ഭ്രാന്തന്റെയുന്മാദം
---- ഗീത മുന്നൂർക്കോട് ---

സിരകളിലാണുത്തേജനൌഷധം
വിധി കുത്തിയിറക്കിയതെന്ന്.

മുഷിഞ്ഞുടഞ്ഞ കുപ്പായത്തോടൊരു
ലോഹ്യം ചോദിച്ചു
- എന്തേ യമൻ പോലുമെന്നെ കൂട്ടാൻ വരാത്തേ..?
അതപ്പോൾ പൊട്ടിച്ചിരിച്ചും കൊണ്ട് പിന്നിക്കീറി

കണ്ണുകളിലെ നീരു വറ്റിയെന്ന്
വെളുക്കെയിളിക്കുന്ന സൂര്യനോട്
പയ്യാരം പറഞ്ഞു

തെണ്ടുന്ന കാലടികളിൽ
മുറിവുകൾ
പഴുക്കാതഴുകാതെ
കോൺക്രീറ്റ് പാതകൾ
കരിച്ചെടുക്കുന്നതൊരാശ്വാസം.

ആഢംബരത്തിന്റെ
ബുഫെയുണ്ട്
യഥേഷ്ടം
വയറുണങ്ങുന്നില്ല, പിടക്കുന്നില്ല

ഒറ്റയാനെന്നൊരു പേരിന്
മനസ്താപം കലഹിച്ചൊടുങ്ങി
തെരുവുതെണ്ടികളുടെ
അതിഥിയായപ്പോൾ.

Comments

  1. ഇഷ്ടപ്പെട്ടു

    ReplyDelete
  2. വായനക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete

Post a Comment