വിജാഗിരി
************

ഉരുണ്ട ഉൾക്കനങ്ങളിലേക്ക്
സന്നിവേശിപ്പിക്കാനാണ്
ബാഹുക്കളിൽ
കൊളുത്തിടുന്നതൊക്കെ


ഭാരമേറിയുമിറങ്ങിയുമുള്ള
കവാടപ്പരപ്പുകളെത്താങ്ങി
അനക്കമില്ലാത്തോളിൽ
കറക്കമാണെല്ലാം

ഇടിയാനിടയില്ലെന്ന
സ്വപ്നച്ചുമരുകളിലേക്ക്
തറഞ്ഞു പോകുമ്പോൾ
എന്തെല്ലാം
കണ്ടും കേട്ടുമറിയുന്നു.

പമ്മിയെത്തുന്ന
എത്തിനോട്ടങ്ങളിലൂടെ
തുറന്നടയുന്ന
വരവ് പോക്കുകളുടെ
രഹസ്യ സങ്കേതങ്ങൾ

ഉറക്കെ
കൊട്ടിയടക്കപ്പെടുന്ന
ചില ധിക്കാരങ്ങൾ
പരിതപിച്ചോ
പരിഹസിച്ചോ
എന്നൊന്നും
ഒന്നു മിഴിയളക്കാൻ പോലും
കനപ്പെട്ടു പോകുന്ന
മനസ്സുകളുണ്ട്…..

വിജാഗിരികളായി
കൂട്ടിക്കൊടുപ്പിൽ
ഏച്ചു കോർക്കലിൽ
ആരോരും അറിയാതെയങ്ങനെ.Comments