പന്തം
…….. ഗീത മുന്നൂറ്ക്കോട് ………….


ഞാനൊരു പന്തം


ആളിക്കത്തും പന്തം


ഹൃദയം വെട്ടിയടുപ്പും കൂട്ടി


കണ്ണില്‍ കണ്ടത്, കാതില്‍ കേട്ടത്


മെയ്യിന്നരികിലണഞ്ഞും, തൊട്ടു തലോടി


മനസ്സില്‍ക്കയറിയിരുന്നതുമെല്ലാം കെട്ടി


ജന്മസ്സുകൃതിയ്ക്കസ്ഥിത്തറയില്‍


സ്വകൃതികള്‍ പാടെ കൂട്ടിയടക്കി


നൊമ്പരനെയ്യാല്‍ തൊട്ടുനനച്ചഗ്നി തെളി –


ച്ചുച്ചത്തില്‍ ചിറകു ചിനക്കിക്കത്തും പന്തം !


അരുതരുതെന്നെ സ്പര്‍ശിയ്ക്കായ്ക,


എന്നെത്തൊട്ടാലതു കത്തിപ്പടരും


ആളിക്കത്തിച്ചുടുകനലുകളൂറ്റും


കനലിന്‍ കൂട്ടം ചെന്തീക്കണ്ണുകളാല്‍


അരികെക്കാണും ചരല്‍ച്ചീളുകളെപ്പോലും


മാടി വിളിയ്ക്കും, കൂട്ടം കൂടിത്തന്‍ മാറിലടക്കും


എരിപൊരി നീറി മരിയ്ക്കും


എല്ലാമെല്ലാം വെന്തു നുരഞ്ഞു നശിയ്ക്കും……..


ഞാനാം അഗ്നി ജ്വലിക്കും


ഗോളത്തിന്നരികില്‍


നിന്നസ്ഥിത്വം തകരും…….


അകലുക,എന്നില്‍ നിന്നും വിടുതല്‍ തേടി


സുരക്ഷിത മേഖല താണ്ടി


സീമയ്ക്കപ്പുറമെത്തുക.


നീയൊരു ലോലം തരള്‍ മലര്‍ രൂപം


മേനിയിലഴകിന്‍ വശ്യത പൂശിയ രാഗം….


അല്‍പവിനാഴിക കാലം മാത്രം നിന്‍ മിഴി


പയ്യെയുണര്‍ന്നതിനാലേ വെറുമൊരു മുകുളം


ആയുര്‍ രേഖയ്ക്കിരു നെന്‍ മണി നീളം മാത്രം…


നിന്‍ ശൈശവ മൃദുലാവസ്ഥയില്‍ തീയില്‍


കാഞ്ഞു തളര്‍ന്നു തകര്‍ച്ചയിലമരായ്ക.


ഉള്ളില്‍ എന്നുള്ളത്തിന്നുള്ളില്‍, ക്ഷോഭം താപം


കോപം, വികലവികാരവിരുന്നുകളുണ്ടിട്ടെന്‍


ദേഹിയെരിഞ്ഞീ ദേഹം തുള്ളിപ്പൊള്ളുന്നു…..


പൊള്ളും മെയ്യില്‍ സ്പര്‍ശിച്ചാല്‍ നൂനം


പകരും രോഗം, വിഷമം മോഹ വിരോധം !


ഞാനൊരു കൊടു വനവഹ്നി പടര്‍ത്താന്‍


ജീവിതസൗഭഗസൗഖ്യത്തെയെരിയ്ക്കും പന്തം!


ആത്മാവിന് ശാന്തിയ്ക്കായ് പരിശുദ്ധിക്കായ്


വെറുതെ ചിന്തകള്‍ ഹോമിച്ചു തപം ചെയ്യുന്നു….


അരുതരുതെന്നരികിലണഞ്ഞീടായ്ക;


നീ കാണും ജീവിതമതിമോഹനസ്വപ്നം


ഇതളുകള്‍ വാടിക്കൂമ്പി ജ്വലിച്ചു നശിയ്ക്കും….


ഞാനാകും പന്തത്തിന്നൂഷ്മള ജ്വലനം


നിത്യനിരന്തര വെട്ടം വാനില്‍ വിരുത്തട്ടെ


തെളിവെട്ടത്തിന്‍ വൈഭവമുറവകള്‍ പൊട്ടി


നിന്നില്‍ നിത്യത നിറയും നാമ്പായുണരട്ടെ.….!

Comments