വെറുമൊരു മരമാണ് ഞാൻ
--- ഗീത മുന്നൂർക്കോട് --

തലയില്ലാത്ത
മുഖമില്ലാത്ത
മനസ്സില്ലാത്തൊരു
വെറും മരം.

മെലിഞ്ഞുണങ്ങുന്ന
കാക്കക്കൂട്ടം
തലേന്ന്
പട്ടിണി കിടന്ന വിവരം
കാ കാന്ന്
നിലവിളിക്കുമ്പോഴാണ്
ഞാനൊന്ന്
കുലുങ്ങിയുണരുന്നത് തന്നെ.

ഇലകൾക്ക് മഞ്ഞ തേച്ച്
പുഴുക്കൾക്ക് മേയാൻ
ഞാനെന്നേ
നിവർത്തി വിരിച്ചതാണ്.

നിറയെ പോടുകളാണീ
തടി മുഴുവൻ
കൊത്തിക്കൊത്തി
മരംകൊത്തികൾ
വിരുന്നുണ്ട് പോയതാണ്.

പാമ്പുകൾക്ക്
വിഷമുട്ടയിട്ടിഴയാൻ
മാളങ്ങളുണ്ടെന്നിൽ
തലങ്ങും വിലങ്ങും.

ഇരുട്ടിന്റെ വവ്വാലുകൾക്ക്
ചിറകിട്ടടിക്കാൻ
ഊറ്റത്തിലങ്ങനെ
വളഞ്ഞിട്ടുണ്ടെന്റെ
കൊമ്പുകൾ

ഇനി ഭിക്ഷാടകർ വേണ്ട
പൂവാലൻ തെമ്മാടികൾക്ക്
ചൂടേൽക്കും തണലിരിക്കട്ടെ.

സന്ധ്യക്കിളികൾ
ചേക്കേറാനെത്തുമ്പോൾ
ഒന്ന് കുടഞ്ഞു നിവർന്ന്
എന്റെ തല കുനിയുന്നു..
വേണ്ട……പോകൂ….
ഇവിടം നിങ്ങൾക്ക് ചേരില്ല.


Comments

  1. ഇങ്ങനെയൊക്കെയായാലും ചേരുമെന്ന് പറയുന്നവരും ഉണ്ട്

    ReplyDelete
  2. സന്ധ്യക്കിളികളെങ്കിലും രക്ഷപ്പെടട്ടെ.

    ReplyDelete

Post a Comment