Posts

Showing posts from September, 2013
കള്ളവണ്ടി കയറിപ്പോയ ഓർമ്മകൾ ---- ഗീത മുന്നൂർക്കോട് --- എന്റെ വിരുന്നുകാരിന്ന് പുത്തനായി പണിത തീൻ മേശക്ക് മേൽ നിരന്നിരിക്കുന്ന രുചികളിൽ മനസ്സാറാടി കളിചിരി വട്ടങ്ങളിലാണ് !! ഞാനിവർക്കൊപ്പം അച്ഛനമ്മമക്കൾ വീടും വച്ച് മണ്ണപ്പം ചുട്ട് മനം നിറച്ച് കളിചിരികളുണ്ടത് തികട്ടിയെത്തുന്നല്ലോ … !! അന്ന് മരമായി തണലായി നീയെത്ര വട്ടം ഞാൻ നീട്ടിയ മണ്ണപ്പമടർത്തി നുള്ളി കൊറിച്ചിട്ടുണ്ട് ! എന്റെ കളിവീടുകൾ നിന്റെ തണലുകളിൽ ഉണർന്നിരുന്നുറങ്ങിയത് … ചെറുകാറ്റിന്റെ വിരലുകൾ എന്റെ കളിവീട്ടിലെ സ്വന്തക്കാർക്ക് മാമ്പഴം നുള്ളിയിട്ട് മധുരം വിളമ്പിയത് … കള്ളവണ്ടിക്കയറ്റങ്ങളിൽ എല്ലാം ഒളിച്ചോടി തിരിച്ചൊരു വരവിൽ നിന്റെ ചിതക്ക് മുകളിലല്ലോ ഞാൻ സ്നേഹക്കൂട്ടുകൾ ഈ സ്വന്തക്കാർക്കിന്ന് വിളമ്പുന്നു …
ഉടലിലെ മുറിപ്പാടുകൾ --- ഗീത മുന്നൂർക്കോട് --- ഇലപ്പട്ടയോരോന്നും അടർത്തിയിടുന്ന നോവുകൾ ശരീരത്തിൽ വരച്ച് ചെത്തി മറ്റാർക്കോ ചവിട്ടിക്കയറാൻ പാകത്തിൽ കുമിയുന്നുണ്ടീ , തടിയിൽ  വടുക്കൾ … നിനക്കൊപ്പം ഓരോ പടിയും ഒപ്പത്തിനൊപ്പം മുകളിലേക്ക് കയറാനായിട്ട് … നിന്റെ പച്ചകളൂറിയ നീർക്കുടങ്ങളുടയുന്ന ലഹരികൾ സിരകളിലെ ഞരമ്പു നോവാക്കി നിന്റെ കഴമ്പുകളെ ചവച്ച് നിന്നിലേക്ക് കയറുന്നവൻ … അവനറിയാം മണ്ഡരിയേൽക്കുമ്പോൾ ഞൊടിക്കുള്ളിൽ വീഴ്ത്തപ്പെടേണ്ടവൾ നീയെന്ന് .
ഓടിത്തകർത്തവർ … .. ---- ഗീത മുന്നൂർക്കോട് --- കാലം നീണ്ടു നിവർന്ന് മുന്നോട്ടാഞ്ഞ് ഓടിക്കൊണ്ടേയിരിക്കുന്നു . തൊട്ടു തൊട്ടില്ലെന്ന് മോഹയാനങ്ങൾ ... കാലത്തെ പൂണ്ടടക്കം പിടിച്ചു നിർത്താൻ സമയത്തെ പിടിച്ചൊന്ന് കെട്ടാൻ തത്രപ്പെട്ട ഇടർച്ചയിൽ ഇടഞ്ഞൊരു ക്ഷണം … നിമിഷസൂചി വട്ടം കറങ്ങി മിടിച്ചു … നടുപ്പാതയിലെ രക്തക്കളത്തിൽ …
മുള്ളാണി ---- ഗീത മുന്നൂർക്കോട് --- വാക്കിന്റെ മുള്ളാണികൾ അടിച്ചുകേറ്റിയാണല്ലോ നീയെന്റെ ഹൃദയത്തിൽ ആഴങ്ങളിറക്കിയത് … ഇനിയിപ്പോൾ നേരറിവിന്റെ കഷമാപണം കൊണ്ട് ഓരോ മുള്ളും നീ പിഴുതെടുത്തെന്നിരിക്കിലും നനഞ്ഞ മുറിവുകൾ ഉണക്കിയിട്ടിട്ടുണ്ട് കുറെ വടുക്കൾ ഹൃദയത്തിൽ …