പ്രവാസം
--- ഗീത മുന്നൂർക്കോട് ---

ആദ്യത്തെ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൽ ചൂണ്ടിപ്പറഞ്ഞു

ഒരു പാതാളഭരണി നിറച്ച കടങ്ങളിൽ നിന്നാണ്
നീ കുതിച്ച് ചാടി അകലങ്ങളിൽ പറന്നു വീണതെന്ന്
അതു കൊണ്ട്
അച്ഛന്റെ ബാദ്ധ്യതകൾ വരച്ച
നെറ്റിച്ചുളിവുകൾ നിവർത്തി.

എടുക്കണമെന്നോർത്ത്
അറിഞ്ഞും കൊണ്ടെടുക്കാതെ പോയ
അടുത്ത ടിക്കറ്റിൽ കുറിച്ചത്
കുഞ്ഞു പെങ്ങളുടെ മോഹങ്ങളെ
മറ്റൊരിടത്ത് കുടിയിരുത്താനും
അമ്മയുടെ പുകച്ചൂരുകളെ
പുത്തനടുപ്പിൽ വച്ച് ആവിയാക്കാനും

ഇനിയൊരിക്കൽ
അനിയച്ചാർക്ക് കുറെ
ബിരുദക്കുപ്പായങ്ങളും തൊപ്പികളും
വാങ്ങിക്കൊടുത്തു

തത്രപ്പാടുകളിലൊരുത്തിയെ
എന്റെ കൂട്ടിലേക്ക് വിളിക്കാൻ
ആദ്യമായി മടങ്ങിയത്.
ഭാവിയെന്നൊരു കൂറ്റനാകശം കണ്ട് ഭയന്ന്
പിന്നെയും പ്രവാസി തന്നെയാകുന്നു ഞാൻ !

തുടങ്ങിയിട്ടുണ്ട് അടുത്ത
മടക്കത്തിനുള്ള ഒരുക്കങ്ങൾ
തിരിച്ചെത്തണം…….

ആർഭാടമാക്കപ്പെട്ട ഒരു പ്രണയ പർവ്വത്തിൽ
ഞാൻ കൊടുത്ത ചുംബനങ്ങളെയെല്ലാം
പെറുക്കിക്കൂട്ടിയവൾ
കണ്ണിൽ നിന്നും വറ്റിച്ചെടുത്ത ഉപ്പിൽ തിരുമ്മി
സൂക്ഷിക്കുന്നത്
പൂപ്പലേറും മുമ്പ്

പകരം ഞാനെടുത്ത
എന്നേ മുളയിട്ട് മുറ്റി നിൽക്കുന്ന
സുഖസാന്ദ്രനിർവൃതികൾ
ക്ഷീണിക്കും മുമ്പ്

അച്ഛന്റെ നിവർന്ന നെഞ്ചിൻ കൂട് പാടത്തുലാത്തുന്നത്
ഊന്നുവടിയിലേക്ക് ചായും മുമ്പ്
മുത്തശ്ശിയുടെ കമ്പിളിമോഹങ്ങൾ
വെള്ള പുതക്കും മുമ്പ്.
അമ്മസ്നേഹമുണ്ണാൻ ആർത്തിയെടുത്ത്

വേണം.
അടുത്തത്
സ്ഥായിയായ മടക്കയാത്രക്ക്
ഒരു ടിക്കറ്റ്.Comments

  1. സ്വപ്നത്തിലേയ്ക്ക് ഒരു ടിക്കറ്റും എടുത്ത് വച്ചവരാണ് പ്രവാസികള്‍

    ReplyDelete
    Replies
    1. ആ ടിക്കറ്റ് സ്വപ്നസാക്ഷാത്ക്കാരത്തിലേക്കു പറത്തും വരെ....

      Delete

Post a Comment