വാക്കിനൊരു മറുവാക്ക്

അനാദിവാത്സല്യമമ്മ
ആദ്യ മുലപ്പാല്‍വാക്കമ്മ
പൂമൊട്ടിടുവിച്ച്
വിടര്‍ന്ന രാസമന്ത്രം
കുട്ടിക്കളികളുടെ ചേല് !

വിരിഞ്ഞുചിരിച്ച
പൂവുണ്ടാക്കിയ തൂമണവാക്ക്
കാറ്റെടുത്തു….

വാക്കില്‍ മോഹിച്ചതൊക്കെ
മേഘങ്ങള്‍ വലിച്ചെടുത്തു…..

പ്രണയപ്പൂവാക്കുകളായത്
കിണറാഴത്തിലെ ചതിയില്‍
ചെളി പുരണ്ടു….

കാണാമറയത്തു നിന്നും വന്ന്
ഏതോ വാക്കുകള്‍
മാറാവ്യാധി പിടിച്ച്
തടവറകളില്‍ഇരുട്ട് കുടിച്ചു

ജീര്‍ണ്ണിച്ചതില്‍ച്ചിലത്
ചിതലെടുത്തു….

ഉണ്ടകളാക്കിയെറിഞ്ഞതൊക്കെ
തിരിച്ചടുത്തു…..
വാളായി വീശിയത്
മിന്നല്‍പ്പിണറുകളായി…..

മധുരം പുരട്ടിയവയെല്ലാം
അശ്രദ്ധയുടെ ചവര്‍പ്പിലുരുണ്ട്
കയ്ച്ചു തികട്ടി….

ഉള്ളടക്കാനുള്ള വാക്കുകള്‍ക്ക്
കാതും, കണ്ണും കരളും
കവാടങ്ങള്‍തുറന്നതേയുള്ളൂ….
പെരുക്കിപ്പെരുകിയവ
നോവുകളായ് ഒരുമ്പെട്ടപ്പോള്‍
ചിനക്കിയിട്ട നിനവില്‍
രക്തച്ചാട്ടം !

ഇനി വേണം മറുവാക്ക്
ഹൃദയച്ചുവപ്പില്‍ മുക്കി
കത്തിക്കട്ടെ വാക്കിനെ
നാളമായി
ഇരുട്ടാകും മുമ്പ്.

Comments

Popular posts from this blog