Posts

Showing posts from July, 2013
ഉറക്കം --- ഗീത മുന്നൂർക്കോട് ---- ഒന്നുകിൽ നട്ടുച്ചക്ക് - അല്ലെങ്കിൽ പാതിരാവടുക്കുമ്പോൾ … കാത്തിരുന്ന് മടുപ്പിൽ തളർന്ന് എങ്ങനെ സ്വീകരിക്കണം എന്ന് ആകുലപ്പെടുമ്പോൾ … ലഹരി പോലെ ഇഴഞ്ഞു വന്ന് പമ്മി നിന്ന് കൺപോളകളെയൊന്ന് തലോടി ചുംബിച്ച് നിന്നോടുരുമ്മിയൊന്ന് അലസമായി മയങ്ങാമെന്ന സ്വപ്നം നെയ്യുമ്പോഴായിരിക്കും … ചെറിയൊരു ചെത്തം മതി ഉറക്കെയത് കേട്ടെന്ന് ഭാവിച്ച് നിനക്ക് പിണങ്ങാനും ഓടി മറയാനും എനിക്ക് വീണ്ടും കാത്തു മുഷിയാനും … ..
കണക്കില്ലായ്മകൾ --- ഗീത മുന്നൂർക്കോട് ---- വട്ടം മാത്രം അവന്റെ വിരൽത്തുമ്പുകളിൽ വളഞ്ഞു വന്നില്ല ബുദ്ധിയിലും തെളിഞ്ഞില്ല . ജന്മസ്വപ്നങ്ങൾ പോലും വലിയ കണക്കുകളെന്ന് ആരോ പറഞ്ഞുറപ്പിച്ചത് കേട്ട് തെളിഞ്ഞു നിന്ന ഗർഭസ്ഥഭ്രൂണം ഏതു ജന്മകാലങ്ങളിൽ പഠിക്കാൻ പൂജ്യത്തിന്റെ കണക്കുകൾ … അവന്റെ കാഴ്ച്ചകളിൽ പൂജ്യവട്ടങ്ങൾ വക്രിക്കാത്തതിന്റെ പേരിൽ ജീവിതപരീക്ഷകളിലെല്ലാം ഉത്തരങ്ങൾക്കെതിരെ തോൽവിയുടെ വട്ടങ്ങൾ മാത്രം വീണത് നക്ഷത്രങ്ങൾക്ക് പിഴച്ചതോ … . മനക്കണക്കുകളിലാകട്ടെ തട്ടിയും മുട്ടിയും കളിച്ച് വട്ടം മറന്നുരുണ്ട് അവൻ തോറ്റുകൊണ്ടേയിരുന്നു … അവന് വേണ്ടി അച്ഛനുമമ്മയും വഴിക്കണക്കുകൾ കൂട്ടിയും കിഴിച്ചും വച്ചതിൽ വഴികളിടഞ്ഞ് അവനിടഞ്ഞ് വഴി മുട്ടി നിൽക്കുന്നു തോൽവികൾക്കും കണക്കില്ലാതെ …

വിധിയുടെ വരികൾ

--- ഗീതമുന്നൂർക്കോട് --- ഛന്ദസ്സില്ലാതെ എഴുതപ്പെട്ട ഈണങ്ങളില്ലാത്ത ശ്രുതിസൌന്ദര്യമുടഞ്ഞ താളവട്ടങ്ങളും ഗതി വിഗതികളും ശോഷിച്ച ശിരോലിഖിതം ഒരു വിചിത്ര കാവ്യം ! വിപരീതച്ചേർച്ചകളുടെ സങ്കര വാക്കുകളാൽ നിരർത്ഥകമെന്ന് തോന്നിപ്പിക്കുന്ന ഗഹനമായ വരികൾക്കിടയിൽ മതിഭ്രംശത്തിന്റെ വിവിധാർത്ഥങ്ങൾ വേണ്ടുവോളം ! വിധിയുടെ അജ്ഞേയമായ വരികൾ വായിക്കാനാകാതെ ഞാനെന്നെ അറിയാതെ ഈണമിടുന്നെന്റെ വിരലുകൾ … .! അവ ശോഷിച്ചുടയുമ്പോൾ ശിരോലിഖിതം സൂക്ഷിക്കപ്പെട്ട പേടകത്തിൽ എന്റെ വരികളും അടക്കപ്പെടും .

പ്രക്ഷോഭം

--- ഗീത മുന്നൂർക്കോട് --- വിശപ്പിന്റെ പാട്ടുകൾ പാതയോരങ്ങളിൽ താളമിടുമ്പോൾ … ഒരു പിടിമണ്ണിന് വേണ്ടി നെഞ്ചുരുക്കങ്ങൾ മുദ്രാവാക്യങ്ങളിൽ ഉടയുമ്പോൾ … നിത്യപ്പൊറുതിക്ക് വിശപ്പിന്റെ പിച്ചപ്പാള നീണ്ടടുക്കുമ്പോൾ … നീതിയിരക്കുന്ന ആവലാതികൾ കാതടപ്പിച്ച് കലഹിക്കുമ്പോൾ … ഇല്ലായ്മയെ പൊതിയുന്ന മൂലമീമ്പുന്ന അട്ടകൾ പിഴുതെറിയപ്പെടുമ്പോൾ … സാധാരണ മുഖങ്ങൾ ചോദ്യ ചിഹ്നം വരക്കുമ്പോൾ … വലുതായി വക്രിക്കുമ്പോൾ … കല്ലെറിയുന്നു ജനക്കൂട്ടം എല്ലാം ഭീകരതയുടെ തുടക്കമെന്ന് വാഴുന്നവരുടെ ജാള്യത .