ബ്ലേഡ്
--- ഗീത മുന്നൂർക്കോട് ---

ഇന്നലെകൾ
ക്ഷണിച്ച് വരുത്തിയ കടപ്പത്രങ്ങളുമായി
കട്ടായം പറഞ്ഞ്
ഇറങ്ങിപ്പോയിട്ടുണ്ട്


ഇന്ന്
അതിന്റെ ശരികളിലേക്ക്
കുറെ തുറിച്ച് നോട്ടങ്ങളെ
ഇറക്കി വിടുന്നുണ്ട്


വീട് തലയറഞ്ഞ് പ്രാകുന്നുണ്ട്
ജപ്തിക്കടലാസ്സും നീട്ടി


പൊന്നാക്കി പറഞ്ഞു വിട്ട
പെണ്ണൊരുത്തിയുടെ
പോരായ്മകൾ
കിരുകിരുക്കുന്നുണ്ട്
അയലത്ത്
മേഞ്ഞ് നടക്കുന്ന കാറ്റിൽ


പൊങ്ങച്ചമൂട്ടിയ
പലവ്യഞ്ചനങ്ങൾ
ഫോൺ കിളികളായി
ചിലച്ച് ചീത്ത വിളിക്കുന്നുണ്ട്


ഇന്നലെ കയറി നിരങ്ങിയ
കടങ്ങൾ അറിഞ്ഞിരുന്നോ എന്തോ
നാളെയൊരു പുലരി
ബ്ലേഡ്
കൈ ഞരമ്പിൽ മുട്ടി
രക്തപ്പൂക്കളുടെ മെത്തയിൽ
തളർന്ന് കിടക്കുമെന്ന്


Comments

  1. കടം
    ഭാരം
    ഭാരക്കടം

    ReplyDelete

Post a Comment

Popular posts from this blog