തക്കാളിപ്പഴത്തിനൊരു സങ്കീർത്തനം / പാബ്ലോ നെരൂദ

വിവർത്തനം: ഗീത മുന്നൂർക്കോട്
________________________

ഗ്രീഷ്മത്തിലെ മദ്ധ്യാഹ്നത്തിൽ
തക്കാളിപ്പഴങ്ങൾ നിറഞ്ഞ തെരുവീഥി .

പ്രകാശവലയമൊരു
നടുവേ പിളർന്ന തക്കാളിപ്പഴത്തിലെ
സത്തെന്ന പോലെ
തെരുവിൽ പടർന്നു പരക്കുന്നു .

ഡിസംബറിൽ ശമനമില്ലാതെ
അടുക്കളയിൽ
തക്കാളിയുടെ പടയോട്ടം .

ഉച്ചയൂണിന്റെ നേരത്തതു കടന്നു വരുന്നു ,
തീൻമേശപ്പുറത്തും
ഗ്ലാസ്സുകൾക്കൊപ്പവും നറുംവെണ്ണവിഭവങ്ങൾക്കിടയിലും
നീലനിറമുള്ള
ഉപ്പുകിണ്ണങ്ങൾക്കടുത്തും
അതിന്റെ
സൗമ്യമായ
പ്രതാപം
പ്രസരിപ്പിച്ചു കൊണ്ട്! അത് അനായാസം വിരാജിക്കുന്നു .

നിർഭാഗ്യവശാൽ
ഒരു കത്തിമുനയതിന്റെ
ജീവൻ തുടിക്കുന്ന
മജ്ജയിലാഴ്ത്തി
നമുക്കതിനെ
കൊലപ്പെടുത്തേണ്ടി വരുന്നു.


അതിന്റെ ചെമന്ന
ആന്ത്രങ്ങൾ ഒരു
തണുത്ത സൂര്യനെന്നപോൽ
അതിഗാഢമായി
അക്ഷയമായി
ചിലിയിലെ സാലഡുകളിൽ
കുടികൊള്ളുന്നു .

സഹർഷം
തെളിമയുള്ള ഉള്ളിയെയത്
വേൾക്കുന്നതാഘോഷിക്കാൻ
അതിലേക്ക് ഞങ്ങൾ എണ്ണ പകരുന്നു.

ഒലീവിന്റെ സുഗന്ധിയായ
കുഞ്ഞിനൊപ്പം
കുരുമുളക് അതിന്റെ
മാസ്മരഗന്ധവും ഉപ്പു
അതിന്റെ കാന്തശക്തിയും തുറന്ന
അർദ്ധഗോളങ്ങളിലേക്കുപകരുമ്പോൾ
അതൊരു വിവാഹദിനം പോലെ ആഘോഷഭരിതം !!

പാഴ്സലിയില കൊടികളുയർത്തുന്നു
ഉരുളക്കിഴങ്ങുകൾ
ഊർജ്ജ്വസ്വലതയോടെ
അനുസ്യൂതം
കുമിളകളുയർത്തുന്നു
വറവിന്റെ അത്ഭുത ഗന്ധം
വാതിലിൽ മുട്ടിവിളിക്കുന്നു.

സമയമായി
വരുവിൻ , വരുവിൻ
മേശപ്പുറത്തു
മോടിയോടെ
ഗ്രീഷ്മപ്പാതിയിൽ
തക്കാളിപ്പഴം ,
ഭൂമിയിലെ നക്ഷത്രം , പിന്നെയും പിന്നെയും വിരുന്നു വരുന്ന
ഉർവ്വരയായ സമൃദ്ധിയുടെ താരം,
അതിന്റെ
സങ്കീർണ്ണമായ ചുരുളുകളും
ചാലുകളും
അനന്യസാധാരണമായ
വിസ്താരവും
പ്രതാപവും
സമൃദ്ധിയും
പ്രദർശിപ്പിക്കുന്നു.

തൊണ്ടില്ലാതെ
ഉമിയില്ലാതെ
ഇലകളോ മുൾമുനകളോയില്ലാതെ
തക്കാളി
അതിന്റെ ആഗ്നേയമായ
വർണ്ണോജ്ജ്വലതയും
കുളിരിന്റെ പൂർണ്ണതയും
പാരിതോഷികമായർപ്പിക്കുന്നു.

Comments

Popular posts from this blog