സമയമുഖം
--- ഗീത മുന്നൂർക്കോട് ---

വിളർത്ത ചുമരിൽ
വട്ടത്തിൽ കറക്കി
നീ മിടിയ്ക്കുന്നു.
അക്കങ്ങളെടുത്തുഴിഞ്ഞ്
ടിക് ടിക് ചിലച്ച്
ണീം ന്ന്ന്റെ
തലയ്ക്കൊരു കൊട്ടും തന്ന്.

നിന്റെ കൂടെന്റെ കാലുകൾ -
പടപടാന്ന് നിനക്കൊപ്പമെന്റെ കൈകൾ -
കുറുകുറെപല്ലുകൾ -
തുരുതുരാ നാക്കിലോട്ട് വാക്കേറ്റം
നെട്ടോട്ടം, പടയോട്ടം

ക്ഷണങ്ങളെണ്ണിയെണ്ണി
നിന്റെ ശകാരം -
വേണ്ട വേണ്ട
കസേരക്കളി വാർത്തകളൊന്നും വേണ്ട
കാണണ്ട, കേക്കണ്ട
മെഗാ എപ്പിസോഡിൽ കരയണ്ട
ബാക്കി ജന്മമിങ്ങനെ
വെറുതെ
എറിയണ്ട.

അടുക്കളയിലൂതിക്കത്തുക
തീൻ മേശയിൽ നിന്നെ വിളമ്പുക
ഒന്നു മൊത്തമായി തേച്ചുമോറി
തൂത്തു കോരി
വിഴുപ്പലക്കി കേറി വാ

ആപ്പീസ് ഫയലുകളിലേയ്ക്കെന്നെ
മുക്കി, കരിഞ്ചന്ത കേറ്റി.
കൊണ്ടു വാ, പെരുക്കങ്ങൾ പെരുക്കി
എന്നൊരാജ്ഞയും

ഹൊ.വയ്യ വയ്യേ.ന്റെ സമയസൂചീ
കൈയ്യും മെയ്യും കാലും വിരലും
തേങ്ങി വിതുമ്പി
ഒന്നു ചാഞ്ഞോട്ടേ ഞാൻ.

ടിക്.. ടിക്....ടിക് ……ണീം.
കൂ…...ന്ന്  നീ പിന്നേം
അലാറം വിളിക്കുന്നു.

സമയമേ, നിന്റെയീ
മിടിയ്ക്കുന്ന വട്ടമുഖം കണ്ടിനി
ഞാൻ സ്തഭിച്ചുറങ്ങിപ്പോകും.തീർച്ച.


Comments

Post a Comment