എന്തെല്ലാമോ ബാക്കിയിട്ട്

---- ഗീത മുന്നൂര്‍ക്കോട് -----

വെള്ളിടി വെട്ടുന്നൂ, പെരുമ്പറ മുഴങ്ങുന്നു 
തുരുതുരാ പൊട്ടുന്നുണ്ടോര്‍ക്കൂണുകള്‍....

അറിയാ, മില്ലിനി കനിവിന്‍ കുളിര്‍ പെയ്യി -
ല്ലൊട്ടുമകം ചൂളയാറി, ല്ലുള്‍വ്യഥയൂറിയ 
കരിമുകില്‍ കാറ്റില്‍ത്തണുക്കില്ല, പൊഴിയില്ല.
രഹസ്യങ്ങള്‍ പൂഴ്ത്തിയോരെന്നര്‍ദ്ധത്തെ
ജീവിതക്കാരം പൂശി രാകി മിനുപ്പിച്ചു
നോവിച്ചു നീ കുടഞ്ഞിട്ടു നിര്‍മ്മമം
പരസ്യം വില ചാര്‍ത്തിയതറിയാതെ,
പഴകിയോരെന്നവശിഷ്ടപൂര്‍വ്വത്തെത്തേടും
നിന്‍ കാലൊച്ച തെല്ലും കേള്‍ ക്കാതെ
നിന്‍ പാദസ്വനമെന്നേകാന്ത രാവിനെ
ദംശിച്ചിട്ട മറു പാതി വൃഥാ പിടയ്ക്കുമ്പോള്‍…..
നിന്‍ ചിരി ചുവപ്പിച്ചു ചാര്‍ത്തിയ ചുംബന -
മെന്നിലൊരു മുള്‍ നോവായടിഞ്ഞേ കിടപ്പൂ…

നീയാദ്യം നുള്ളിയിട്ടോരത്തപ്പൂക്കളം കണ്ട്
കുഞ്ഞുവിരല്‍ മുത്തിയ സ്പര്‍ദ്ധതന്‍ മുള്‍ ത്തുമ്പ് –
കുതറിത്തുള്ളിയതെന്‍ കൗതുക നിണത്തുണ്ട്….!
മഞ്ഞയിട്ടുടയാന്‍ പൊടിയാന്‍ വിധിയിട്ട 
പുസ്തകമുണ്ടിന്നും, ചിതലതില്‍ നിരങ്ങുന്നൂ… 
നെഞ്ചിന്നേടില്‍ മറന്നു മുടിഞ്ഞെന്നോ നീ തന്ന 
പരിമളമിഴഞ്ഞതാം മയില്‍ പ്പീലി… 

കൗമാരക്കളരിപ്പറമ്പിന്നിറമ്പിലോടിപ്പാടി
ഇന്നും മാടി വിളിക്കുമ്പോള്‍ ചില്ലകള്‍
നീയല്‍പം നുണഞ്ഞു ചവച്ചു തെറിപ്പിച്ച
സൗഹൃദമധുരങ്ങളുറുമ്പരിച്ചൊടുങ്ങുന്നോ….
പുതുസ്വാദുകള്‍ തേടി നീയെങ്ങോ പോ-
യെന്‍ മനസ്സിനു ജര വീണു നര കയറി…

വണ്ടുകളേറെപ്പണ്ടു വലം വച്ച പൂമരം, ചോട്ടില്‍ 
പരിഭവപ്പൂക്കള്‍ വാടിച്ചിതറിയലങ്കോലം …
അവ നിന്‍ നെഞ്ചും കാതും തുളയ്ക്കാ-
നിന്നു പതം വന്ന ശിലാസ്ത്രങ്ങള്‍…

പൊയ്പ്പോയ നാള്‍ വഴികള്‍ സാക്ഷികള്‍
നിഴല്‍ ഭൂതങ്ങളനുഗാമികള്‍, കാണ്മൂ , ഞാ-
നഭിവാഞ്ഛ ശോഷിച്ച കാതങ്ങള്‍….
അരുതരുതെന്നു മുടന്തുന്നൊരു ഭീരു ഞാന്‍
ജീവിതാമ്ലത്തില്‍ ത്തെന്നി മുങ്ങിയ
നിറഭേദം വന്നു പെട്ടൊരു ലിറ്റ്മസ് പത്രം ….

Comments

  1. Parimalamizhanjhathaam mayil peeli....

    ReplyDelete
  2. ഇഴയാന്‍ പരിമളം വായനക്കാരില്‍ ...!

    ReplyDelete

Post a Comment