പ്രക്ഷോഭം


--- ഗീത മുന്നൂർക്കോട് ---

വിശപ്പിന്റെ പാട്ടുകൾ
പാതയോരങ്ങളിൽ
താളമിടുമ്പോൾ
ഒരു പിടിമണ്ണിന് വേണ്ടി
നെഞ്ചുരുക്കങ്ങൾ
മുദ്രാവാക്യങ്ങളിൽ
ഉടയുമ്പോൾ
നിത്യപ്പൊറുതിക്ക്
വിശപ്പിന്റെ പിച്ചപ്പാള
നീണ്ടടുക്കുമ്പോൾ
നീതിയിരക്കുന്ന
ആവലാതികൾ
കാതടപ്പിച്ച്
കലഹിക്കുമ്പോൾ
ഇല്ലായ്മയെ പൊതിയുന്ന
മൂലമീമ്പുന്ന അട്ടകൾ
പിഴുതെറിയപ്പെടുമ്പോൾ
സാധാരണ മുഖങ്ങൾ
ചോദ്യ ചിഹ്നം വരക്കുമ്പോൾ
വലുതായി വക്രിക്കുമ്പോൾ
കല്ലെറിയുന്നു ജനക്കൂട്ടം

എല്ലാം ഭീകരതയുടെ തുടക്കമെന്ന്
വാഴുന്നവരുടെ ജാള്യത.Comments

Post a Comment