Posts

Showing posts from May, 2013
സമയമുഖം --- ഗീത മുന്നൂർക്കോട് --- വിളർത്ത ചുമരിൽ വട്ടത്തിൽ കറക്കി നീ മിടിയ്ക്കുന്നു . അക്കങ്ങളെടുത്തുഴിഞ്ഞ് ടിക് ടിക് ചിലച്ച് ണീം ന്ന്ന്റെ തലയ്ക്കൊരു കൊട്ടും തന്ന് … . നിന്റെ കൂടെന്റെ കാലുകൾ - പടപടാന്ന് നിനക്കൊപ്പമെന്റെ കൈകൾ - ‘ കുറുകുറെ ’ പല്ലുകൾ - തുരുതുരാ നാക്കിലോട്ട് വാക്കേറ്റം നെട്ടോട്ടം , പടയോട്ടം ക്ഷണങ്ങളെണ്ണിയെണ്ണി നിന്റെ ശകാരം - വേണ്ട വേണ്ട കസേരക്കളി വാർത്തകളൊന്നും വേണ്ട കാണണ്ട , കേക്കണ്ട മെഗാ എപ്പിസോഡിൽ കരയണ്ട ബാക്കി ജന്മമിങ്ങനെ വെറുതെ എറിയണ്ട . അടുക്കളയിലൂതിക്കത്തുക തീൻ മേശയിൽ നിന്നെ വിളമ്പുക ഒന്നു മൊത്തമായി തേച്ചുമോറി തൂത്തു കോരി വിഴുപ്പലക്കി കേറി വാ ആപ്പീസ് ഫയലുകളിലേയ്ക്കെന്നെ മുക്കി , കരിഞ്ചന്ത കേറ്റി … . കൊണ്ടു വാ , പെരുക്കങ്ങൾ പെരുക്കി എന്നൊരാജ്ഞയും ഹൊ … . വയ്യ വയ്യേ … . ന്റെ സമയസൂചീ കൈയ്യും മെയ്യും കാലും വിരലും തേങ്ങി വിതുമ്പി ഒന്നു ചാഞ്ഞോട്ടേ ഞാൻ … . ടിക് .. ടിക് .... ടിക് …… ണീം … . കൂ …... ന്ന്  നീ പിന്നേം അലാറം വിളിക്കുന്നു … . സമയമേ , നിന്റെയീ മിടിയ്ക്കുന്ന വട്ടമ
മടക്കം ---  ഗീത മുന്നൂർക്കോട്  ---- എഴുതാപ്പുറം മാത്രം വായിക്കുന്ന നിനക്ക് ഞാനെന്റെയകം തന്നു പുറം തോടുകളെല്ലാം ചിക്കിത്തുരന്ന് നീ ചികഞ്ഞിടത്തൊന്നും എന്നെ കണ്ടില്ല . എന്നിലേൽ ‌ പ്പിച്ച ഒരായിരം പുറം വ്രണങ്ങളിൽ നിന്നും നീ സംതൃപ്തി നേടിയെന്ന് ഇല്ല  -  എന്റെയകം നിറയെ കുളിരാണ് നിനക്കായ് മാത്രം കരുതി വച്ചത് നീ വന്നു കൊൾക വേനലിന്റെ കനൽക്കാറ്റുമായി  - എന്നിലേയ്ക്ക് ഒന്നൂളിയിട്ടാൽ മാത്രം മതിയാകും നിന്നെ തണുപ്പിക്കുന്ന എന്റെ സ്നേഹച്ചീളുകളെ ഊറ്റിയുണക്കാൻ നിന്റെയുഷ്ണം മതി വരില്ല . നിന്റെ പത്തികൾ എന്നിലേക്ക് മടങ്ങുക തന്നെ ചെയ്യും .
വെറുമൊരു മരമാണ് ഞാൻ --- ഗീത മുന്നൂർക്കോട് -- തലയില്ലാത്ത മുഖമില്ലാത്ത മനസ്സില്ലാത്തൊരു വെറും മരം . മെലിഞ്ഞുണങ്ങുന്ന കാക്കക്കൂട്ടം തലേന്ന് പട്ടിണി കിടന്ന വിവരം ‘ കാ കാ ’ ന്ന് നിലവിളിക്കുമ്പോഴാണ് ഞാനൊന്ന് കുലുങ്ങിയുണരുന്നത് തന്നെ . ഇലകൾക്ക് മഞ്ഞ തേച്ച് പുഴുക്കൾക്ക് മേയാൻ ഞാനെന്നേ നിവർത്തി വിരിച്ചതാണ് . നിറയെ പോടുകളാണീ തടി മുഴുവൻ കൊത്തിക്കൊത്തി മരംകൊത്തികൾ വിരുന്നുണ്ട് പോയതാണ് . പാമ്പുകൾക്ക് വിഷമുട്ടയിട്ടിഴയാൻ മാളങ്ങളുണ്ടെന്നിൽ തലങ്ങും വിലങ്ങും . ഇരുട്ടിന്റെ വവ്വാലുകൾക്ക് ചിറകിട്ടടിക്കാൻ ഊറ്റത്തിലങ്ങനെ വളഞ്ഞിട്ടുണ്ടെന്റെ കൊമ്പുകൾ ഇനി ഭിക്ഷാടകർ വേണ്ട പൂവാലൻ തെമ്മാടികൾക്ക് ചൂടേൽക്കും തണലിരിക്കട്ടെ . സന്ധ്യക്കിളികൾ ചേക്കേറാനെത്തുമ്പോൾ ഒന്ന് കുടഞ്ഞു നിവർന്ന് എന്റെ തല കുനിയുന്നു … .. വേണ്ട …… പോകൂ …. ഇവിടം നിങ്ങൾക്ക് ചേരില്ല … .
അച്ഛൻ വരുന്നുണ്ട് … --- ഗീത മുന്നൂർക്കോട് --- ചുമരുകൾക്ക് സ്വപ്നങ്ങൾ തേയ്ക്കാത്ത ചാളപ്പുര അച്ഛന്റെ വരവുപോക്കുകളെ ശപിയ്ക്കുന്ന ഓലപ്പുരയ്ക്കും ലഹരിഷാപ്പിനുമിടയ്ക്ക് അച്ഛന്റെ പകലുണർവ്വുകൾപ്പോലും മേയാൻ പോകുന്ന ചില്ലറ കാൽദൂരങ്ങൾ … സൂര്യൻ പടിഞ്ഞാറ് കോപിച്ചു തുടുത്ത് അസ്തമയം കഴിഞ്ഞുള്ള അസമയം വറ്റു മുങ്ങിപ്പോയ മൃഷ്ടാന്നത്തിലേയ്ക്ക് ഉപ്പു നുള്ളിയിടുന്നുണ്ടാവും കുഞ്ഞിക്കണ്ണുകൾ … കള്ളിൻ തികട്ടലുകൾക്ക് കാതു പൊത്തുന്നുണ്ടാകും കല്ലു വഴികൾ … . മുൾവേലിക്കരികിൽ ഒരു ഫണം നീണ്ടു വരുന്നുണ്ടാകും … രണ്ടിളം കണ്ണുകൾ അപ്പോഴേയ്ക്കും ഇരുട്ടിലേയ്ക്ക് നീന്തുന്നുണ്ടാകും … ഏങ്ങി വലിക്കുന്നൊരു നിഴൽ നടവഴിയിലേക്കെത്തി നോക്കുന്നുണ്ടാവും … . ചുക്കിച്ചുളിഞ്ഞോരെല്ലിൻ കൂട് ശാപം കുരയ്ക്കുന്നുണ്ടാകും … വേലിക്കെട്ടിലെ മുല്ല ഹും ഹും ന്ന് പറഞ്ഞ് മൂക്കു ചീറ്റാൻ തുടങ്ങും … ചപ്പിലകൾ കലപില കൂട്ടി ചിലയ്ക്കാൻ തുടങ്ങും … വരണ്ണ്ട് … . സ്നേഹവാലാട്ടി   ചൊക്ലിപ്പട്ടി മോങ്ങിക്കൊണ്ട് താക്കിത് കൊടുക്കും .. മോളേ … ദേ … അച്ഛൻ വര
തുടക്കം എത്ര ശുഭമായിരുന്നു…. ----ഗിത മുന്നൂർക്കോട്---- അതെ തൂ വെള്ളയിട്ടാണിറങ്ങിയത് ധൃതിയുണ്ടായിരുന്നിട്ടും… എത്തേണ്ടിടം മനസ്സിൽ പലയിടങ്ങളിലും മുദ്രയടിച്ചു വച്ചിരുന്നു. ഏതു നിമിഷമാണാവോ കുതികാൽ നീട്ടിയത്… തുടികളും, കൊമ്പും, കുഴലും പൂവിളികളും തെളിതിരികളും പുതുവേഴ്ച്ചകളും വാണിഭപ്പകിട്ടും പൊന്നും എല്ലാമൊത്ത് ജാഥയിലേക്ക് തോൾ ചേർത്തത്… തെറിച്ചു വീണ തുള്ളികൾ കുടയുമ്പോഴേക്കും വീണു കഴിഞ്ഞിരുന്നു കറകൾ….വലുതായിട്ടങ്ങനെ. ചെളിയും കാഷായവും പലവിധ ചെടിപ്പുകളും കുപ്പായമങ്ങ് നിറഞ്ഞു പോയി… എന്റെ വെള്ളക്കുപ്പായത്തിന് രക്തത്തുടുപ്പു കിട്ടിയത് എപ്പോഴെന്നോ എങ്ങനെയെന്നോ അറിയാതെ….. അസ്തമയത്തിലേക്ക് ചേക്കേറുമ്പോൾ ഇക്കുപ്പായം നിറങ്ങളെയപ്പാടെ വിഴുങ്ങി കറുക്കുമ്പോൾ തീയിടണം…. ഒരു ജ്വാലയെങ്കിലും വെളുത്തുയരട്ടെ നരച്ച ചാരം ശേഷിക്കട്ടെ.
മകളുടെ അമ്മ ---ഗീത മുന്നൂർക്കോട് ---- പെറ്റിട്ട പെണ്മിഴികളിലേയ്ക്ക് വേവലാതിയുടെ  ഒരായിരം മുൾനോക്കുകൾ…. അവളുടെ വളർച്ചവട്ടങ്ങളിൽ ഒരമ്മയുടെ കാഴ്ച്ചവെട്ടം പരിഭ്രാന്തിയോടെ മിടിയ്ക്കും… ദുരപ്രാവിന്റെ കൊക്കുകളെങ്ങാൻ ഇവിടം കൊത്തിച്ചിനക്കിയാലോ… സ്വർണ്ണനാഗത്തിന്റെ പിളർന്ന നാവിണകളെങ്ങാൻ വില്ലുപോലെ വളഞ്ഞ് ഇവൾക്കു നേരെ വിഷമെയ്താലോ…. ഭ്രാന്തൻ കാടുകളിൽ നിന്നെങ്ങാനും കാമക്കൊമ്പുകൾ മുനച്ചെഴുന്ന് ഇവളുടെ ഉൾസത്തയിലേയ്ക്ക് തുളച്ചിറങ്ങിയാലോ…. അമ്മയുടെ കാഴ്ച്ചവട്ടം വലുതായി വരുന്നു പൊന്മകൾ ചിരിക്കുമ്പോൾ ചുവക്കുമ്പോൾ കൊഞ്ചൽ മൊഴിയിലവളുടെ കിന്നാരം കിനിയുമ്പോൾ മെയ്യനക്കങ്ങളിൽ അവൾ സ്വയം മറക്കുമ്പോൾ…. കൊളുത്തുകൾ കോർക്കാൻ താതൻ…,സഹോദരൻ…, മാതുലൻ…അയൽകണ്ണുകൾ… ആയുധം പരതുന്നു അമ്മവാത്സല്യം. മകളുടെ അമ്മയ്ക്കിനി നിദ്രാഹീന രാവുകൾ.