വ്യർത്ഥമെന്ന് തോന്നും വിധം
---- ഗീത മുന്നൂർക്കോട് ----

നിനക്കായെരിഞ്ഞ് ഞാൻ തെളിയുമ്പോൾ
തണുത്തുറഞ്ഞ് പെയ്യുന്നു നീ

നിനക്കായുള്ള എന്റെ കുത്തൊഴുക്കിൽ
എന്നിലേക്ക് തടയണ കെട്ടുന്നു നീ

നിന്നിലേക്കൂളിയിടുമ്പോളെന്നെ നീ
തിരയിലേക്ക് പൊക്കി കരക്കെറിയുന്നു

നിന്റെ നീലിമയിലേക്കായ് മാത്രം
തുഴഞ്ഞടുക്കുന്ന ശാന്തതയെ
കൊടുങ്കാറ്റിലേക്ക് വിഴുങ്ങുന്നു നീ

എന്റെ വിളിമുട്ടുകൾ പ്രതികമ്പിക്കുന്നു
നിന്റെ അടഞ്ഞ കവാടങ്ങൾ
പ്രതിഷേധം മുഴക്കുന്നതറിഞ്ഞ്

പട്ടു പോയ നിന്റെയകങ്ങൾക്ക്
തുറക്കാപ്പൂട്ടുകളത്രേ കാവൽ !


Comments

Post a Comment