തുടക്കം എത്ര ശുഭമായിരുന്നു….

----ഗിത മുന്നൂർക്കോട്----

അതെ
തൂ വെള്ളയിട്ടാണിറങ്ങിയത്
ധൃതിയുണ്ടായിരുന്നിട്ടും…
എത്തേണ്ടിടം
മനസ്സിൽ
പലയിടങ്ങളിലും
മുദ്രയടിച്ചു വച്ചിരുന്നു.

ഏതു നിമിഷമാണാവോ
കുതികാൽ നീട്ടിയത്…

തുടികളും, കൊമ്പും,
കുഴലും പൂവിളികളും
തെളിതിരികളും
പുതുവേഴ്ച്ചകളും
വാണിഭപ്പകിട്ടും പൊന്നും
എല്ലാമൊത്ത്
ജാഥയിലേക്ക്
തോൾ ചേർത്തത്…
തെറിച്ചു വീണ തുള്ളികൾ
കുടയുമ്പോഴേക്കും
വീണു കഴിഞ്ഞിരുന്നു
കറകൾ….വലുതായിട്ടങ്ങനെ.

ചെളിയും
കാഷായവും
പലവിധ ചെടിപ്പുകളും
കുപ്പായമങ്ങ്
നിറഞ്ഞു പോയി…

എന്റെ വെള്ളക്കുപ്പായത്തിന്
രക്തത്തുടുപ്പു കിട്ടിയത്
എപ്പോഴെന്നോ
എങ്ങനെയെന്നോ
അറിയാതെ…..

അസ്തമയത്തിലേക്ക്
ചേക്കേറുമ്പോൾ
ഇക്കുപ്പായം
നിറങ്ങളെയപ്പാടെ വിഴുങ്ങി
കറുക്കുമ്പോൾ
തീയിടണം….
ഒരു ജ്വാലയെങ്കിലും
വെളുത്തുയരട്ടെ
നരച്ച ചാരം
ശേഷിക്കട്ടെ.

Comments

 1. ഒടുക്കം എങ്ങനെയിരിക്കുമെന്നതില്‍ നമുക്കൊരു സ്വാധീനവിമില്ലേ?

  ReplyDelete
  Replies
  1. വെളുപ്പിയ്ക്കണം.എന്നാലത് കുപ്പായത്തെ മാത്രമല്ല, അത് നമുക്ക് മേൽ തെറിപ്പിയ്ക്കുന്നവരേയും

   Delete
 2. ചെളിയും ചോരയും നിറഞ്ഞ കുപ്പായം വെളുത്തതാണെങ്കിലും തീയിട്ടേക്കുക ...ഒരു ജ്വാലയെങ്കിലും വെളുത്തുയരാന്‍ ...

  ReplyDelete
  Replies
  1. തീർച്ചയായും തീയിടണം, ചോരയും ചെളിയും തെറിച്ചു വീൺ അശുദ്ധമാകുന്ന കുപ്പായങ്ങൾക്കൊക്കെ.

   Delete

Post a Comment