പുഴയോരം
--ഗീത മുന്നൂർക്കോട്---

തുടിച്ചുയരും പുലരിയുടെ
തുടികൊട്ടു കേൾക്കുവാൻ
കാതോർത്തു നിന്നൂ പുഴയോരം.

കിളിക്കൊഞ്ചലുണരുവാൻ
പൂമണങ്ങൾ പുഞ്ചിരിയ്ക്കാൻ
മിഴിതുറന്നിരിപ്പൂ പുഴയോരം.

മഴയൊന്ന് മുറുകുവാൻ
വയലേലകൾ നിറയുവാൻ
കൈകൂപ്പി നിൽപ്പൂ പുഴയോരം.

മുകിൽമാലകളുതിരുവാൻ
തുഴയൽപ്പാട്ടുയരുവാൻ
ക്ഷമ കെട്ടു നിൽപ്പൂ പുഴയോരം

പുഞ്ച വയൽ  പച്ച ചുറ്റാൻ
പൂങ്കുരുവികൾ പാടിയെത്താൻ
പ്രാർത്ഥനയോടെ പുഴയോരം.

ഞാറ്റുവേലപ്പാട്ടുകൾക്കായ്
കർഷകന്റെയീണങ്ങൾക്കായ്
താളം പിടിയ്ക്കുന്നു പുഴയോരം

യന്ത്രക്കൊക്കിൻ ചൂണ്ടലുകൾ
നെഞ്ചിലാഴ്ന്നിറങ്ങുമ്പോൾ
നോവിൽ നുറുങ്ങുന്നു പുഴയൊരം.

മണൽക്കൊതിയാർത്തികൾ
മാനം തുലയ്ക്കുമ്പോൾ
പൊടിഞ്ഞുതിരുന്നൂ പുഴയോരം.

ടിപ്പറുകൾ പാഞ്ഞു വന്ന്
കബന്ധങ്ങൾ കോരുമ്പോൾ
വിതുമ്പിക്കരയുന്നു പുഴയോരം.

ചുടലത്തീയെരിഞ്ഞു നിന്ന്
ആത്മാക്കൾ പുളയുന്ന

ശാന്തി പൊലിച്ചൊരീ പുഴയോരം.

Comments

  1. പുഴയോരത്തില്‍ എന്തെല്ലാം വിശേഷങ്ങള്‍

    ReplyDelete
  2. മ്മഴക്കാലം തുടങ്ങിയിട്ടും ഒഴുക്കില്ലാത്ത പുഴ.

    ReplyDelete

Post a Comment