കുഞ്ഞുടുപ്പ്

****************
പിറക്കും മുമ്പെ,
ചുണ്ടനക്കമറിഞ്ഞ്
മിഴിമുറുക്കം മുത്തി
കൊഞ്ചൽനാദം കേട്ട്
കുഞ്ഞുതൊഴികളുടെ അളവെടുത്ത്
വെക്കം വളരും വയറിന്റെ
വിശപ്പറിഞ്ഞ്
സ്വപ്നവർണ്ണങ്ങളിഴചേർത്ത്
അമ്മഹൃദയത്തിലെ സ്നേഹത്തുമ്പുക
നെയ്തെടുത്തു തുന്നിയതാണീ
കുഞ്ഞുടുപ്പ് !

പൊന്നു മക്കൾക്ക്,
അവരുടെ മക്കൾക്ക്
വരാനുള്ള മക്കൾപ്പരമ്പരകൾക്ക്
ഇഴമുറിയാതെ,പിന്നിക്കീറാതെ
അമ്മത്തായ് വഴി കാക്കാനീ കുഞ്ഞുടുപ്പ് !

പൂഞ്ചിറകുകൾ വിരുത്തും ഞൊറികൾ
അരഞ്ഞാൺദൃഢതപോലെയുറച്ചരയി
ഉയരുന്ന കാറ്റിരമ്പങ്ങളിലാടിയുയർന്നാലും
ഊഷരതയിൽ, പൊങ്ങിപ്പറന്നാലും
നേർത്തുവരും സായന്തനങ്ങളിലേയ്ക്ക്
ഒട്ടിയടുക്കുമെന്ന സാന്ത്വനം
അരക്കുറപ്പിനുവേണ്ടിയലംകൃതമീ
കുഞ്ഞുടുപ്പ് !

അവർ പോയ വഴികളെങ്ങോ
കടൽ ചാടി, യിടയ്ക്കു മല പെരുത്ത്
മറവിക്കാടു മുറ്റിത്തഴച്ച്
അമ്മനോട്ടം പകച്ചു വെളുത്ത്
വായ്ക്കരിയ്ക്കു വെള്ളപുതച്ചു-
നിലംനിവർന്നു ദാഹിച്ചപ്പോൾ
ഏതോ കൈകൾ, നിർജ്ജീവതയിൽ

കാണിക്ക വച്ചു, അതേ കുഞ്ഞുടുപ്പ് !

Comments

Popular posts from this blog