പഴുക്കാതെ വീഴുന്ന മർമ്മരങ്ങൾ ************************************************


മഴുമുനയടുത്തു വരും നേരം
എന്തോക്കേയോ
മിണ്ടിപ്പറയാൻ തുടങ്ങും
പച്ചമർമ്മരങ്ങളായി
അന്ത്യോച്ഛ്വാസം
മെയ്ക്കൊള്ളുന്ന വീഴ്ച്ച
അതറിഞ്ഞും കൊണ്ടൊരു
ഭ്രാന്തൻ കിനാവപ്പോൾ
ചുറ്റിപ്പറ്റി കിറുക്കു പറയും...

പാഞ്ഞടുക്കുന്ന
ആദ്യത്തെ കൊത്തിലേക്ക്
എതിരെറിഞ്ഞേക്കാവുന്ന
പ്രതിദാഹം...

അടിത്തടങ്ങളിൽ
വേരിഴകൾ
ഒന്നുമറിയാത്ത നാട്യം...
അവർ
മണ്ണിരുട്ടിൽ
പരതിക്കൊണ്ടേ തളരുന്നു...
നോവേറ്റമൂറ്റിയെടുക്കാനെന്നപോലെ...

തായ്മെയ്യിൽ വരഞ്ഞിട്ട
തഴക്കപ്പഴക്കങ്ങളിലേക്ക്
വിറയലലറി വിളിച്ച്
കാതൽ കനച്ചുള്ള
കറുപ്പുശില പോലെ ...

ഒന്നല്ല, വശങ്ങൾ വളഞ്ഞ്
എമ്പാടും
കൂർത്ത്
പീഡനമുറകൾ
മുറ തെറ്റിക്കാതെ
അരിശം കൊണ്ട്
ചാഞ്ഞും ചെരിഞ്ഞും...

അതിനെയൊക്കെ
കൊത്തിയും അറുത്തും
അമ്മാനമാടാൻ
ഇമയനക്കാതെ
ദിക്കുകൾ തോറും
മുന വച്ചു വരുന്നുണ്ട്
നാവുകൾ
നിറഞ്ഞു കവിയാനും വേണ്ടി
കണ്ണുകളും കാതുകളും....!

Comments

Popular posts from this blog