വസ്ത്രവിലാപം
-- ഗീത മുന്നൂർക്കോട് --
ആരാധകരെ
വിളിച്ചു കൂട്ടുമ്പോൾ
വസ്ത്രങ്ങൾക്കുമുണ്ടാകുന്നുണ്ട്
പ്രണയമുണരുന്ന
രോമാഞ്ചം !

തിളക്കങ്ങളോടും മിനുക്കങ്ങളോടും
തൊട്ടും മിണ്ടിയും
കിന്നരിച്ചും
ചിരിച്ചു മിന്നിയും
ആൾക്കൂട്ടം
ചുറ്റി വരിയുമ്പോൾ
കൺ തിളക്കങ്ങളുടെ
ഒരാർത്തി കാണണം.

മൂല്യവിസ്താരങ്ങളിലേയ്ക്ക്
കൂപ്പും കുത്തി വീണാലും വേണ്ടില്ല
കൈയ്യെത്തുന്നതൊക്കെ
കണ്ണെത്തുന്നതൊക്കെ
മനസ്സിൽ നിറയ്ക്കുമവർ
അതൊരു പ്രത്യേക സുഖം തന്നെ !

അപ്പോഴാണ്
ആധി കൂടുക
വെട്ടിയും ചുരുങ്ങിയും
വേദനിക്കേണ്ടി വരിക
കുഞ്ഞുതുണ്ടുകൾപ്പോലും
ശേഷിക്കില്ല..
മുക്കിലും മൂലക്കും കിട്ടും
യന്ത്രക്കൊത്തുകൾ.

കാലാവസ്ഥയ്ക്കൊപ്പമുണ്ട്
മറ്റു ചില ദുരന്ത യാത്രകൾ
നീണ്ടും കുറുകിയും
അയഞ്ഞും ഇറുകിയും
കനത്തും മെലിഞ്ഞും
ഹൊ! വയ്യേ വയ്യേന്നായിട്ടുണ്ട്
വേവലാതികൾ

മഴവർണ്ണങ്ങളായൊന്നൊഴുകിയാലോ
വെയിലിലൊന്ന് കുളിച്ച്
നിറം തുവർത്തിയാലോ
പോയി
ഇവരൊക്കെ കാണുന്ന ആ അഴക്

പിന്നെയുണ്ട്
ഉപേക്ഷിക്കപ്പെട്ടവരുടെ ആലയങ്ങൾ

പാവപ്പെട്ടവർ
മനസ്സില്ലാതെയെങ്കിലും
സൂചി കുത്തിക്കുത്തി
ഏച്ചു നോവിക്കുമ്പോൾ.
മുഴച്ചു വരും
ഒരു വേദന.

എന്നാലും സ്നേഹമുള്ളവരിവർ
എന്നോർക്കും..
എത്ര പിന്നിയാലും
വഴിയിലേയ്ക്കെറിയാത്തവർ

പ്ന്നെയുമുണ്ടല്ലോ
വാർദ്ധകത്തിന്റെ
പിന്നിക്കീറലുകളുടെ നാളുകൾ

തീർന്നു അതോടെ
ആരെങ്കിലും
കോർപറേഷൻ ചവറ്റു കൂനയിലൊന്നിൽ
ഉണങ്ങുന്ന നാറത്തേപ്പിനെ
തീയിട്ടു സംസ്ക്കരിക്കും
ബലിതർപ്പണങ്ങളില്ലാതെ
ഒരു ചാവുകാലത്തിലേയ്ക്ക്.


Comments

  1. വസ്ത്രങ്ങള്‍ക്കുമുണ്ട് പറയാന്‍!!

    ReplyDelete
  2. അതെ...എന്നാൽ എല്ലാവരേയും പോലേത്തന്നെ അവരും വിലപിക്കുന്നു...

    ReplyDelete

Post a Comment