Posts

Showing posts from October, 2013
ചെവിപ്പൊട്ടി എന്റെ നോട്ടങ്ങൾ   നിന്റെ മിഴിയാളങ്ങളിലലയുമ്പോൾ കൺതുറിച്ചെന്നെ മറുവ്യാഖ്യാനം ചെയ്യരുതേ … പ്രണയക്കൊളുത്തെന്നും ധരിച്ചെന്നിൽ മോഹങ്ങൾ നിക്ഷേപിക്കരുതേ … കാന്താസക്തിയോടെന്നോടടുക്കരുതേ എന്റെ മിഴികൾ നിന്റെ ചുണ്ടനക്കങ്ങളെയളക്കുമ്പോൾ ആർത്തിയോടെ മറു പര്യായങ്ങൾ പൊലിക്കരുതേ … ചുംബനമാധുര്യത്തിന് കൊതിക്കരുതേ … കാമസുഷുപ്തിക്കുള്ളിലെന്നെ തളക്കരുതേ … എന്റെ പരവശതയിൽ നിന്റെ ഭാവവിന്യാസങ്ങളിൽ ഞാൻ സൂക്ഷ്മത തേടുമ്പോൾ ഭാവസുഭഗനെന്നോ ഉജ്ജ്വലമൂർത്തിയെന്നോ സ്വയം വിലയിടരുതേ … പെൺതൃഷ്ണയെന്റെ കുതിച്ചു ചാടുന്നെന്ന് രേഖപ്പെടുത്തരുതേ … ഞാൻ നിന്നെ വായിക്കുക മാത്രമാണ് അല്ല , ഏറെ അദ്ധ്വാനിച്ച് നിന്നെ കേൾക്കുക മാത്രമാണ് .
കവിതപ്പെണ്ണേ … . --- ഗീത മുന്നൂർക്കോട് --- പണ്ട് പണ്ട് തേനേ കരളേന്നൊക്കെ വിളിച്ച് കെഞ്ചി വിളിച്ചതാ നിന്നെ എന്തോരു ഗമയായിരുന്ന് , നിനക്കന്ന് ! വൃത്തം വച്ച് ചന്തത്തില് പൊട്ടിടുവിക്കണം പൊന്നുവളയിടീക്കണം അലങ്കരിക്കണം കാൽത്തളക്കോപ്പൊക്കെയിട്ട് താളമിട്ടീണമിട്ട് താരാട്ട് പാടണംന്നൊക്കെ എന്തൊരൂട്ടം വാശിയായിരുന്നു … . എത്ര വട്ടമാ നീ പിണങ്ങിച്ചിണുങ്ങി നിന്നത് … എന്നിട്ടിപ്പൊ എന്തായി നിന്റെ ഗതിയേയ് … .! നിക്കൊന്നും വേണ്ടായേ … ന്ന് വരിയൊപ്പിച്ചോ അല്ലാതെയോ വെറും വാക്കിലോ എങ്ങനേലും എന്നെക്കൂടെ കൂടെ കൂട്ടണേന്നു പിറകെ വന്ന് കെഞ്ചുന്നല്ലോടീ നീയിപ്പൊ !
… ന്റെ നാണിക്കവിത --- ഗീത മുന്നൂർക്കോട് --- ടീച്ചറമ്മേ … .. ങ്ങള് എയുതണതൊക്കെ കവിതോളാ … . ..? എന്തായീക്കവിതാന്ന്വച്ചാ … … ന്നെങ്കൂടൊന്ന് കേപ്പിച്ചൂടെ … .. ന്നാളൊരൂസം നിയ്യ് മുറ്റമടിക്കുമ്പൊ എഴുതീല്ലേ ഒന്ന് അതന്നെ കവിത . കല്ലീ തുണിയടിക്കുമ്പൊ തിരിച്ചും മറിച്ചും നോക്കി നിയ്യ് പിറുപിറുക്കുമ്പൊ ഞാ … അടുത്ത് വന്നാ അപ്പൊ വരും ന്റെ കവിതേം … ന്റെ കൂടെ . വട്ടപ്പാത്രത്തിന് ചകിരി ഉരസി നീയങ്ങനെ താളത്തില് വള കിലുക്കുമ്പൊ ഞാനോർക്കണതും കവിതന്ന്യാ … തേങ്ങക്കൊപ്പം നെന്റെ മനസ്സും കൂടെ ഈ ടീച്ചറമ്മക്ക് വേണ്ടി ചെരകി കൂട്ടാറില്ലേ നാണീ … .. അപ്പഴൊക്കെ ഞാനോരോ നാണിക്കവിത … ണ്ടാക്ക്വായിരിക്കും … നീയങ്ങനെ ചൊപ്പനം കണ്ട് സാമ്പാറില് സ്വാദിളക്കുമ്പഴും വരും .. ന്റെ   നാവിലൂറീംകൊണ്ടൊരു കവിത . അരകല്ലില് ചതച്ചരച്ച് എരിപൊരി നെന്റെ കൈകള് ഉഷാറാകുമ്പൊ ന്റെ കണ്ണിലാ നാണീ കവിത ചൊമക്ക്വാ … . .. ന്നാലും .. ന്റെ നാണിക്കുട്ടീ എന്തോരു ചേലാ നാണിക്കവിതക്ക് … നെന്നെപ്പോലെന്നെ !
തൂപ്പുകാരി ---- ഗീത മുന്നൂർക്കോട് --- കുറ്റിച്ചൂലിന്റെ താളത്തിലാണ് അവളുടെ കുപ്പിവളകൾ കുലുങ്ങിച്ചിരിച്ചത് തൂത്തു കൂട്ടിയ ചപ്പിലകളുടെ തേങ്ങൽ ലഹരിയാക്കി അവയെ അവളുടെ നോവുകൾക്കൊപ്പം കൂമ്പാരമാക്കി ശുദ്ധിക്ക് ചാണകം കലക്കിയതിൽ അല്പം കണ്ണീരും കലക്കി തുരു തുരാ തളിച്ചൊടുങ്ങുകയാണവൾ … വെടിപ്പാക്കിയ മുറ്റത്തേക്ക് കഴുകൻ കണ്ണുകൾ മുറുക്കിത്തുപ്പുന്നതറിഞ്ഞും കൊണ്ട് തൂത്തു കൂട്ടിയ വ്യഥകളുടെ കൂമ്പാരത്തിന് മനസ്താപം കൊണ്ടവൾ തീയിട്ടു .
ചുവപ്പും കറുപ്പും ഇണചേരുമ്പോൾ -- ഗീത മുന്നൂർക്കോട് --- കറുപ്പൊരു നിറമേയല്ലെന്ന് എല്ലാമെല്ലാം വശീകരിച്ച് വിഴുങ്ങുന്ന ഭീമനാണെന്ന് … അല്ല, ഒരു സുഷിരമാണെന്നും കേൾവി … ചില നേരങ്ങളിൽ ചുവപ്പും കറുപ്പും ഇണ ചേരുമ്പോൾ മഞ്ചാടിയഴകാകും ! ചന്തത്തിലൊരുങ്ങിയാണ് അന്തിച്ചുവപ്പിരുളുന്നതും പുലരിത്തുടുപ്പുണരുന്നതും ! ഹൃദയം മുറിഞ്ഞിറ്റിറ്റ് മ്ലാനക്കറുപ്പിലൊരു മുഖം - ചോര തുടുപ്പിക്കും മിഴികളിൽ കരിംകയത്തിന്നാഴങ്ങൾ വൈപരീത്യം … കറുത്ത വരകളെ കീഴ്പ്പെടുത്തി അക്ഷരാക്കക്കറുപ്പുകൾ ആധിപത്യം നാട്ടും നേരം തിരുത്തൽച്ചുവപ്പിന്നടിവരകൾ വളഞ്ഞ് വരുന്ന പുച്ഛക്കറുപ്പുകളുടെ ബന്ധനത്തിലേക്ക് … വാൾമുനയിൽ കറുപ്പിട്ട് ,  മൃഗീയത കൊലച്ചുവപ്പിൽ ഇണപൊലിക്കും സമന്വയത്തിനെന്ത് പര്യായം … ? തുടുത്തുണർന്ന് കറുപ്പിലേക്ക് അസ്തമിക്കുന്ന വട്ടച്ചന്തങ്ങൾക്ക് പ്രാണച്ചുവപ്പുകൾക്ക് രാശി ഗണിക്കാനാകാതെ കാലം ഇണപിരിച്ചു കൊടുക്കുന്നു ഒരു കൃഷ്ണമണിയെ - ചുവക്കുന്ന മിഴിത്തുള്ളലിനായി …