വളർത്തു ദോഷം
 ---ഗീത മുന്നൂർക്കോട്---

പെൺ പൈതലിന്റെ ചുണ്ടിണകൾക്ക്
ഇളനീരിന്റെ രുചിയെന്ന് നീയും
അതല്ല, റോസാദലത്തിന്റെ
തുടുത്ത ചവർപ്പെന്ന് ഞാനും
കലഹിച്ചു.

അവളുടെ പാതി മിഴിഞ്ഞ കണ്ണിണകൾ
കൂമ്പിയടയുന്ന ലജ്ജയെന്ന് നീയും
അല്ല, പയ്യെയൊന്നു തൊട്ട് തെന്നിയകലുന്ന
കാറ്റിന്റെ പതർച്ചയെന്നു ഞാനും
കണ്ടെടുത്തു.

ആ ഇളം കാലിണകൾ
വായുവിനെ പ്രഹരിക്കുന്നതും കണ്ട്
ആഹ്ലാദത്തിന്റെയാന്ദോളനമെന്ന് നീയും
തിരത്തള്ളലിനെ ഭേദിക്കുന്ന പരൽ മീനിന്റെ
നീന്തൽ വെപ്രാളമെന്ന് ഞാനും
പിറുപിറുത്തു.

കിട്ടിയതിനെയെല്ലാം പൂട്ടിയിട്ട്
കുഞ്ഞു മുഷ്ടികളിൽ
സ്നേഹമടക്കുന്ന രാഗവായ്പ്പെന്ന്  നീയും
നിഴൽഭയങ്ങളിൽ നിന്നുള്ള മോചനം
പിരിമുറുക്കമാകുന്നതെന്ന് ഞാനും
സാക്ഷ്യപ്പെടുത്തി

അവൾ
നെഞ്ചും പിളർന്ന്
മഴയെപ്പോലും മറന്നു പോയ
വേഴാമ്പലായി
വേനലിനെ തിരിച്ചറിയാത്ത
മണൽപ്പുഴയായി
വളരുന്നു


Comments

  1. നീയല്ല, ഞാനാണ് ശരിയെന്ന് കവിത

    ReplyDelete
    Replies
    1. ‘നീ’ പുറം ലോക കുടിലതയും, ‘ഞാൻ’ പെൺകുഞ്ഞിനെ സംരക്ഷിക്കാനുള്ള മാതാപിതാക്കളുടെ തത്രപ്പാടുകളുമാകുമ്പോൾ ‘ഞാൻ’ തന്നെ ശരി.

      Delete

Post a Comment

Popular posts from this blog