Posts

Showing posts from May, 2016
ദയാവധം **************** ശ്വാസം മുട്ടി നെഞ്ചെല്ലുകൾ കൂട്ടിയിടിച്ച് കിടപ്പാണ് കവിത വിശകലനപ്പുറത്ത്
വയറ്റിൽകടിയെന്ന് ക്ഷണനേരത്തിന് ഒരു ശ്വാസം തേങ്ങുന്നുണ്ട്.
ഉഷ്ണിച്ച് വിയർത്തതാകാം കുളിരു നനഞ്ഞതാകാം പേടിപ്പനി മൂത്രം കിനിഞ്ഞതുമാകാം ആസകലം നീരും പൊടിഞ്ഞ് കടലാസുവിരിപ്പ് നനഞ്ഞു കുതിർന്നിട്ടുണ്ട്
നൊടിനേരം തുറിച്ചുരുട്ടി ഭയം വീർപ്പിച്ച് തിളങ്ങി നീരും കോരുന്നു മിഴിക്കിണറുകൾ..
പരിശോധനാ തത്വങ്ങളെല്ലാം മരവിച്ചു പോയി തൂലിക വിറക്കുകയാണ് കീറി മുറിക്കണോ സൂചി കയറ്റണോ വായു ക്ഷോഭ ഗുളിക പൊടിച്ചരച്ച് നാവിലിറ്റിക്കണോ
മെശപ്പുറം പൂർവ്വാധികം കമ്പിക്കാൻ തുടങ്ങുന്നു നോവിന്റെ ഭ്രാന്തെടുത്ത കവിതയെ കീറി മുറിച്ച് ദയാവധമാകാം
ഏകാകിയുടെ നാവ് ********************************* അയാളുടെ നാവ് മരിച്ചിട്ടേറേ നാളുകളായി
കേൾക്കാനും കേൾപ്പിക്കാനും കേൾപ്പിക്കപ്പെടാനും ചുറ്റിലുമൊന്നുമില്ലാതായ ഇടങ്ങളിൽ അയാളിൽ നിന്നും അയാളിലേക്കും ഒന്നുമില്ലാതായിട്ട് ഏറെയായി
വാക്കുകൾ കുമിഞ്ഞ സമ്പത്ത് സിരകളിൽ ആവോളമുണ്ട് നാവിലേക്കിറങ്ങാൻ ഒന്നു തെന്നി വീഴുകയെങ്കിലും ചെയ്യാൻ ഒന്നു പോലുമില്ല വാക്ക്.
തലയ്ക്കകം ഭയകമ്പനങ്ങൾ കുലുക്കിയടുക്കാനും….
അതല്ലായെങ്കിൽ മൌനത്തിന്റെ ശീതച്ചാലിൽ അഴുകിയലിയാനും എന്നോ തുടങ്ങിയതാണ്
നാവടക്കിയാലും വാക്കിനെ ചലിപ്പിക്കണമയാൾക്ക്
വിരലുകളിലൂടൊഴുകി ഏകാകിയുടെ തൂലികയിൽ. വിരിഞ്ഞേക്കാം
ഒരുകവിതപ്പൂ
ചതിച്ചാട്ടം ******** നിന്നെയളക്കാതെ ജീവിതക്കട്ടിൽ പണിതപ്പോൾ ഓർത്തതേയില്ല നിന്റെ ശയനം കട്ടിൽ കവിയുമെന്ന്
വിളികൾ ******** മാടിവിളിക്കുന്ന ഉയരങ്ങൾ കതോരം മന്ത്രിക്കുന്നുണ്ട് നിലം തൊടാത്ത സുഖദമായ യത്രോല്ലാസം
അവസ്ഥാന്തരം ************ ചെമ്പരുത്തിച്ചോപ്പ്
ചെവിവിടവിൽ ഭ്രാന്താവേശം ! ഞരടി നീരായാൽ
ദിവ്യൌഷധി!
സൈദ്ധാന്തികമല്ലയോ ****************** നടുക്കടലിലെ നൌകക്കുള്ളിരിരുന്നുള്ള പകപ്പിൽ കിണറാഴം മുട്ടോളം!
കടലിളക്കത്തിൽ പുഴക്കവിച്ചിലുകൾ വെറും നീർച്ചാലുകൾ!
വിമാനച്ചിറകുകളിൽ പറക്കുന്ന ആശ്ചര്യനോട്ടങ്ങളിൽ ഹിമകണങ്ങളാകുന്നു മഹാസമുദ്രങ്ങൾ! ചെറു വക്രങ്ങൾ കോറുന്നു വന്മലകൾ!
ആപേഷികതയ്ക്കും തെളിവെടുപ്പാകുന്നു
ഉയർച്ചത്താഴ്ചകൾ
സംഘർഷം *********
എന്റെ സൂക്ഷ്മതയിലേക്കു തന്നെയാണ് നോട്ടങ്ങൾ വീണത്.. ആദ്യം ചൂണ്ടയിട്ട കൊളുത്തുകൾ വഴുതിവീണത് മണത്ത് ചെറു തീപ്പൊരി തായ് നാരിലേക്കെറിഞ്ഞ് പൊട്ടിപ്പോയതിനെ പറത്തിയകറ്റാൻ വന്ന ദുഷിച്ച് കാറ്റിനോട് പരിഭവിച്ചെന്നേയുള്ളൂ
ഒറ്റപ്പെട്ട തുരുത്തിൽ അകം പുറം കാഞ്ഞ് സ്വപ്നലക്ഷ്യങ്ങൾ കൊത്തിയേൽക്കാൻ ദിശ മറന്നു വന്നേക്കാവുന്ന സ്നേഹപ്പറവയേയും കാത്ത് ഏകാന്തതയോടാണ് ഇന്നെന്റെ മൽ‌പ്പിടിത്തം
വ്യർത്ഥം *********** ആ കൺകലക്കത്തിൽ അചുംബിത പ്രണയരഹസ്യങ്ങളായിരുന്നോ…
മിഴിക്കടച്ചിലിൽ നീലിച്ചു പോയ നൈരാശ്യങ്ങളായിരുന്നോ….
കൺപീലികൾ നിന്നു വിറച്ചത് ‘പോടാ പുല്ലേ’ യെന്നൊരു കോപനിസ്സംഗതയായിരുന്നോ….
എല്ലാംചേർന്നുള്ളതലക്കനത്തിൽ നഷ്ടങ്ങളെ ഊക്കോടെ പുറം ചവിട്ടാനുള്ള ധിക്കാരമായിരുന്നോ….
കളഞ്ഞു പോയി ************** മരണത്തിലേക്കും ഓർമ്മിക്കനായി കൊടുത്തുവച്ചിരുന്ന ആർദ്ര സ്നേഹങ്ങളും അവ മനസ്സിൽ തുല്യം ചാർത്തിയ ഉടമ്പടികളും….
സൌമ്യ…. ജ്യോതി…. .. ജിഷ….
നെട്ടോട്ടം ദിശ തെറ്റിക്കുന്ന കാറ്റുകൾ മന്തുമുടന്തേറ്റിയാണ് മണ്ണും വിണ്ണും തൊടാതെയങ്ങനെ…
അറിയാപ്പുറങ്ങളിലേക്ക് വായിൽനോക്കിക്കാറ്റുകൾ പിൻ തിരിഞ്ഞ് പറക്കുമ്പോൾ…
കുലുങ്ങിയടർന്ന പീഡനപ്പേരുകളിട്ട് കൊഴിച്ചിട്ട വാട്ടയിലകൾ സംസ്കരിക്കപ്പെടുന്നുണ്ട് ത്വരിതഗതിയിൽ മറവിയുടെ മണ്ണാഴങ്ങളിൽ ഇനിയവർക്ക് നോവുറക്കം….
തമോഗർത്തത്തിൽ നിന്നുയിർക്കാൻ ******************************* ഇന്നുഞാനെന്റെനാടിൻചത്തവൈഭവത്തിന്റെ നഗ്നമായുള്ള നുണച്ചിത്രം രചിക്കണോ….. ചോരയിറ്റീടുന്ന കദനക്കറുപ്പിൻ മഷിത്തുള്ളി കുത്തി നിറയ്ക്കണോ നാരായക്കുഴലിതിൽ ?
കാലമല്ലോ കളിച്ചു രസിച്ചു കുടഞ്ഞിട്ട് ‘ മറവിയിൽമുക്കുകെ’ ന്നാംഗ്യാംഗുലിയാലെ സുഖദമാമോരുപരിതലതല്പത്തിൽ സ്വപ്നപ്പരൽവെട്ടംപരതിയലയണോ….?
ശിലീഭൂതയാമം, ശിലാഹൃദയഭാര,മെവിടെ -- യെങ്ങു തടഞ്ഞു പിൻമാറണം ഞാൻ…. മൃഗാന്ധമാകുന്ന മാനവരുദ്രഭാവങ്ങളിൽ ഏതൊഴുക്കിൽഞാൻകലർന്നൊഴുകിടേണം…?
അധ:കൃതവേരുകൾ
പൊടിഞ്ഞ് പറക്കുമ്പോൾ ******************************** ജീവിതം ഉടഞ്ഞുടഞ്ഞ് പൊടിഞ്ഞു പറക്കുമ്പോൾ ഞാനൊരു ചിറകു മുളച്ച വർണ്ണപ്പറവയാകുന്നു
ഓരോ കണത്തെയും നോട്ടമിട്ട് ഒന്നിനുവേണ്ടിയുമല്ലാതെ ഓരോന്നിന്റേയും പിറകെ പറക്കുന്നു
കൊക്കിലെടുക്കാൻ മാത്രം ഒന്നുമില്ലെന്ന കണ്ടെത്തലിൽ പുറം തൊരിയാൻ ധൂളിയായി പരിണമിക്കുന്നു.

മുല്ല
ചിരിക്കായ്ക പൂവേ നീ വളർന്ന് വിരിഞ്ഞ വള്ളിയിൽ എഴുന്നു നിൽക്കാൻ പ്രതിരോധ മുള്ളില്ല നിൻ സുഗന്ധം നുകർന്നു നുള്ളാനെത്തും വിരലുകൾക്കെതിർ കൂർപ്പുകളൊടിഞ്ഞേ
കിടപ്പൂ…
നിർദ്ദയം ************* തൊട്ടും തോണ്ടിയും മിനുസം നോക്കിയും തിരിച്ചും മറിച്ചും അകം പുറം വിസ്തരിച്ചെടുത്തും ഉറപ്പാക്കി വിലയ്ക്കെടുത്ത്…

പുത്തനിൽ കൊതിയോടെ സ്നേഹിച്ചും പുന്നാരിച്ചും അണിഞ്ഞുമഴിച്ചും അലക്കിത്തേച്ചും……

വീണ്ടും വീണ്ടും കാലത്തിന് പഴകാൻ വിട്ട് പിന്നിക്കീറിയിട്ടും മൂത്തു നരച്ചിട്ടും കൈവിടാതെ നിലത്തിട്ടടിച്ച് നിലം ചേർത്ത് തുടച്ച് അഴുക്കേറ്റി കൈക്കിലയിൽ നാറത്തേപ്പിൽ….

കൊടുത്ത വില അപ്പാടെ ചോർത്തി ദുർനടപ്പിന്റെ കുപ്പക്കൂനയിലേക്ക് വലിച്ചെറിഞ്ഞു…

ദഹനം ******* ഓർമ്മവാലുകളിൽ തീയിട്ട ഹനുമാൻ ചാട്ടങ്ങൾ ഹൃദയത്തിലേക്കെത്തിയിട്ടുണ്ട് കത്തിപ്പൊള്ളുന്നുണ്ടുള്ളം
മൌനം വാചാലമാകാറുണ്ട് ************************* മിഴിക്കുടങ്ങളിലേക്ക് സ്വപ്നങ്ങളൊഴുക്കുന്ന നിദ്രയിൽ
ഉറക്കം ചടച്ച കാതുകളുടെ ജാലക വിടവുകളിലേക്ക് വിജൃംഭിക്കുന്ന ഓർമ്മമർമ്മരങ്ങളായി
മോഹാലസ്യം കൊണ്ട ഹൃദയപ്പൂക്കളെ തട്ടിയും മുട്ടിയുമുണർത്താൻ സ്വപ്നശലഭങ്ങളായി
മോഹച്ചിറകുകളിൽ തേനിമ്പമൊളിച്ചു കടത്തി പറന്നുയരുന്ന കനമില്ലാക്കിനാവുകളെ കുലുക്കിയടുക്കുകയാണ്
മൌനങ്ങളിലുറവയെടുത്ത് ഉരുവം കൊള്ളുന്ന ഭീമൻ വാചാലത….
പെണ്ണ് ****** ജാതിമതധർമ്മനിറഭേദമില്ലാതെ നിന്റെയസ്തിത്വത്തിന് വെറുമൊരു ഇരയെന്നേ അർത്ഥമുള്ളൂ…
നിന്റെ കൊളുത്തില്ലാ വാതായനങ്ങളും വിജാഗിരിയുടഞ്ഞ വാതിലുകളും കാറ്റുകൾ തൂത്തെടുക്കും
വേട്ടക്കാരൻ പരുഷ മൃഗമാണ്
അവന്റെയമ്പിൻ തുമ്പിൽ കാമവിഷമിനിയ്ക്കുന്നുണ്ട്… കൂർത്ത ദംഷ്ട്രയിലേക്ക് നീ കോർക്കപ്പെട്ടാലുടൻ നിന്റെ നിശ്ചല നീലിമക്കൊപ്പം
നട്ടുച്ചത്തിളയിലും തുറക്കപ്പെടുന്ന ഒളിസങ്കേതങ്ങൾ അവനെ അലിയിച്ച് മറയ്ക്കും….
പെണ്ണേ… നീ ഇര മാത്രമാണ്… പിറവിയിലേ നിനക്കായൊരു മുൾശയ്യയൊരുക്കി വച്ച കാലത്തിന്റെ കണ്ണിൽ
നീ ഒരു കുഞ്ഞു കരടാണ്….