തുരങ്കം തുറക്കുന്നതിനല്പം മുമ്പ്
*********************************************
മുന്നിലാരോ വന്ന്
കൈ കാണിച്ചെന്ന
വിറയലിൽ... വണ്ടി ശങ്കിച്ചു നിന്നത് ?


കൂട്ടത്തോടെ
സ്വപ്നക്കൂടുകൾ
പൊട്ടിത്തകർന്നു
നനുത്ത ചിറകു തുണ്ടങ്ങൾ
ഇരുട്ടിൽ
ചിതറിയതാരും കണ്ടില്ല....

യാത്ര നിലച്ച ജീവിതം കണ്ട്
ഭയങ്ങൾ
പ്രേതഭൂതങ്ങളായി
പുറത്തേക്കു ചാടി...

ഒരേയൊരു യാത്രികൻ
പലരും ഒപ്പം
മെയ്യുരുമ്മിയിരിപ്പുണ്ടെന്ന
പാഴ്ധാരണയ്ക്കു മേൽ
ഉറച്ചിരിപ്പാണ്.

അകം പുറം
അണഞ്ഞു പോയ
ഒന്നുമില്ലായ്മയിലേക്ക്
ഉറ്റു നോക്കി
ഉള്ളിൽ നിന്നും
ഉരുക്കിക്കത്തിച്ച
ഒരു തീ വെട്ടത്തെ
തൊടുത്തു വിട്ടതും...

എന്തോ മിണ്ടിപ്പറഞ്ഞു
ആരോ ചെവിക്കൊണ്ടു
എന്ന പോലെ
ഗുഹാമുഖത്ത്
തുണ്ടു തരിയുണ്ടെന്നും
കിളിയുമ്മകൾ കിന്നരിക്കുന്നെന്നും
ഇലച്ചാർത്ത്
നിഗളിക്കുന്നുണ്ടെന്നും
കൊത്താം കല്ലാടിയിരമ്പി
അരുവിത്തുടിപ്പോടുന്നെന്നും
നീലാകാശത്തിലേക്ക്
പാഞ്ഞു കേറാൻ
ഇനിയും ദൂരമുണ്ടെന്നും

വണ്ടിയൊരു ചാട്ടം
ഇനി പടയോട്ടം.

Comments

Popular posts from this blog