കട്ടെഴുത്തിന്
---ഗീത മുന്നൂർക്കോട്---

ഇനിയൊരാഴ്ച്ച.
ഡാഇനീം തൊടങ്ങീല്ലേ.‘
കൊല്ലപ്പരീക്ഷയാ.
ഒരു കുത്തൽ..

കൈവിരലുകൾ മുറുക്കി
അക്ഷരങ്ങളെയിറുക്കി
വാക്യങ്ങളെക്കുറുക്കി
തുണ്ടുകളിൽ തിരുകിക്കേറ്റണം.
ഉത്തരങ്ങളെ ചികഞ്ഞു പിരിച്ച്
ചുരുട്ടണം
കുപ്പായത്തിലെ
കാണാച്ചുളിവുകളിലേക്ക്
ഒളിയാത്ര ചെയ്യിക്കണം
നടവഴികളിൽ
ചോരാനാകാ വിധം
ഉറച്ച ഒട്ടലുകളിൽ
പതിച്ചിരിക്കണം..

ചുറ്റുവട്ടച്ചങ്ങാതിമാരുടെ
വിരുതു പത്രങ്ങളിൽ
പരസ്പരം സംവദിക്കാൻ
ചതുരംഗച്ചുറ്റളവ് ഗണിക്കണം

കണ്ണ്, മൂക്ക്, വിരലാംഗ്യങ്ങൾക്ക്
വ്യംഗ്യം ഭാഷ ചുരുക്കി
കൽപ്പിച്ചഭ്യസിക്കണം.
കൂട്ടരെ അഭ്യസിപ്പിക്കണം..

പരീക്ഷാഹാളിലെത്താനിടയുള്ള
പ്രാപ്പിടിയൻ
ഇൻവിജിലേഷൻ തിരു നേത്രങ്ങളെ
നിശ്ചിത സമയങ്ങളിൽ
ലെഫ്റ്റ് ടേർൺറൈറ്റ് ടേർൺ
എബൌട്ട് ടേർൺചെയ്യിക്കാ
ടൈം ടേബിൾ ഉണ്ടാക്കണം

എല്ലാമൊരുക്കിയുറപ്പിച്ചാലും
ഉത്തരക്കടലാസുകൾ
പൊടുന്നനെ നിറയുന്ന
അത്ഭുതത്തിലെങ്ങാൻ
ഒരതിസൂക്ഷ്മത വന്ന്
തൊണ്ടി കണ്ടെത്തിയാൽ
തുണ്ടുകളിൽ കൊരുത്തു വച്ച
പ്രയാസങ്ങളെ
മൊത്തമായി
ആമാശയത്തിലേക്ക്
വിഴുങ്ങണം

എന്നിട്ടാകണം
മാർക്കുകൾ
നിർല്ലോഭം വീണു കിട്ടുന്ന
സ്വപ്നങ്ങൾ മെനയുന്നത്

ഹോ !
ഒരാണ്ടുകാലത്തെ മുഴുവൻ
ചില്ലറ നാളുകളിലേക്ക്
സമവാക്യങ്ങളാക്കുമ്പോൾ
നീയേ ബുദ്ധിരാക്ഷസൻ
എന്ന്
സത്യാത്മാക്കൾ
എന്തേ അറിഞ്ഞ്
സമ്മതിക്കാത്തത്?


Comments

Post a Comment

Popular posts from this blog