ചുവപ്പും കറുപ്പും ഇണചേരുമ്പോൾ


-- ഗീത മുന്നൂർക്കോട് ---


കറുപ്പൊരു നിറമേയല്ലെന്ന്
എല്ലാമെല്ലാം വശീകരിച്ച്
വിഴുങ്ങുന്ന
ഭീമനാണെന്ന്
അല്ല, ഒരു സുഷിരമാണെന്നും
കേൾവി

ചില നേരങ്ങളിൽ
ചുവപ്പും കറുപ്പും
ഇണ ചേരുമ്പോൾ
മഞ്ചാടിയഴകാകും !

ചന്തത്തിലൊരുങ്ങിയാണ്
അന്തിച്ചുവപ്പിരുളുന്നതും
പുലരിത്തുടുപ്പുണരുന്നതും !

ഹൃദയം മുറിഞ്ഞിറ്റിറ്റ്
മ്ലാനക്കറുപ്പിലൊരു മുഖം -
ചോര തുടുപ്പിക്കും മിഴികളിൽ
കരിംകയത്തിന്നാഴങ്ങൾ
വൈപരീത്യം

കറുത്ത വരകളെ കീഴ്പ്പെടുത്തി
അക്ഷരാക്കക്കറുപ്പുകൾ
ആധിപത്യം നാട്ടും നേരം
തിരുത്തൽച്ചുവപ്പിന്നടിവരകൾ
വളഞ്ഞ് വരുന്ന
പുച്ഛക്കറുപ്പുകളുടെ
ബന്ധനത്തിലേക്ക്

വാൾമുനയിൽ
കറുപ്പിട്ട്മൃഗീയത
കൊലച്ചുവപ്പിൽ
ഇണപൊലിക്കും
സമന്വയത്തിനെന്ത്
പര്യായം?

തുടുത്തുണർന്ന്
കറുപ്പിലേക്ക്
അസ്തമിക്കുന്ന
വട്ടച്ചന്തങ്ങൾക്ക്
പ്രാണച്ചുവപ്പുകൾക്ക്
രാശി ഗണിക്കാനാകാതെ
കാലം ഇണപിരിച്ചു കൊടുക്കുന്നു
ഒരു കൃഷ്ണമണിയെ -
ചുവക്കുന്ന
മിഴിത്തുള്ളലിനായി


Comments

  1. അപ്പോഴാവും വെളുപ്പ് ജനിയ്ക്കുക

    ReplyDelete
  2. കറുപ്പിലേക്ക് ആഗീരണം ചെയ്യപ്പെടുന്ന നിറങ്ങൾ പുനർജ്ജനിക്കാറില്ലെന്ന് ശാസ്ത്രതത്വം.

    ReplyDelete

Post a Comment