കുമ്പോൾ ഇരുട്ടുപെയ്ത്തിൽ കറുപ്പ് കുറുകുമെന്ന് അനുഭവിച്ചിട്ടും അലോസരനടനങ്ങൾ ചടുലം കുലുക്കിയെറിഞ്ഞിട്ടും അവർ കണ്ണോട് കണ്ണും കൊളുത്തിട്ട് ഇടഞ്ഞു കൊണ്ടേയിരുന്നു … മൌനത്തിന്റെ നിഴലുകൾ നിറം പോയ ജീവിതത്തിൽ കറകൾ വീഴ്ത്തി പരസ്പരം വിവർണ്ണരാക്കിയത് അവർ അറിഞ്ഞതേയില്ല … .
ദയാവധം **************** ശ്വാസം മുട്ടി നെഞ്ചെല്ലുകൾ കൂട്ടിയിടിച്ച് കിടപ്പാണ് കവിത വിശകലനപ്പുറത്ത് … വയറ്റിൽകടിയെന്ന് ക്ഷണനേരത്തിന് ഒരു ശ്വാസം തേങ്ങുന്നുണ്ട് … . ഉഷ്ണിച്ച് വിയർത്തതാകാം കുളിരു നനഞ്ഞതാകാം പേടിപ്പനി മൂത്രം കിനിഞ്ഞതുമാകാം ആസകലം നീരും പൊടിഞ്ഞ് കടലാസുവിരിപ്പ് നനഞ്ഞു കുതിർന്നിട്ടുണ്ട് … നൊടിനേരം തുറിച്ചുരുട്ടി ഭയം വീർപ്പിച്ച് തിളങ്ങി നീരും കോരുന്നു മിഴിക്കിണറുകൾ.. പരിശോധനാ തത്വങ്ങളെല്ലാം മരവിച്ചു പോയി … തൂലിക വിറക്കുകയാണ് … കീറി മുറിക്കണോ സൂചി കയറ്റണോ വായു ക്ഷോഭ ഗുളിക പൊടിച്ചരച്ച് നാവിലിറ്റിക്കണോ … മെശപ്പുറം പൂർവ്വാധികം കമ്പിക്കാൻ തുടങ്ങുന്നു … നോവിന്റെ ഭ്രാന്തെടുത്ത കവിതയെ കീറി മുറിച്ച് ദയാവധമാകാം ദഹിപ്പിക്കുകയുമാകാം പോസ്റ്റ് മോർട്ടം ക്ലീൻ !  !
ഏകാകിയുടെ നാവ് ********************************* അയാളുടെ നാവ് മരിച്ചിട്ടേറേ നാളുകളായി കേൾക്കാനും കേൾപ്പിക്കാനും കേൾപ്പിക്കപ്പെടാനും ചുറ്റിലുമൊന്നുമില്ലാതായ ഇടങ്ങളിൽ അയാളിൽ നിന്നും അയാളിലേക്കും ഒന്നുമില്ലാതായിട്ട് ഏറെയായി … വാക്കുകൾ കുമിഞ്ഞ സമ്പത്ത് സിരകളിൽ ആവോളമുണ്ട് നാവിലേക്കിറങ്ങാൻ ഒന്നു തെന്നി വീഴുകയെങ്കിലും ചെയ്യാൻ ഒന്നു പോലുമില്ല വാക്ക് … . തലയ്ക്കകം ഭയകമ്പനങ്ങൾ കുലുക്കിയടുക്കാനും …. അതല്ലായെങ്കിൽ മൌനത്തിന്റെ ശീതച്ചാലിൽ അഴുകിയലിയാനും എന്നോ തുടങ്ങിയതാണ് … നാവടക്കിയാലും വാക്കിനെ ചലിപ്പിക്കണമയാൾക്ക് വിരലുകളിലൂടൊഴുകി ഏകാകിയുടെ തൂലികയിൽ. വിരിഞ്ഞേക്കാം ഒരു കവിതപ്പൂ …
ചതിച്ചാട്ടം ******** നിന്നെയളക്കാതെ ജീവിതക്കട്ടിൽ പണിതപ്പോൾ ഓർത്തതേയില്ല നിന്റെ ശയനം കട്ടിൽ കവിയുമെന്ന് …   വിളികൾ ******** മാടിവിളിക്കുന്ന ഉയരങ്ങൾ കതോരം മന്ത്രിക്കുന്നുണ്ട് നിലം തൊടാത്ത സുഖദമായ യത്രോല്ലാസം അവസ്ഥാന്തരം ************ ചെമ്പരുത്തിച്ചോപ്പ് ചെവിവിടവിൽ ഭ്രാന്താവേശം ! ഞരടി നീരായാൽ ദിവ്യൌഷധി !
സൈദ്ധാന്തികമല്ലയോ ****************** നടുക്കടലിലെ നൌകക്കുള്ളിരിരുന്നുള്ള പകപ്പിൽ കിണറാഴം മുട്ടോളം ! കടലിളക്കത്തിൽ പുഴക്കവിച്ചിലുകൾ വെറും നീർച്ചാലുകൾ ! വിമാനച്ചിറകുകളിൽ പറക്കുന്ന ആശ്ചര്യനോട്ടങ്ങളിൽ ഹിമകണങ്ങളാകുന്നു മഹാസമുദ്രങ്ങൾ ! ചെറു വക്രങ്ങൾ കോറുന്നു വന്മലകൾ ! ആപേഷികതയ്ക്കും തെളിവെടുപ്പാകുന്നു ഉയർച്ചത്താഴ്ചകൾ
സംഘർഷം ********* എന്റെ സൂക്ഷ്മതയിലേക്കു തന്നെയാണ് നോട്ടങ്ങൾ വീണത്.. ആദ്യം ചൂണ്ടയിട്ട കൊളുത്തുകൾ വഴുതിവീണത് മണത്ത് ചെറു തീപ്പൊരി തായ് നാരിലേക്കെറിഞ്ഞ് പൊട്ടിപ്പോയതിനെ പറത്തിയകറ്റാൻ വന്ന ദുഷിച്ച് കാറ്റിനോട് പരിഭവിച്ചെന്നേയുള്ളൂ … ഒറ്റപ്പെട്ട തുരുത്തിൽ അകം പുറം കാഞ്ഞ് സ്വപ്നലക്ഷ്യങ്ങൾ കൊത്തിയേൽക്കാൻ ദിശ മറന്നു വന്നേക്കാവുന്ന സ്നേഹപ്പറവയേയും കാത്ത് ഏകാന്തതയോടാണ് ഇന്നെന്റെ മൽ‌പ്പിടിത്തം
വ്യർത്ഥം *********** ആ കൺകലക്കത്തിൽ അചുംബിത പ്രണയരഹസ്യങ്ങളായിരുന്നോ … മിഴിക്കടച്ചിലിൽ നീലിച്ചു പോയ നൈരാശ്യങ്ങളായിരുന്നോ … . കൺപീലികൾ നിന്നു വിറച്ചത് ‘ പോടാ പുല്ലേ ’ യെന്നൊരു കോപനിസ്സംഗതയായിരുന്നോ … . എല്ലാം ചേർന്നുള്ള തലക്കനത്തിൽ നഷ്ടങ്ങളെ ഊക്കോടെ പുറം ചവിട്ടാനുള്ള ധിക്കാരമായിരുന്നോ ….
കളഞ്ഞു പോയി ************** മരണത്തിലേക്കും ഓർമ്മിക്കനായി കൊടുത്തു വച്ചിരുന്ന ആർദ്ര സ്നേഹങ്ങളും അവ മനസ്സിൽ തുല്യം ചാർത്തിയ ഉടമ്പടികളും … .
സൌമ്യ…. ജ്യോതി…. .. ജിഷ…. നെട്ടോട്ടം ദിശ തെറ്റിക്കുന്ന കാറ്റുകൾ മന്തുമുടന്തേറ്റിയാണ് മണ്ണും വിണ്ണും തൊടാതെയങ്ങനെ… അറിയാപ്പുറങ്ങളിലേക്ക് വായിൽനോക്കിക്കാറ്റുകൾ പിൻ തിരിഞ്ഞ് പറക്കുമ്പോൾ… കുലുങ്ങിയടർന്ന പീഡനപ്പേരുകളിട്ട് കൊഴിച്ചിട്ട വാട്ടയിലകൾ സംസ്കരിക്കപ്പെടുന്നുണ്ട് ത്വരിതഗതിയിൽ മറവിയുടെ മണ്ണാഴങ്ങളിൽ ഇനിയവർക്ക് നോവുറക്കം….