ചെവിപ്പൊട്ടി

എന്റെ നോട്ടങ്ങൾ 
നിന്റെ മിഴിയാളങ്ങളിലലയുമ്പോൾ
കൺതുറിച്ചെന്നെ
മറുവ്യാഖ്യാനം ചെയ്യരുതേ

പ്രണയക്കൊളുത്തെന്നും ധരിച്ചെന്നിൽ
മോഹങ്ങൾ നിക്ഷേപിക്കരുതേ
കാന്താസക്തിയോടെന്നോടടുക്കരുതേ

എന്റെ മിഴികൾ
നിന്റെ ചുണ്ടനക്കങ്ങളെയളക്കുമ്പോൾ
ആർത്തിയോടെ
മറു പര്യായങ്ങൾ പൊലിക്കരുതേ
ചുംബനമാധുര്യത്തിന്
കൊതിക്കരുതേ
കാമസുഷുപ്തിക്കുള്ളിലെന്നെ
തളക്കരുതേ

എന്റെ പരവശതയിൽ
നിന്റെ ഭാവവിന്യാസങ്ങളിൽ
ഞാൻ സൂക്ഷ്മത തേടുമ്പോൾ
ഭാവസുഭഗനെന്നോ
ഉജ്ജ്വലമൂർത്തിയെന്നോ
സ്വയം വിലയിടരുതേ
പെൺതൃഷ്ണയെന്റെ
കുതിച്ചു ചാടുന്നെന്ന്
രേഖപ്പെടുത്തരുതേ

ഞാൻ നിന്നെ
വായിക്കുക മാത്രമാണ്
അല്ല, ഏറെ അദ്ധ്വാനിച്ച്
നിന്നെ കേൾക്കുക മാത്രമാണ്.

Comments

Post a Comment

Popular posts from this blog