ഇര

 --- ഗീത മുന്നൂർക്കോട്--- 

 നീയെന്റെ ഇരയാണ് 
നീയെന്റെ തടവിലാണ് 
എന്റെ ചിന്താമുള്ളുകളാൽ കൊളുത്തിട്ട ചങ്ങലയിൽ  
ഞാൻ നിന്നെ ബന്ധിച്ചിരിക്കുകയാണ്.  

വേണ്ട 
കണ്ണുകളുരുട്ടി ഗോഷ്ടി കാണിച്ചാൽ 
അതെന്റെ വീര്യം ഇരട്ടിപ്പിക്കുമെന്നല്ലാതെ… 

പുഞ്ചിരിക്കുന്ന നിന്റെയീയടവുകൾ 
ഞാൻ ഏറെ രുചിച്ച് നുണയുകയാണ് 

വളഞ്ഞും പുളഞ്ഞും  
ചാടിയും പിടഞ്ഞും  
ആക്രോശിച്ച് അരിശം കൊള്ളുകയും 
ചെയ്തു കൊള്ളുക 
ഞാൻ നിന്നെ മോചിപ്പിക്കുകയില്ല. 

ആവാഹിച്ച് 
സിരയിലോട്ടൊഴുക്കി 
കാച്ചിക്കുറുക്കി
ഇനി ഞാൻ  നിന്നെ കുടഞ്ഞിടും 
ഇവിടെ കവിതാക്ഷരികൾ  
തുടിച്ചു തെളിയും വരെ.

നിന്നെ കഷ്ണിച്ചും  ചതച്ചും 
അരച്ചും മിനുക്കിയും 
പാകപ്പെടുത്താൻ പോകുകയാണ്.. 
വിദഗ്ദ്ധമായി എന്റെ നോക്കുകളിൽ  
നിന്നെ ഞാൻ തളച്ചു കഴിഞ്ഞു..                                                                                                                                                                   

Comments

  1. ഭീഷണിയാണല്ലോ

    ReplyDelete
    Replies
    1. എന്റെ കവിതക്കുള്ളൈരയല്ലേ.... ഭീഷണിയൊന്നുമില്ലാതെ എല്ലാം വഴങ്ങിത്തരും.

      Delete

Post a Comment