തൂപ്പുകാരി
---- ഗീത മുന്നൂർക്കോട് ---

കുറ്റിച്ചൂലിന്റെ
താളത്തിലാണ്
അവളുടെ കുപ്പിവളകൾ
കുലുങ്ങിച്ചിരിച്ചത്

തൂത്തു കൂട്ടിയ
ചപ്പിലകളുടെ തേങ്ങൽ
ലഹരിയാക്കി
അവയെ
അവളുടെ നോവുകൾക്കൊപ്പം
കൂമ്പാരമാക്കി

ശുദ്ധിക്ക്
ചാണകം കലക്കിയതിൽ
അല്പം കണ്ണീരും കലക്കി
തുരു തുരാ തളിച്ചൊടുങ്ങുകയാണവൾ

വെടിപ്പാക്കിയ
മുറ്റത്തേക്ക്
കഴുകൻ കണ്ണുകൾ
മുറുക്കിത്തുപ്പുന്നതറിഞ്ഞും കൊണ്ട്
തൂത്തു കൂട്ടിയ
വ്യഥകളുടെ കൂമ്പാരത്തിന്
മനസ്താപം കൊണ്ടവൾ
തീയിട്ടു.


Comments

Post a Comment