Posts

ആത്മഹത്യക്കുശേഷമവ
*********************************************
പ്രാണയദേവനോ
അതോ പരമബോറനോ...
തിരിച്ചറിയാൻ
ഒരു പഴുതുമില്ലായിരുന്നു
നിന്റെ
രണ്ടിനുമിടക്കൊരു
സമദൂരപ്രഖ്യാപനത്തിന്റെ
സിദ്ധാന്തത്തിലേക്കുതന്നെയാണ്
സകലകുഴപ്പങ്ങളും
കരണംകുത്തി മറിഞ്ഞത്...


ഇങ്ങനെ നീണ്ടുമലർന്നു നിലത്തു
കിടക്കുമ്പോളെനിക്കെല്ലാം കാണാം


തീയൽച്ചെമപ്പുപോരെന്നെന്റെ
കണ്ണിലേക്കെറിഞ്ഞ നീറ്റൽ
കൊണ്ടിട്ടാകണം
തീകൊളുത്തിയത്
നിന്‍റെ ചെങ്കണ്ണിലൊരു
തീത്തുള്ളി കത്തിപ്പടരുന്നത്...


കാച്ചിയിട്ട
ഉപ്പുപോരാത്ത പപ്പടത്തിൽനിന്നും
മർദ്ദം പൊങ്ങിയ കനത്തപ്രഹരം
കരളെന്റെ പൊള്ളിച്ചത്
ദേ... നോക്ക്
ഇപ്പോഴാ പരുത്തകൈവള്ളയിൽ
പാണ്ടുപോലെ...


തലമറന്ന്
ലഹരിയുണ്ടുവന്ന
പാതയരികിൽ
*******************
വെയിൽവാട്ടത്തിൽ
പൊരിഞ്ഞ
വയറുണക്കത്തിൽ
വിയർത്തൊലിച്ച
ക്ഷോഭിച്ചവശയായ
സന്ധ്യയെയയാൾ
രാത്രിയുടെ
ഇരുൾത്തണുപ്പിലേക്ക്
ചുരുട്ടിയിട്ടു.


തേരട്ടയുടെ
വക്രവൃത്തം
തുളച്ചുനിവർത്താനിനി
ഏതു വെട്ടം ?

ചിരി പൂത്ത്
****************


വിരിയാൻ
തിടുക്കം കൂട്ടിനിൽക്കുന്ന
മൊട്ടുപോലെ
കണ്ടിട്ടാകണം
പുലരിക്കുളിര്
വന്നുപുണരേണ്ടത്


കാറ്റ്
വിരൽമുട്ടിച്ച്
മെയ്തൊട്ട്
കൂട്ടം കൂടേണ്ടത്


മെല്ലെമെല്ലെ
ഇളംവെയിൽപ്പൊടി
തൂവിവിതറി
പകലോൻ
ചുംബിക്കേണ്ടത്


അപ്പോളൊരു
കാഴ്ചക്കാരിയായി
കാഴ്ചക്കായി
ഒരുങ്ങിനിൽക്കണം
ചിരിപ്പൂവായി.
കറ
*****
കയ്യും കെയ്യും മനസ്സും
അറിയാതെയാണ്
ചില കറകൾ
ജീവിതത്തിലേക്കു
വന്നുവീഴുക
വീണൊട്ടുക.
വീണിടം വരണ്ടുണങ്ങി
അവിടെ കിടക്കും
രാസമിറ്റിച്ചൊന്നു മാറ്റാനാകാവിധം
പോകില്ലെന്നു ശാഠ്യം പിടിക്കും


ഉള്ളിന്റെയാഴത്തിലേക്കുതിരുകി
വീണ്ടുമുടുക്കുമ്പോൾ
എത്രനാളിനിയെന്ന
ആശങ്കയിൽ
അറിയാതെ വീണ കറ
പൊടിഞ്ഞുകലഹിക്കും
പിന്നെപ്പിന്നെ
തുളയാകും
ശൂന്യതയാകും
തുളകൾചേർന്നുനിന്ന്
ജീവിതം മൊത്തമായങ്ങനെ
കീറിപ്പൊളിഞ്ഞ്...
ണീം.... ണീം....
******************
വെറുതെയിരുന്ന്
ഒരു കിളിന്തുപകൽക്കിനാവിന്റെ
നനുന്തുവിരലും പിടിച്ച്
ഇളംകാറ്റിനോടു സല്ലപിച്ച
പൂമൊട്ടിനെയൊന്നു മുത്തി
അപൂർവ്വക്കഴ്ച്ചപോലെ
ഇണമൈനകൾ
കൊക്കുരുമ്മുന്നതു കണ്ട്
നാണിച്ചെന്നു കണ്ണിറുക്കി
മതിമറന്നങ്ങനെ
നിമിഷങ്ങളെ
നുണഞ്ഞിറക്കുമ്പോഴാണ്
ഹൊ!
ഞെട്ടാനും വേണമായിരുന്നു
ഈ സമയമണി.പനിക്കുമ്പോളാണിങ്ങനെ...
*****************************************
നെറ്റി പൊള്ളുന്നെന്ന്...


എങ്ങനെ പൊള്ളാതിരിക്കും
തലയ്ക്കകത്ത്
ചിന്തയിലകൾ,
ചില്ലകൾ
ചീളുകൾ
എല്ലാം കോരിയിട്ടുകൂട്ടി
കത്തിക്കുകയല്ലേ...


ഉടൽവിറച്ചുപനിക്കുന്നെന്ന്...


എങ്ങനെ പനിക്കാതിരിക്കും
ക്ഷോഭക്കൊള്ളികളടുക്കി
വിചാരങ്ങൾക്കഗ്നിയിട്ട്
സിരകളിൽ പുകയ്ക്കുകയല്ലേ...!
അതും തൊട്ടുണർന്ന്
ചുട്ടു തിളക്കുകയല്ലേ
ചോരത്തുള്ളികൾ
ധമനികളിൽ
ചിരിച്ചു താളം മുറുക്കുകയല്ലേ...!

മോഷണം ******************
വയറ്റിനകത്ത് വിശപ്പുപൂച്ച ചൊറിയുന്നു നുള്ളിനോവിക്കുന്നു അവന്റെ പൂച്ചക്കണ്ണുകൾ വഴിപോക്കന്റെ പോക്കറ്റിലേക്ക് എടുത്തുചാടുന്നു.